| Thursday, 24th July 2025, 4:40 pm

വി.എസ് അവസാന കമ്മ്യൂണിസ്റ്റാണെന്ന അഭിപ്രായം എനിക്കില്ല, ലക്ഷക്കണക്കിന് സഖാക്കൾ ഇനിയുമുണ്ട്; പക്ഷെ...: പി.വി. അൻവർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

നിലമ്പൂര്‍: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ‘അവസാന കമ്മ്യൂണിസ്റ്റാണ്’ എന്ന അഭിപ്രായം തനിക്കില്ലെന്ന് നിലമ്പൂര്‍ മുന്‍ എം.എല്‍.എ പി.വി. അന്‍വര്‍. പക്ഷേ കേരളത്തെയാകെ സ്വാധീനിക്കാന്‍ ശേഷിയുള്ള ‘അവസാനത്തെ കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു’ വി.എസെന്നും പി.വി. അന്‍വര്‍ പറഞ്ഞു.

‘വി.എസ് ‘അവസാന കമ്മ്യൂണിസ്റ്റാണെന്ന’ അഭിപ്രായം എനിക്കില്ല. അത് ശരിയുമല്ല. വി.എസിനെ പോലെ തൊഴിലാളി വര്‍ഗ പ്രസ്ഥാനത്തെ വ്രതമായി സ്വീകരിച്ച ലക്ഷക്കണക്കിന് സഖാക്കള്‍ ഇനിയുമുണ്ട് കേരളത്തില്‍. പക്ഷേ, വി.എസ് കേരളത്തെയാകെ സ്വാധീനിക്കാന്‍ ശേഷിയുള്ള ‘അവസാനത്തെ കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു,’ പി.വി. അൻവർ കുറിച്ചു.

സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പിലാണ് പി.വി. അന്‍വറിന്റെ പരാമര്‍ശം. കേരളത്തെയാകെ സ്വാധീനിക്കാൻ കഴിയുന്ന തരത്തിൽ ഇന്ന് കേരളത്തിൽ ഇന്ന് ആരെങ്കിലും ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ അവരുടെ പേര് പറയാനും പി.വി. അൻവർ ആവശ്യപ്പെട്ടു.

വി.എസിന്റെ മരണവാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ‘കേരളത്തിലെ അവസാന കമ്മ്യൂണിസ്റ്റും മരണപ്പെട്ടു’ എന്ന തരത്തില്‍ പ്രതികരണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത്തരം അഭിപ്രായ പ്രകടനങ്ങള്‍ക്ക് എതിരെ സി.പി.ഐ.എം നേതാവും വിദ്യാഭ്യാസ മന്ത്രിയുമായ വി. ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.

ഇതിന്റെ പശ്ചാത്തലത്തിലാണ് പി.വി. അന്‍വറിന്റെ പ്രതികരണം.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

സഖാവ് വി.എസ് ‘അവസാന കമ്മ്യൂണിസ്റ്റാണെന്ന’ അഭിപ്രായം എനിക്കില്ല. അത് ശരിയുമല്ല. വി.എസിനെ പോലെ തൊഴിലാളി വര്‍ഗ പ്രസ്ഥാനത്തെ വ്രതമായി സ്വീകരിച്ച ലക്ഷക്കണക്കിന് സഖാക്കള്‍ ഇനിയുമുണ്ട് കേരളത്തില്‍. പക്ഷേ, വി.എസ് കേരളത്തെയാകെ സ്വാധീനിക്കാന്‍ ശേഷിയുള്ള ‘അവസാനത്തെ കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു’. സാധാരണക്കാരും തൊഴിലാളികളുമായ സഖാക്കളുടെ മനസിലുള്ള കമ്മ്യൂണിസ്റ്റ് നേതാവ് തികഞ്ഞ ഗുണങ്ങളുള്ള കമ്യൂണിസ്റ്റായിരുന്നു. അക്കാര്യത്തില്‍ എനിക്കും സംശയമില്ല. അതല്ല മറിച്ച് ഒരു അഭിപ്രായം നിങ്ങള്‍ക്കുണ്ടെങ്കില്‍, കേരളത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്ന അത്തരത്തില്‍ ഒരാളുടെ പേര് പറയാന്‍ നിങ്ങള്‍ക്കാവുമോ?

തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം 3.20ഓടെയായിരുന്നു വി.എസിന്റെ മരണം. കഴിഞ്ഞ ഒരു മാസക്കാലമായി അദ്ദേഹം തിരുവനന്തപുരം പട്ടം എസ്.യു.ടി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഒന്നിലധികം തവണ വി.എസിന്റെ ആരോഗ്യനിലയില്‍ ചെറിയ തോതിലുള്ള പുരോഗതിയുണ്ടായിരുന്നു. എന്നാല്‍ ആരോഗ്യനില വീണ്ടും ഗുരുതരമായതോടെ മരണപ്പെടുകയായിരുന്നു. മരിക്കുമ്പോള്‍ 101 വയസായിയുരുന്നു വി.എസ്. അച്യുതാനന്ദന്റെ പ്രായം.

ഇന്നലെ (ബുധന്‍) ആലപ്പുഴയിലെ വലിയ ചുടുകാട്ടിലാണ് വി.എസിന്റെ സംസ്‌കാരം നടന്നത്. പുന്നപ്ര-വയലാര്‍ സമരസേനാനികളുടെ ഭൗതിക ശരീരങ്ങള്‍ സംസ്‌കരിച്ചിരിക്കുന്ന വലിയ ചുടുകാട്ടിലാണ് സംസ്‌കാരം നടന്നത്. മണിക്കൂറുകള്‍ നീണ്ടുനിന്ന പൊതുദര്‍ശനത്തിന് ശേഷം ഔദ്യോഗിക ബഹുമതികളോട് കൂടിയായിരുന്നു വി.എസിന്റെ സംസ്‌കാരം.

Content Highlight: There is no opinion that VS is the last communist, which is not true: P.V. Anvar

We use cookies to give you the best possible experience. Learn more