തിരുവനന്തപുരം: പൊതുമരാമത്തു വകുപ്പിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമവും സുതാര്യവുമാക്കാന്‍ ഇ ടെന്‍ഡറിംഗ് ഏര്‍പ്പെടുത്തുന്നതിന്റെ ആദ്യഘട്ടമായി ടെന്‍ഡര്‍ നോട്ടീസും മറ്റും ഇനി മുതല്‍ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതിനും പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ നല്‍കിയും സര്‍ക്കാര്‍ ഉത്തരവിറക്കി.
ടെന്‍ഡറുകളുടെ പരസ്യത്തിനൊപ്പം ടെന്‍ഡര്‍ ഫോമും ഷെഡ്യൂളും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. http://www.keralapwd.gov.in/index.php കരാറുകാര്‍ ഇവ സൈറ്റില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്‌തെടുക്കണം. പൂരിപ്പിച്ച ടെന്‍ഡറിനും മറ്റു രേഖകള്‍ക്കുമൊപ്പം ടെന്‍ഡര്‍ ഫോമിന്റെ നിശ്ചിത വില ബാങ്ക് ഡിമാന്‍ഡ് ഡ്രാഫ്‌റ്റായി ബന്ധപ്പെട്ട ഓഫീസില്‍ നല്‍കണം. ഫോമിന്റെ വിലയായി ചെക്കുകളോ മറ്റേതെങ്കിലും തരത്തിലുള്ള ഒടുക്കലുകളോ സ്വീകരിക്കില്ല. ടെന്‍ഡറുകളും ഡ്രാഫ്‌റ്റുകളും അംഗീകൃത കൊറിയര്‍ വഴി മാത്രമേ ബന്ധപ്പെട്ട ഓഫീസുകളില്‍ സ്വീകരിക്കുകയുള്ളുവെന്നും ഉത്തരവിലുണ്ട്.
മരാമത്തു ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാറില്ലെന്ന വിമര്‍ശനങ്ങള്‍ പരിഹരിക്കുന്നതിനും പണി നീളുന്നതുമൂലം അടങ്കല്‍ തുക പുതുക്കേണ്ടി വരുന്നതിലൂടെ സര്‍ക്കാരിനുണ്ടാക്കുന്ന ഭാരിച്ച അധിക സാമ്പത്തിക ബാധ്യത ഇല്ലാതാക്കാനുമാണ് ഇതു സംബന്ധിച്ച് കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കി മറ്റൊരു ഉത്തരവിറക്കിയത്.
കരാറുകാര്‍ ഏറ്റെടുക്കുന്ന പ്രവൃത്തികള്‍ കൃത്യസമയത്തോ അതിനു മുമ്പോ പൂര്‍ത്തിയാക്കുന്നതിന് വിവിധ തലത്തിലുള്ള എന്‍ജിനീയര്‍മാര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ഈ ഉത്തരവില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ വീഴ്‌ച വരുത്തുന്നവരുടെ വാര്‍ഷിക കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടില്‍ അത് രേഖപ്പെടുത്തുകയും സ്ഥലം മാറ്റം, സ്ഥാനക്കയറ്റം തുടങ്ങിയവയ്‌ക്ക് ഇതു വിഷയമാക്കുന്നതുമാണ്.
അനുവദിക്കപ്പെട്ടിട്ടുള്ള കാലാവധിക്കകം പൂര്‍ത്തിയാക്കാനാകാതെ വരുന്ന പ്രവൃത്തികള്‍ക്ക് ഒരു പ്രാവശ്യം മാത്രമേ സമയപരിധി നീട്ടി നല്‍കുകയുള്ളു. രണ്ടാമതും സമയപരിധി ദീര്‍ഘിപ്പിച്ച് നല്‍കേണ്ടി വന്നാല്‍ കരാറുകാരില്‍ നിന്ന് നിശ്ചിത തുക പിഴയായി ഈടാക്കും. രണ്ടാമത്തെ കാലാവധിക്കുള്ളിലും പണി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ കരാറുകാരനില്‍ നിന്നും നഷ്‌ടം ഈടാക്കിക്കൊണ്ട് കരാര്‍ റദ്ദാക്കി വീണ്ടും ടെന്‍ഡര്‍ ക്ഷണിക്കും.