ദോഹ: ഖത്തറും ഇറാനും സംയുക്തമായി നിയന്ത്രിക്കുന്ന ഇറാന്റെ സൗത്ത് പാർസ് ഗ്യാസ് ഫീൽഡിന് നേരെയുള്ള ഇസ്രായേൽ ആക്രമണത്തെ ഖത്തർ വിദേശകാര്യ മന്ത്രാലയം അപലപിച്ചു.
‘ആഗോള ഊർജ സുരക്ഷയ്ക്ക് ഭീഷണിയാണ് ആക്രമണം,’ എന്നായിരുന്നു ഖത്തർ വിദേശകാര്യ മന്ത്രാലയം പറഞ്ഞത്.
ബുധനാഴ്ച നടന്ന ആക്രമണങ്ങളിൽ ഗ്യാസ് ഫീൽഡിന്റെ വാതക സംസ്‌കരണ കേന്ദ്രങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. ഈ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഇസ്രഈൽ ഏറ്റെടുത്തിട്ടില്ലെങ്കിലും, അമേരിക്കയുമായി ഏകോപിപ്പിച്ചുകൊണ്ട് ഇസ്രഈൽ സൈന്യമാണ് ഇത് നടത്തിയതെന്ന് അമേരിക്കൻ വാർത്ത ഏജൻസിയായ ആക്സിയോസ് റിപ്പോർട്ട് ചെയ്തു.
ഈ നാശനഷ്ടങ്ങൾക്ക് ഉത്തരവാദി ഇസ്രഈൽ ആണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മാജിദ് അൽ-അൻസാരി തന്റെ എക്സ് പോസ്റ്റിൽ കുറ്റപ്പെടുത്തി.
ഖത്തറിന്റെ വടക്കുഭാഗത്തുള്ള ഗ്യാസ്ഫീൽഡിന്റെ തുടർച്ചയായ ഇറാന്റെ സൗത്ത് പാർസ് ഗ്യാസ് ഫീൽഡിന് നേരെയുള്ള ആക്രമണം അപകടകരവും നിരുത്തരവാദപരവുമാണെന്ന് അദ്ദേഹം എക്‌സിൽ പ്രതികരിച്ചു.
ഊർജ മേഖലയെ ലക്ഷ്യമിടുന്നത് ആഗോള ഊർജ സുരക്ഷയ്ക്കും മേഖലയിലെ ജനങ്ങൾക്കും പരിസ്ഥിതിക്കും ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു .
സംഘർഷത്തിൽ ഉൾപ്പെട്ട എല്ലാ കക്ഷികളും സംയമനം പാലിക്കണമെന്നും സുപ്രധാന സംവിധാനങ്ങൾ ലക്ഷ്യമിടുന്നത് ഒഴിവാക്കണമെന്നും അൽ-അൻസാരി കൂട്ടിച്ചേർത്തു.
ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക ശേഖരമാണ് സൗത്ത് പാർസ് നോർത്ത് ഫീൽഡ്. ഏകദേശം 1800 ട്രില്യൺ ക്യൂബിക് അടി പ്രകൃതിവാതകം ഇവിടെയുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
ഭൂമിയിലെ മറ്റ് എല്ലാ ഗ്യാസ് ഫീൽഡുകളിലുമുള്ള ആകെ ശേഖരത്തിന് തുല്യമാണ് ഇവിടെ നിന്ന് ഉത്പാദിപ്പിക്കുന്ന ഇന്ധനം എന്നാണ് കരുതപ്പെടുന്നത്. ഖത്തറിന്റെ വരുമാനത്തിന്റെ 80 ശതമാനവും എണ്ണയെയും ഗ്യാസിനെയുമാണ് ആശ്രയിച്ചിരിക്കുന്നത്. ഇതിൽ ഏതാണ്ട് മുഴുവൻ വാതകവും ഖനനം ചെയ്യുന്നത് ഈ ഫീൽഡിൽ നിന്നാണ്.
ഗ്യാസ് ഫീൽഡിന് നേരെയുള്ള ആക്രമണത്തിൽ പ്രത്യാക്രമണമുണ്ടാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Content Highlight: Qatar condemns attack on Iranian gas field