| Saturday, 4th October 2025, 3:23 pm

കല്യാണപ്പെണ്ണിന്റെ പ്രതികാരം വീണ്ടും ബിഗ് സ്‌ക്രീനില്‍, ടാരന്റിനോയുടെ ക്ലാസിക് ചിത്രം റീ റിലീസിന്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലോകമെമ്പാടും ആരാധകരുള്ള സംവിധായകരിലൊരാളാണ് ക്വിന്റണ്‍ ടാരന്റിനോ. കണ്ടുശീലിച്ച കഥപറച്ചിലില്‍ നിന്ന് വ്യത്യസ്തമായി തന്റേതായ രീതിയില്‍ സിനിമകള്‍ നിര്‍മിച്ച് പ്രേക്ഷകപ്രീതി സ്വന്തമാക്കാന്‍ ടാരന്റിനോക്ക് സാധിച്ചിട്ടുണ്ട്. ആദ്യ ചിത്രമായ പള്‍പ്പ് ഫിക്ഷന്‍ മുതല്‍ ഏറ്റവുമൊടുവില്‍ വന്ന വണ്‍സ് അപോണ്‍ എ ടൈം ഇന്‍ ഹോളിവുഡ് വരെ ടാരന്റിനോ തന്റെ മേക്കിങ് കൊണ്ട് ഞെട്ടിച്ചിട്ടുണ്ട്.

ടാരന്റിനോയുടെ കരിയറില്‍ ഏറ്റവുമധികം ഫാന്‍ ഫോളോയിങ്ങുള്ള ചിത്രങ്ങളിലൊന്നാണ് കില്‍ ബില്‍. രണ്ട് ഭാഗങ്ങളിലായി പുറത്തിറങ്ങിയ ആക്ഷന്‍ ഡ്രാമ സിനിമാപ്രേമികള്‍ക്കൊരു പാഠപുസ്തകമാണ്. ഉമ തുര്‍മാന്‍ എന്ന നായികയുടെ കരിയര്‍ ബെസ്റ്റ് പ്രകടനമായിരുന്നു കില്‍ ബിലില്‍ കാണാന്‍ സാധിച്ചത്. ആക്ഷനൊപ്പം വയലന്‍സിന്റെ അതിപ്രസരവും ഉള്ള ചിത്രം റീ റിലീസിനൊരുങ്ങുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്.

രണ്ട് ഭാഗങ്ങളും ഒരുമിച്ച് ചേര്‍ത്ത് ഒറ്റ ഭാഗമായിട്ടാകും ചിത്രം വീണ്ടും പുറത്തിറങ്ങുകയെന്ന് സംവിധായകന്‍ ടാരന്റിനോ അറിയിച്ചിരുന്നു. മൂന്നര മണിക്കൂറുള്ള ഒരൊറ്റ സിനിമയായി കില്‍ ബില്‍ വീണ്ടും തിയേറ്ററുകളിലെത്തുമെന്നും ഏഴ് മിനിറ്റോളം ദൈര്‍ഘ്യമുള്ള അനിമേഷന്‍ സീക്വന്‍സും ചിത്രത്തില്‍ കൂട്ടിച്ചേര്‍ക്കുമെന്നും അദ്ദേഹം അറിയിച്ചു.

35 mm, 70mm ഫോര്‍മാറ്റുകളിലായിരിക്കും ചിത്രം തിയേറ്ററുകളിലെത്തുകയെന്നും ടാരന്റിനോ കൂട്ടിച്ചേര്‍ത്തു. 2004ല്‍ കില്‍ ബില്‍ 2 ഹിറ്റായതിന് പിന്നാലെ താന്‍ ഇത്തരത്തില്‍ മൂന്ന് മണിക്കൂറുള്ള ഒരൊറ്റ ഭാഗം റിലീസ് ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ അന്ന് ആരും അതിനെ പ്രോത്സാഹിപ്പിച്ചിരുന്നില്ലെന്നും അതിനാല്‍ ആ ശ്രമം ഉപേക്ഷിച്ചെന്നും ടാരന്റിനോ പറഞ്ഞു.

ആക്ഷനും ഡ്രാമയും സമാസമം ചേര്‍ത്ത് ഒരുക്കിയ ക്ലാസിക് ചിത്രമാണ് കില്‍ ബില്‍ ഫ്രാഞ്ചൈസി. 2003ലാണ് ചിത്രത്തിന്റെ ആദ്യഭാഗം പുറത്തിറങ്ങിയത്. അമേരിക്കയിലെ അസാസിനേഷന്‍ സ്‌ക്വാഡില്‍ നിന്ന് പിരിഞ്ഞ് വിവാഹജീവിതത്തിലേക്ക് കടക്കുന്ന നായികയെ വിവാഹത്തിന്റെ അന്ന് സംഘത്തിന്റെ തലവന്‍ കൊല്ലാന്‍ ശ്രമിക്കുന്നതും അവള്‍ തിരിച്ചുവന്ന് പ്രതികാരം ചെയ്യുന്നതുമാണ് ചിത്രത്തിന്റെ കഥ.

അതുവരെ സിനിമാലോകം കണ്ടുശീലിച്ചതില്‍ നിന്ന് വേറിട്ട ട്രീറ്റ്‌മെന്റായിരുന്നു കില്‍ ബില്ലിന്റേത്. അമിതമായ വയലന്‍സുള്ള രംഗങ്ങളില്‍ അനിമേഷന്‍ സീക്വന്‍സ് ഉപയോഗിച്ചത് പുതിയ അനുഭവമായിരുന്നു. 21 വര്‍ഷങ്ങള്‍ക്ക് ശേഷം കില്‍ ബില്‍: ദി ഹോള്‍ ബോഡി അഫയര്‍ എന്ന പേരില്‍ ഒറ്റ ഭാഗമായി വരുന്ന ചിത്രത്തിനായി സിനിമാപ്രേമികള്‍ കാത്തിരിക്കുകയാണ്. ഡിസംബര്‍ അഞ്ചിനാണ് ചിത്രത്തിന്റെ റിലീസ്.

Content Highlight: Quentin Tarantino’s Kill Bill re release as single part in this year

We use cookies to give you the best possible experience. Learn more