| Sunday, 14th August 2016, 10:58 pm

ശ്രീകാന്തിന് പിന്നാലെ ബാഡ്മിന്റണില്‍ പി.വി. സിന്ധുവും പ്രീക്വാര്‍ട്ടറില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിയോ: സൈനയ്ക്ക് കഴിയാതെ പോയത് സിന്ധുവിന് സാധിച്ചിരിക്കുന്നു. പിന്നില്‍ നിന്ന് പൊരുതി കയറി ഇന്ത്യയുടെ പി.വി.സിന്ധു ബാഡ്മിന്റണ്‍ വനിതാ വിഭാഗം സിംഗിള്‍സ് മസരത്തിന്റെ പ്രീക്വാര്‍ട്ടറില്‍ കടന്നു. ഗ്രൂപ്പ് എമ്മിലെ രണ്ടാം മത്സരത്തില്‍ കാനഡയുടെ മിഷേലെ ലിയെയാണ് സിന്ധു തോല്‍പ്പിച്ചത്.

മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ 2-1 നായിരുന്നു സിന്ധുവിന്റെ ജയം. 72 മിനിറ്റെടുത്ത മത്സരത്തില്‍ 19-21, 21-15, 21-17 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ താരം ജയിച്ച് കയറിയത്. റാങ്കിങ്ങില്‍ സിന്ധുവിനെക്കാള്‍ പത്ത് സ്ഥാനം പിന്നിലാണ് എതിരാളി.

സിന്ധു ലോകറാങ്കിങ്ങില്‍ പത്താം സ്ഥാനത്താണ്. മിഷേലാകട്ടെ ഇരുപതാം സ്ഥാനത്തും. എന്നാല്‍ മത്സരം ഉടനീളം തുല്യശക്തികളുടെ പോരാട്ടമായി വിലയിരുത്താവുന്നതാണ്. മുന്ന് സെറ്റ് നീണ്ട് മത്സരത്തില്‍ ഇരുവരും മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

ആദ്യ സെറ്റ് അടിയറ വച്ച ശേഷം തിരിച്ചടിച്ചാണ് സിന്ധു കനേഡിയന്‍ താരത്തിനെതിരെ ജയം സ്വന്തമാക്കിയത്. ആദ്യ സെറ്റ് 24 മിനിറ്റിനുള്ളില്‍ 19-21നാണ് കനേഡിയന്‍ താരം സ്വന്തമാക്കിയത്. ഇതോടെ സൈനയുടെ പരാജയത്തിന് പിന്നാലെ സിന്ധുവും മത്സരം കൈവിടുകയാണോ എന്ന തോന്നലുളവാക്കി.

എന്നാല്‍ ഇന്ത്യന്‍ താരത്തിന്റെ മികച്ച പ്രകടനം വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. റാങ്കിങ്ങിലെ മേല്‍ക്കോയ്മക്കൊത്ത പ്രകടനം കോര്‍ട്ടിലും പുറത്തെടുത്ത സിന്ധു രണ്ടും മൂന്നും സെറ്റുകള്‍ കടുത്ത പോരാട്ടത്തിനൊടുവില്‍ ജയിച്ചു കയറി. ശ്രീകാന്തിന് പിന്നാലെ ബാഡ്മിന്റണ്‍ മത്സരത്തില്‍ ഒരിന്ത്യന്‍ താരം കൂടി അവസാന പതിനാറിലേക്ക്.

We use cookies to give you the best possible experience. Learn more