| Friday, 21st February 2025, 9:14 am

ഖത്തര്‍ അമീറിന്റെ ഇന്ത്യാസന്ദര്‍ശനത്തിന്റെ നേട്ടവും അദാനിക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍ത്താനി ഇന്ത്യയിലേക്ക് എത്തുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പായി ഒരു ഖത്തര്‍ കമ്പനിയും അദാനി ഗ്രൂപ്പും പുതിയ സംയുക്ത സംരഭത്തില്‍ ഒപ്പുവെച്ചതായി റിപ്പോര്‍ട്ട്. അമീറിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് അഞ്ച് ദിവസം മുമ്പ് ഫെബ്രുവരി 12നാണ് പുതിയ സംരഭത്തില്‍ ഒപ്പുവെച്ചത്.

ഖത്തറിലെ ജമാല്‍ എ റബ് എ.എം അല്‍ യാഫി എന്ന വ്യക്തിയും കമ്പനിയുടെ ഭാഗമാണ്. എന്നാല്‍ സംരഭത്തിന്റെ 49 ശതമാനവും അദാനി ഗ്രൂപ്പിന്റേതാണ്. അല്‍ അന്നാബി മറൈന്‍ എന്നതാണ് പുതിയ കമ്പനി.

അദാനി പോര്‍ട്‌സ് ലിമിറ്റഡിന്റെ ഉപകമ്പനിയായ അദാനി ഹാര്‍ബര്‍ സര്‍വീസസും ഖത്തര്‍ കമ്പനിയായ സീഹൊറിസോണ്‍ ഓഫ്‌ഷോര്‍ മറൈന്‍ സര്‍വീസസുമാണ് സംയുക്തമായി സംരഭം ആരംഭിച്ചത്.

കപ്പലുകളുടെ മേല്‍നോട്ടവും മറ്റുമാണ് കമ്പനി നിര്‍വഹിക്കുകയെന്നും ദുബായ്, ഇസ്രഈല്‍, സമുദ്രസേവന മേഖല എന്നിവിടങ്ങളില്‍ ഇതിനായി അദാനി ഗ്രൂപ്പിന് കമ്പനിയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഖത്തറില്‍ കൂടി അദാനി ഗ്രൂപ്പിന്റെ സംരഭം വരുന്നതോടുകൂടി ഗ്രൂപ്പ് ഗള്‍ഫ് മേഖലയില്‍ കൂടുതല്‍ ശക്തി പ്രാപിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇത്തരത്തില്‍ ബംഗ്ലാദേശ്, ശ്രീലങ്ക, ഗ്രീസ്, ഇസ്രഈല്‍ തുടങ്ങിയ രാജ്യങ്ങളില്‍ മോദി സന്ദര്‍ശനം നടത്തിയതിന് പിന്നാലെ അദാനി നിരവധി നേട്ടങ്ങളുണ്ടാക്കിയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ദല്‍ഹിയില്‍ വിമാനമിറങ്ങിയ ഖത്തര്‍ അമീറിനെ പ്രോട്ടോക്കോള്‍ മറികടന്ന് വിമാനത്താവളത്തിലെത്തി പ്രധാനമന്ത്രി സ്വീകരിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഫെബ്രുവരി 17ന് വൈകുന്നേരമാണ് അമീര്‍ ഇന്ത്യയിലെത്തിയത്. വിമാനത്താവളത്തില്‍ നിന്നും റെഡ് കാര്‍പ്പറ്റില്‍ അമീറിനെ സ്വീകരിക്കുന്ന ചിത്രം പ്രധാനമന്ത്രി എക്‌സില്‍ പോസ്റ്റ് ചെയ്തിരുന്നു. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും മോദിക്കൊപ്പം വിമാനത്താവളത്തിലുണ്ടായിരുന്നു.

അമീറിന്റെ സന്ദര്‍ശനത്തില്‍ ഇരു രാജ്യങ്ങളും തങ്ങളുടെ ഉഭയകക്ഷി ബന്ധത്തെ തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള ഒരു കരാറില്‍ ഒപ്പുവച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 2015ന് ശേഷം അമീറിന്റെ രണ്ടാമത്തെ ഇന്ത്യാ സന്ദര്‍ശനമാണിത്.

Content Highlight: Qatar Emir’s visit to India; Adani wins

We use cookies to give you the best possible experience. Learn more