| Tuesday, 23rd December 2025, 5:22 pm

പി.വി. അന്‍വര്‍ സംയമനം പാലിക്കണം; കോണ്‍ഗ്രസിനെ വഴിയമ്പലമായി കാണരുത്: മുല്ലപ്പള്ളി രാമചന്ദ്രന്‍

നിഷാന. വി.വി

കോഴിക്കോട്: യു.ഡി എഫ് വഴിയമ്പലമല്ലെന്നും അവസര സേവകരുടെ അവസാനത്തെ അഭയകേന്ദ്രമായി ഐക്യ ജനാധിപത്യ മുന്നണിയേ ആരും കാണേണ്ടതില്ലെന്നും കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

പി.വി. അന്‍വര്‍ സംയമനം പാലിക്കണമെന്നും കുറച്ച് കൂടി അനുസരണയോടെയും മാന്യതയോടെയും പെരുമാറണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് വെച്ച് നടന്ന കെ.കരുണാകരന്‍ അനുസ്മരണ പരിപാടിക്ക് എത്തിയപ്പോഴായിരുന്നു പ്രതികരണം.

വിഷ്ണുപുരം ചന്ദ്രശേഖരന്റെ പാര്‍ട്ടിയെ കുറിച്ച് തനിക്കറിയില്ലെന്നും എല്ലാവരെയും മുന്നണിയിലേക്ക് കൊണ്ടുവരികയെന്നത് സാധ്യമല്ല ,എല്ലാവര്‍ക്കും എം.എല്‍.എ സ്ഥാനം വേണമെന്ന് പറഞ്ഞാല്‍ അതും അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു.

‘ഐക്യ ജനാധിപത്യ മുന്നണി വിപുലീകരിക്കുന്നതിനോട് താത്പര്യമില്ല. മുന്നണിയുടെ നയങ്ങളെയും നിലപാടിനെയും പൂര്‍ണമായി അംഗീകരിക്കുന്ന കക്ഷികളുമായി മാത്രമേ ബന്ധം പാടുള്ളൂ. മുന്നണി വിപുലീകരണത്തെ കുറിച്ച് ചര്‍ച്ചകള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. ഘടക കക്ഷികളുമായി ആലോചിച്ചതിന് ശേഷം മാത്രമെ തീരുമാനമെടുക്കുകയുള്ളൂ,’ മുല്ലപ്പള്ളി പറഞ്ഞു.

അന്‍വറിനോട് തനിക്ക് വ്യക്തിപരമായി യാതൊരു ബുദ്ധിമുട്ടും ഇല്ലെന്നും അന്‍വറിന്റെ പിതാവിനെയടക്കം തനിക്കറിയാമെന്നും, അദ്ദേഹം യൂത്ത് കോണ്‍ഗ്രസിന്റെ മലപ്പുറം ജില്ലയിലെ നേതാവായി വളര്‍ന്നുവന്നയാളാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയിലായാലും മുന്നണിയിലായാലും അച്ചടക്ക വിരുദ്ധമായി സംസാരിക്കുന്നതും പരസ്യ പ്രസ്താവന നടത്തുന്നതും ഗുണകരമാവില്ല. മുല്ലപ്പളളി കൂട്ടിച്ചേര്‍ത്തു. പി.വി അന്‍വറിന്റെ തൃണമൂല്‍ കോണ്‍ഗ്രസിനെ യു.ഡി.എഫ് അസോസിയേറ്റ് അംഗമാക്കിയ നടപടിക്ക് പിന്നാലെയായിരുന്നു പ്രതികരണം.

ഇടതുപക്ഷ ജനാധിപത്യ മുന്നണിയെന്ന ജനവിരുദ്ധ മുന്നണി അധികാരത്തില്‍ നിന്ന് എത്രയും പെട്ടെന്ന് പുറത്ത് പോവണമെന്നതിന്റെ അലയൊളികളാണ് കേരളത്തില്‍ ഉള്ളതെന്നും അതിനായാണ് ഞങ്ങള്‍ ശക്തമായി ശ്രമിക്കുന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

എന്നാല്‍ ജീവിതത്തില്‍ ഒരുപാട് നന്ദി കേടുകള്‍ നേരിട്ടിട്ടുണ്ടെന്നും സഹായിച്ചവരൊക്കെയും തിരിച്ച് കൊത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അധികാരം നഷ്ടപ്പെടുമ്പോള്‍ ആരും കൂടെയുണ്ടാവില്ലെന്ന് എല്ലാവരും ഓര്‍ക്കണം. തന്നെയും ലീഡറെയും ചിലര്‍ അകറ്റാന്‍ ശ്രമിച്ചുവെന്നും അവസാന നാളുകളില്‍ പോലും താന്‍ പോയി കണ്ടില്ലെന്നും അന്ത്യാഭിലാഷമാണെന്ന് പറഞ്ഞ് കാറുമായി കെ.വി തോമസിനെ പറഞ്ഞയച്ചപ്പോള്‍ മാത്രമാണ് കാണാന്‍ പോയതെന്നും അദ്ദേഹം പറഞ്ഞു. അന്ന് തന്നെയും ലീഡറെയും അകറ്റിയ ആളുകളെ ലീഡര്‍ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: PV Anwar should exercise restraint; Congress should not be seen as a wayfarer: Mullappally Ramachandran

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more