| Friday, 15th May 2026, 10:56 am

ചോദ്യപേപ്പര്‍ ചോര്‍ച്ച; നീറ്റ് പുനപരീക്ഷ ജൂണ്‍ 21ന്

നിഷാന. വി.വി

ന്യൂദല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ മെഡിക്കല്‍ എന്‍ഡ്രന്‍സ് പരീക്ഷയായ നീറ്റ് പുനപരീക്ഷ ജൂണ്‍ 21ന് നടക്കുമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി.

ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് പരീക്ഷ റദ്ദാക്കിയിരുന്നു. വലിയ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് മെയ് മൂന്നിന് നടത്തിയ പരീക്ഷ കേന്ദ്ര സര്‍ക്കാര്‍ അനുമതിയോടെ ഏജന്‍സി റദ്ദാക്കിയിയത്. എത്രയും വേഗം പുനപരീക്ഷ നടത്തണമെന്ന് ഓള്‍ ഇന്ത്യ മെഡിക്കല്‍ അസോസിയേഷന്‍ ഫെഡറേഷന്‍ ആവശ്യപ്പെട്ടിരുന്നു.

പരീക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കും മറ്റ് ആധികാരിക അപ്‌ഡേറ്റുകള്‍ക്കും ഔദ്യോഗിക ആശയവിനിമയ ചാനലുകളെ മാത്രം ആശ്രയിക്കണമെന്നും ഏജന്‍സി വിദ്യാര്‍ത്ഥികളോടും രക്ഷിതാക്കളോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. നേരത്തെ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ വീണ്ടും ഫീസ് അടയ്‌ക്കേണ്ടതില്ലെന്നും അധികൃതര്‍ അറിയിച്ചു.

പരീക്ഷാ കേന്ദ്രങ്ങള്‍ ഒരുക്കുന്നതക്കമുള്ള നടപടികളിലേക്ക് കടന്നതായി എന്‍.ടി.എ( നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി) യും വിദ്യാഭ്യാസമന്ത്രാലയവും അറിയിച്ചു. പ്രവേശനം വൈകരുത് എന്ന ലക്ഷ്യത്തോടെയാണ് അടിയന്തര നടപടികള്‍ ഊര്‍ജ്ജിതമാക്കിയത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ ഇന്നലെ ഉന്നതതല യോഗം ചേര്‍ന്നിരുന്നു പിന്നാലെയാണ് നടപടി.

മാതൃകാ ചോദ്യപേപ്പറിലെ 410 ല്‍ 135 ചോദ്യങ്ങളും ആവര്‍ത്തിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ചോദ്യപേപ്പര്‍ ചോര്‍ന്നതായി കണ്ടെത്തിയത്. കെമിസ്ട്രി, ബയോളജി വിഭാഗങ്ങളില്‍ മാതൃകാ ചോദ്യപേപ്പറിലെ ചോദ്യങ്ങള്‍ ഉള്‍പ്പെട്ടതായി അന്വേഷണം നടത്തിയ രാജസ്ഥാന്‍ സ്‌പെഷല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് എ.ഡി.ജി.പി വിശാല്‍ ബന്‍സാല്‍ അറിയിച്ചതിനെ തുടര്‍ന്നാണ് നാഷണല്‍ ടെസ്റ്റിങ് ഏജസി പരീക്ഷ റദ്ദാക്കിയത്.

വാട്‌സാപ്പിലൂടെയും മറ്റ് സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലൂടെയും ചോദ്യപേപ്പര്‍ പ്രചരിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. 180 ചോദ്യങ്ങളുള്ള പരീക്ഷയില്‍ 135 ചോദ്യങ്ങളും മാതൃക ചോദ്യപേപ്പറിലേതുതന്നെയായിരുന്നു.

ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ നിന്നും രാജസ്ഥാനിലെ സീക്കര്‍, ജയ്പുര്‍, കോട്ട എന്നിവിടങ്ങളില്‍നിന്നും ആകെ 12 പേരെയാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്. സീക്കറിലെ എന്‍ട്രന്‍സ് പരിശീലനസ്ഥാപനം വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ മാതൃകാ പരീക്ഷാപേപ്പറിലെ ചോദ്യങ്ങളാണ് നീറ്റ് പരീക്ഷയില്‍ ആവര്‍ത്തിച്ചത്. ഇത് കേരളം, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും കൈമാറിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.

രാജ്യത്തുടനീളം 23 ലക്ഷം വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയിരുന്നു.
ഇതിനെതിരെ എസ്.എഫ്.ഐ, എന്‍.എസ്.യു.ഐ ഉള്‍പ്പടെയുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മുമ്പ് നെറ്റ് പരീക്ഷയും സമാനമായ സാഹചര്യത്തില്‍ റദ്ദാക്കിയിട്ടുണ്ട്.

Content Highlight:  Question paper leak; NEET re-exam to be held on June 21

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more