| Saturday, 30th August 2025, 10:38 pm

നവംബറിലെ ക്വാഡ് ഉച്ചകോടി, ട്രംപ് ഇന്ത്യാ സന്ദര്‍ശനം ഒഴിവാക്കിയേക്കും; റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ഈ വര്‍ഷാവസാനം നടക്കുന്ന ക്വാഡ് ഉച്ചകോടിക്കായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയിലേക്ക് വരില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ട്രംപ് – മോദി ബന്ധത്തെ കുറിച്ച് പരാമര്‍ശിക്കുന്ന ഒരു ലേഖനത്തില്‍ ന്യൂയോര്‍ക്ക് ടൈംസാണ് ഈ കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ട്രംപ് ഇന്ത്യയുടെ മേല്‍ അധിക തീരുവ ഏര്‍പ്പെടുത്തിയതിന്റെ പശ്ചാത്തലത്തില്‍ ഈ വാര്‍ത്തക്ക് ഏറെ പ്രധാന്യമുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് വൈറ്റ് ഹൗസിന്റെയോ ന്യൂദല്‍ഹിയുടെയോ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തുവന്നിട്ടില്ല.

2025ലെ ക്വാഡ് ഉച്ചകോടിക്ക് വേണ്ടി ന്യൂദല്‍ഹിയില്‍ ഇന്ത്യയാണ് ആതിഥേയത്വം വഹിക്കുന്നത്. അമേരിക്ക, ഇന്ത്യ, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ക്കിടയിലുള്ള സഹകരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു തന്ത്രപരമായ വേദിയാണ് ക്വാഡ് ഉച്ചകോടി.

ഇന്തോ-പസഫിക് മേഖലാ സുരക്ഷയിലും ഈ ഉച്ചകോടി ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. അതേസമയം ട്രംപ് പ്രസിഡന്റായതിന് ശേഷം ജനുവരിയില്‍ ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗം വിളിച്ചുകൂട്ടിയിരുന്നു.

അതേസമയം റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഇന്ത്യന്‍ സന്ദര്‍ശനത്തിന് ഒരുങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഡിസംബറില്‍ പുടിന്റെ ഔദ്യോഗിക ഇന്ത്യന്‍ സന്ദര്‍ശനമുണ്ടാകുമെന്ന് റഷ്യന്‍ വക്താവ് അറിയിക്കുകയായിരുന്നു.

റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യക്ക് മേല്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധിക തീരുവ ചുമത്തിയ സാഹചര്യത്തില്‍ പുടിന്റെ ഇന്ത്യ സന്ദര്‍ശനത്തിന് ഏറെ പ്രാധാന്യമുണ്ട്. ചൈനയിലെ എസ്.സി.ഒ ഉച്ചകോടിയില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുകയാണ് പുടിനെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Content Highlight: Quad Summit in November, Trump’s India visit may be canceled: Report

We use cookies to give you the best possible experience. Learn more