മലപ്പുറം: തൃണമൂല്‍ കോണ്‍ഗ്രസ് തൃശൂര്‍ ജില്ലാ ചീഫ് കോര്‍ഡിനേറ്റര്‍ എന്‍.കെ. സുധീറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി സംസ്ഥാന കണ്‍വീനര്‍ പി.വി. അന്‍വര്‍. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ചൂണ്ടിക്കാട്ടിയാണ് പുറത്താക്കല്‍. മൂന്ന് വര്‍ഷ കാലയളവിലേക്കാണ് നടപടി.
എന്‍.കെ. സുധീറിനെതിരായ നടപടി പി.വി. അന്‍വര്‍ ഫേസ്ബുക്കിലൂടെ അറിയിക്കുകയായിരുന്നു. ചേലക്കര ഉപതെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച എന്‍.കെ. സുധീര്‍ മുന്‍ കോണ്‍ഗ്രസ് നേതാവും എ.ഐ.സി.സി അംഗവുമായിരുന്നു.
എല്‍.ഡി.എഫുമായുള്ള ബന്ധം ഉപേക്ഷിച്ചതിന് ശേഷം അന്‍വര്‍ രൂപീകരിച്ച ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡി.എം.കെ)യുടെ സ്ഥാനാര്‍ത്ഥിയായിരുന്നു എന്‍.കെ. സുധീര്‍. തെരഞ്ഞെടുപ്പിന് പിന്നാലെ അന്‍വര്‍ ഉള്‍പ്പെടെ ഡി.എം.കെയുടെ ഭാഗമായിരുന്ന ഭൂരിഭാഗം പ്രവര്‍ത്തകരും തൃണമൂലില്‍ ചേർന്നിരുന്നു.
യു.ഡി.എഫ് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് എന്‍.കെ. സുധീര്‍ ചേലക്കരയില്‍ സ്വതന്ത്രനായി മത്സരിച്ചത്. ആലത്തൂര്‍ മുന്‍ എം.പിയായിരുന്ന രമ്യ ഹരിദാസായിരുന്നു ചേലക്കരയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. സുധീറിന് പിന്തുണ പ്രഖ്യാപിച്ച പി.വി. അന്‍വര്‍ രമ്യ ഹരിദാസിന്റെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ യു.ഡി.എഫിനുമേല്‍ സമ്മര്‍ദം ചെലുത്തിയിരുന്നു.
രമ്യ ഹരിദാസിനെ പിന്‍വലിച്ചാല്‍ പാലക്കാട് മണ്ഡലത്തിലെ ഡി.എം.കെയുടെ സ്ഥാനാര്‍ത്ഥിയായിരുന്ന മിന്‍ഹാജ് മെദാറിന്റെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുമെന്നാണ് അൻവർ പറഞ്ഞിരുന്നത്. ജീവകാരുണ്യ പ്രവര്‍ത്തകനായിരുന്നു മിന്‍ഹാജ് മെദാര്‍. എന്നാല്‍ അന്‍വറിന്റെ ആവശ്യം യു.ഡി.എഫ് നിരസിക്കുകയായിരുന്നു.
ഇതിനിടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഡി.എം.കെ പിന്തുണ പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികളെ പിന്‍വലിക്കണമെന്ന് അന്‍വറിനോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
യു.ഡി.എഫ് നേതാക്കള്‍ അന്‍വറുമായി ഫോണില്‍ സംസാരിക്കുകയായിരുന്നു. സി.പി.ഐ.എം-ബി.ജെ.പി ഡീല്‍ അവസാനിപ്പിക്കാന്‍ പിന്തുണക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടെന്നും റിപ്പോർട്ടുണ്ടായിരുന്നു.
Content Highlight: PV Anvar announced that NK Sudheer has been expelled from TMC