| Tuesday, 10th March 2026, 2:55 pm

ഇറാനെതിരായ ആക്രമണം ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കും; ട്രംപിന് മുന്നറിയിപ്പുമായി ഖത്തര്‍ അമീര്‍

അനിത സി

ദോഹ: പശ്ചിമേഷ്യയില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ അന്താരാഷ്ട്ര സുരക്ഷയ്ക്കും സമാധാനത്തിനും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മുന്നറിയിപ്പ് നല്‍കി ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍ താനി.

ശനിയാഴ്ച ട്രംപുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ഖത്തര്‍ ആമീര്‍ മുന്നറിയിപ്പ് നല്‍കിയതെന്ന് ഔദ്യോഗിക ഖത്തര്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഖത്തര്‍ ഉള്‍പ്പടെയുള്ള പശ്ചിമേഷ്യന്‍ രാജ്യങ്ങളെ ലക്ഷ്യമിട്ട് നടക്കുന്ന ആക്രമണങ്ങള്‍ വര്‍ധിക്കുന്നത് സംബന്ധിച്ചായിരുന്നു ഇരു രാഷ്ട്രങ്ങളുടെയും തലവന്‍മാര്‍ ചര്‍ച്ച നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവിലെ സാഹചര്യം രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആപേക്ഷികമായ സമാധാനം നിലനിര്‍ത്തിയിരുന്ന അന്താരാഷ്ട്ര സുരക്ഷാഘടനയെ ദുര്‍ബലപ്പെടുത്തുമെന്നും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെയ്ക്കുമെന്നും ഖത്തര്‍ അമീര്‍ വിശദീകരിച്ചു. ഈ പ്രതിസന്ധി കഠിനമായ പരിശ്രമത്തിലൂടെ പരിഹരിക്കണമെന്ന ആവശ്യം ഖത്തര്‍ അമീര്‍ ആവര്‍ത്തിച്ചു.

ഖത്തറിന്റെ പരമാധികാരം, സുരക്ഷ, ദേശീയ താത്പര്യങ്ങള്‍ എന്നിവ സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അല്‍ താനി പറഞ്ഞു.

പ്രാദേശികവും അന്തര്‍ദേശീയവുമായ സ്ഥിരത നിലനിര്‍ത്തുന്നതിനായി ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര ശ്രമങ്ങളുടെ ആവശ്യകതയെ കുറിച്ച് ട്രംപും ഖത്തര്‍ അമീറും സംസാരിച്ചു.

എന്നാല്‍, ഇരുരാഷ്ട്രങ്ങളും ചര്‍ച്ചയ്ക്ക് ശേഷം പ്രത്യേകമായ നടപടികള്‍ സ്വീകരിക്കുന്നതിനെ കുറിച്ച് പ്രഖ്യാപിച്ചിട്ടില്ല.

പശ്ചിമേഷ്യയില്‍ യു.എസിന്റെ ഏറ്റവും വലിയ സൈനിക താവളം നിലനില്‍ക്കുന്നത് ഖത്തറിലാണ്. ഖത്തറിന് നേരെയുണ്ടായ ഇറാന്‍ ആക്രമണങ്ങളില്‍ നിരവധി കെട്ടിടങ്ങള്‍ക്കും പൊതുജനങ്ങളുടെ സമ്പത്തിനും നാശനഷ്ടങ്ങളുണ്ടായെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഫെബ്രുവരി 28ന് ഇറാന് നേരെ യു.എസും ഇസ്രഈലും മുന്നറിയിപ്പില്ലാതെ ആക്രമണം ആരംഭിച്ചത്. പിന്നാലെ ഇറാന്‍ പശ്ചിമേഷ്യയിലെ യു.എസിന്റെ താവളങ്ങള്‍ ലക്ഷ്യമാക്കി വ്യോമാക്രമണം നടത്തിയിരുന്നു. ഇതോടെയാണ് പശ്ചിമേഷ്യയിലാകെ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.

അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള ആക്രമണങ്ങളെ പ്രതിരോധിക്കുക മാത്രമാണ് ഇറാന്‍ ചെയ്യുന്നതെന്നും ഇങ്ങോട്ട് ആക്രമണം നടത്തുന്നില്ലെങ്കില്‍ തിരിച്ചാക്രമിക്കില്ലെന്നും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസസ്‌കിയാന്‍ പറഞ്ഞിരുന്നു.

Content Highlight: Qatar Emir warns Trump of serious consequences of attack on Iran

അനിത സി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more