ദോഹ: ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രഈല്‍ ഖത്തറില്‍ നടത്തിയ ആക്രമണത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഖത്തര്‍ പ്രധാന മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍ ബിന്‍ ജാസിം അല്‍ താനി.
നെതന്യാഹുവിന്റെ പ്രവര്‍ത്തിയില്‍ തങ്ങള്‍ ഏറെ രോഷാകുലരാണെന്നും, ഇസ്രഈല്‍ പ്രധാനമന്ത്രി എല്ലാ തരത്തിലുമുള്ള അന്താരാഷ്ട്ര നിയമങ്ങളും ലംഘിച്ചെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. സി.എന്‍.എന്നിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഷെയ്ഖ് മുഹമ്മദ്.
‘അവരുടെ ഈ നടപടിയില്‍ ഞങ്ങള്‍ എത്രത്തോളം രോഷാകുലരാണെന്ന് പ്രകടിപ്പിക്കാന്‍ വാക്കുകളില്ല. ഇത് തീര്‍ത്തും ഭീകരതയാണ്. ഞങ്ങള്‍ വഞ്ചിക്കപ്പെട്ടിരിക്കുകയാണ്,’ ഖത്തര്‍ പ്രധാനമന്ത്രി പറഞ്ഞു.
ഇസ്രഈലിന്റെ ഈ പ്രവര്‍ത്തി ഗസയിലെ ഓരോ ബന്ദികളുടെയും പ്രതീക്ഷ ഇല്ലാതാക്കുന്ന പ്രവൃത്തിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇസ്രഈല്‍ പ്രധാനമന്ത്രിയെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരേണ്ടതുണ്ടെന്നും ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍ ബിന്‍ ജാസിം അല്‍ താനി പറഞ്ഞു.
‘അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അന്വേഷിക്കുന്ന വ്യക്തിയാണ് ഇസ്രഈല്‍ പ്രധാനമന്ത്രി. അദ്ദേഹത്തെ പോലെ ഒരാളാണ് നിയമങ്ങളെ കുറിച്ച് സംസാരിക്കാന്‍ ശ്രമിക്കുന്നത്. ഇന്ന് അദ്ദേഹം എല്ലാ അന്താരാഷ്ട്ര നിയമങ്ങളും ലംഘിച്ചു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഇത് ഖത്തറിന് നേരെയുള്ള ആക്രമണമല്ല, മറിച്ച് ഹമാസിന് നേരെയുള്ള ആക്രമണമാണെന്നായിരുന്നു യു.എന്നിലെ ഇസ്രഈല്‍ അംബാസഡറായ ഡാനി ഡാനന്റെ ന്യായീകരണം. ‘ഇത് ഒരിക്കലും ഖത്തറിന് നേരെയുള്ള ആക്രമണമല്ല, മറിച്ച് ഇത് ഹമാസിന് നേരെയുള്ള ആക്രമണമാണ്,’ ഇസ്രഈല്‍ റേഡിയോയിലൂടെ ഡാനന്‍ പറഞ്ഞു.
ഖത്തറിലെ ഇസ്രഈല്‍ ആക്രമണത്തില്‍ ഹമാസ് നേതാക്കളടക്കം ആറ് പേര്‍ കൊല്ലപ്പെട്ടിരുന്നു.
ഖത്തറില്‍ ചര്‍ച്ചയ്ക്കെത്തിയ ഹമാസിന്റെ പ്രധാന നേതാവ് ഖലീല്‍ അല്‍-ഹയ്യ, ചീഫ് ഫിനാന്‍ഷ്യല്‍ അഡ്മിനിസ്‌ട്രേറ്റര്‍ സാഹര്‍ ജബരിന്‍ ഉള്‍പ്പടെയുള്ളവരെ ലക്ഷ്യമിട്ടായിരുന്നു ഇസ്രഈലിന്റെ ആക്രമണം. ആക്രമണത്തില്‍ പരിക്കേല്‍ക്കാതെ മുതിര്‍ന്ന നേതാക്കള്‍ രക്ഷപ്പെട്ടെങ്കിലും അല്‍-ഹയ്യയുടെ മകനുള്‍പ്പടെ അഞ്ച് ഹമാസ് അംഗങ്ങള്‍ കൊല്ലപ്പെട്ടു.
അല്‍-ഹയ്യയുടെ മകന്‍ ഹുമാം അല്‍-ഹയ്യ, ഓഫീസ് ഡയറക്ടര്‍ ജിഹാദ് ലബാദ്, സുരക്ഷാ ഉദ്യോഗസ്ഥരായ അബ്ദുല്ല അബ്ദുല്‍ വാഹിദ്, മുഅമന്‍ ഹസൗന, അഹ്‌മദ് അല്‍-മംലുക്ക് എന്നിവരാണ് കൊല്ലപ്പെട്ടത്.
ഈസ്രഈലിന്റെ ആക്രമണത്തെ അപലപിച്ച് യു.കെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.
ഖത്തറിന്റെ പരമധികാരത്തെ ലംഘിക്കുകയും മേഖലയിലുടനീളം കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുന്നതുമായ ദോഹയിലെ ഇസ്രഈല്‍ ആക്രമണത്തെ താന്‍ അപലപിക്കുന്നുവെന്ന് എക്സിലെഴുതിയ പോസ്റ്റില്‍ സ്റ്റാര്‍മര്‍ വ്യക്തമാക്കി.
അടിയന്തര വെടിനിര്‍ത്തല്‍, ബന്ദിമോചനം, ഗസയിലേക്കുള്ള സഹായങ്ങള്‍ വര്‍ധിപ്പിക്കുക ഇതിനായിരിക്കണം മുന്‍ഗണന നല്‍കേണ്ടതെന്ന് പറഞ്ഞ സ്റ്റാര്‍മര്‍, ദീര്‍ഘകാല സമാധാനത്തിനുള്ള ഏക പോംവഴി ഇത് മാത്രമാണെന്നും കൂട്ടിച്ചേര്‍ത്തു.
Content Highlight: Qatari PM calls for Benjamin Netanyahu to be brought to justice