| Monday, 16th January 2023, 10:34 pm

'ഇന്ത്യ- പാകിസ്ഥാന്‍ ഫുട്‌ബോള്‍ മത്സരം ചര്‍ച്ചചെയ്യാന്‍'; ഇ.ഡി വിളിപ്പിച്ചതിനെക്കുറിച്ച് അന്‍വര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിളിപ്പിച്ചതില്‍ മാധ്യമങ്ങളോട് പ്രതികരിക്കാതെ പി.വി. അന്‍വര്‍ എം.എല്‍.എ. വിഷയത്തില്‍ പ്രതികരണത്തിനായി തന്റെ മുന്നിലെത്തിയ മാധ്യമപ്രവര്‍ത്തകരെ ക്ഷുഭിതനായാണ് അന്‍വര്‍ നേരിട്ടത്.

എന്തായിരുന്നു ഇ.ഡി ചോദിച്ചത് എന്ന ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന്, ‘എന്ത് ചോദ്യം ചെയ്യല്‍ മൈക്ക് മുഖത്ത് തട്ടിക്കല്ലേ’ എന്നായിരുന്നു അന്‍വറിന്റെ മറുപടി.

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഫുട്‌ബോള്‍ മത്സരത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് ഇ.ഡി വിളിപ്പിച്ചെതെന്നും അന്‍വര്‍ പറഞ്ഞു. അതിന് താങ്കളെ എന്തിന് വിളിപ്പിക്കണമെന്ന് മാധ്യമപ്രവര്‍ത്തകന്‍ തിരിച്ചുചോദിച്ചപ്പോള്‍. ‘എന്നാല്‍ താന്‍ പോയി പറയ്’ എന്നായിരുന്നു എം.എല്‍.എ പ്രതികരിച്ചത്.

ഇതിന് പിന്നാലെ കഴിഞ്ഞ ദിവസത്തെ കാര്യവട്ടം ഏകദിനത്തില്‍ സെഞ്ച്വറി നേടിയ വാര്‍ത്ത പങ്കുവെച്ച് ‘കിങ് ഈസ് ബാക്ക്’ എന്നും അന്‍വര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.

മാതൃഭൂമി ന്യൂസ്, റിപ്പോര്‍ട്ടര്‍ ടി.വി, വിഷയത്തില്‍ പ്രതികരിച്ച് പോസ്റ്റിട്ട ലീഗ് നേതാവ് പി.കെ. ഫിറോസ് എന്നിവരെ മെന്‍ഷന്‍ ചെയ്തായിരുന്നു അന്‍വറിന്റെ ഈ പോസ്റ്റ്.

‘എന്നെ ഇ.ഡി ചോദ്യം ചെയ്യുന്നത് കാണാന്‍ രണ്ട് വര്‍ഷത്തോളമായി കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്ന ആളാണ്. നല്ലത് വരുത്തണേ,’ എന്നാണ് അന്‍വറിനെ ചോദ്യം ചെയ്യുന്നുവെന്ന വാര്‍ത്ത പങ്കുവെച്ച് പി.കെ. ഫിറോസ് ഫേസ്ബുക്കില്‍ എഴുതിയത്.

ക്വാറിയുമായി ബന്ധപ്പെട്ട പണമിടപാടില്‍ ഇ.ഡി. അന്‍വറിനെ ചോദ്യം ചെയ്തുവെന്നാണ് വിവിധ ന്യൂസ് ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

ഇ.ഡിയുടെ കൊച്ചി ഓഫീസിലേക്ക് എം.എല്‍.എയെ വിളിച്ചുവരുത്തുകയായിരുന്നു. മംഗലാപുരം ബെല്‍ത്തങ്ങാടിയിലെ ക്രഷര്‍ ഇടപാടിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് വിളിച്ചുവരുത്തിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

അന്‍വര്‍ പ്രതിയായ ക്രഷര്‍ തട്ടിപ്പുകേസ് സിവില്‍ സ്വഭാവമുള്ളതാണെന്ന് കാണിച്ച് ക്രൈംബ്രാഞ്ച് കോടതിയില്‍ നേരത്തെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് കോടതി തള്ളി അന്വേഷണം നടത്താന്‍ ഉത്തരവിട്ടിരുന്നു.

CONTENT HIGHLIGHT: PV Anvar MLA did not respond to the media when called by the Enforcement Directorate

We use cookies to give you the best possible experience. Learn more