| Sunday, 19th January 2025, 1:29 pm

തൃണമൂലിന്റെ മുന്നണി പ്രവേശനം ആവശ്യപ്പെട്ട് യു.ഡി.എഫിന് പി.വി. അന്‍വറിന്റെ കത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

നിലമ്പൂര്‍: തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശനം ആവശ്യപ്പെട്ട് യു.ഡി.എഫിന് കത്തയച്ച് മുന്‍ നിലമ്പൂര്‍ എം.എല്‍.എ പി.വി. അന്‍വര്‍.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവര്‍ക്ക് പുറമെ യു.ഡി.എഫ് ഘടകകക്ഷികള്‍ക്കും പി.വി. അന്‍വര്‍ കത്തയച്ചു.

എം.എല്‍.എ സ്ഥാനം രാജിവെച്ചതുമായി ബന്ധപ്പെട്ട വിവരങ്ങളും ടി.എം.സിയില്‍ പ്രവേശിക്കാനുണ്ടായ സാഹചര്യവും കത്തില്‍ പറയുന്നുണ്ട്. ഏത് സാഹചര്യത്തിലും ടി.എം.സി യു.ഡി.എഫിനൊപ്പം നില്‍ക്കുമെന്നും പി.വി. അന്‍വര്‍ കത്തിലൂടെ ഉറപ്പ് നല്‍കി.

പത്ത് പേജുള്ള കത്താണ് അന്‍വര്‍ യു.ഡി.എഫ് അംഗങ്ങള്‍ക്ക് കൈമാറിയത്. ഇന്ന് (ഞായര്‍) ഉച്ചയോടെ ചേരുന്ന കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗം വിഷയം ചര്‍ച്ച ചെയ്തേക്കും. പി.വി. അന്‍വറിന്റെ മുന്നണി പ്രവേശനത്തില്‍ എ.ഐ.സി.സിയുടെ തീരുമാനം നിര്‍ണായകമായിരിക്കും.

പി.വി. അന്‍വറിന്റെ മുന്നണി പ്രവേശനത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണിന് കത്ത് നല്‍കിയിട്ടില്ല.

അതേസമയം സ്പീക്കര്‍ എ.എം. ഷംസീറിന് രാജി കത്ത് കൈമാറിയ ശേഷം പി.വി. അന്‍വര്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ വി.ഡി. സതീശനോടും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയോടും മാപ്പ് പറഞ്ഞിരുന്നു.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി പറഞ്ഞിട്ടാണ് വി.ഡി. സതീശനെതിരെ കോഴ ആരോപണം നടത്തിയതെന്നും മുമ്പ് രാഹുല്‍ ഗാന്ധിയുടെ പൊളിറ്റിക്കല്‍ ഡി.എന്‍.എയാണ് പരിശോധിക്കാന്‍ പറഞ്ഞതെന്നും പി.വി. അന്‍വര്‍ പറഞ്ഞിരുന്നു.

തന്റെ പോരാട്ടം പിണറായിസത്തിന് എതിരെയാണെന്നും യു.ഡി.എഫിനെ പിന്തുണക്കുമെന്നും ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും അന്‍വര്‍ വ്യക്തമാക്കിയിരുന്നു.

Content Highlight: PV Anvar’s letter to UDF requesting Trinamool front entry

We use cookies to give you the best possible experience. Learn more