| Sunday, 30th December 2018, 6:21 pm

ലോക്‌സഭയിലെത്താതെ കുഞ്ഞാലിക്കുട്ടി എതിരാളികള്‍ക്ക് അടിക്കാന്‍ വടി നല്‍കി; പി.വി അബ്ദുള്‍ വഹാബ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: മുത്തലാഖ് ബില്ലിന്റെ വോട്ടെടുപ്പ് സമയത്ത് ലോകസഭയിലെത്താത്തതിലൂടെ പി.കെ കുഞ്ഞാലിക്കുട്ടി എതിരാളികള്‍ക്ക് അടിക്കാന്‍ സ്വയം വടി നല്‍കുകയായിരുന്നെന്ന് ലീഗ് നേതാവ് പി.വി അബ്ദുള്‍ വഹാബ്. കുഞ്ഞാലിക്കുട്ടിയോട് പാര്‍ട്ടി വിശദീകരണം ചോദിച്ചതിന് പിന്നാലെയാണിത്.

അതേസമയം ബി.ജെ.പിയെ സഹായിക്കാനാണ് കുഞ്ഞാലിക്കുട്ടി ചര്‍ച്ചയില്‍ നിന്ന് വിട്ട് നിന്നതെന്ന പ്രചരണത്തോട് യോജിപ്പില്ലെന്നും പാര്‍ട്ടി വിശദീകരണം ചോദിച്ചതിനാല്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ കുഞ്ഞാലിക്കുട്ടിയെ വിമര്‍ശിച്ച് മുസ് ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളും രംഗത്ത് വന്നിരുന്നു. സംഭവം പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്ന് നേരത്തെ പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങള്‍ പറഞ്ഞിരുന്നു.

Also Read കാനം ഇപ്പോഴും സി.പി.ഐയിലാണെന്ന ധാരണ എനിക്കുണ്ട്; ഞാന്‍ വനിതാമതിലിന് എതിരാണെന്ന ധാരണ തെറ്റ്: വി.എസ് അച്യുതാനന്ദന്‍

അതേ സമയം രാജ്യസഭയില്‍ തിങ്കളാഴ്ച ബില്ല് പരിഗണിക്കുമ്പോള്‍ അതിനെതിരെ വോട്ട് ചെയ്യാനായി ലീഗ് അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതായി ഹൈദരലി തങ്ങള്‍ പറഞ്ഞു. രാജ്യസഭയില്‍ ബില്‍ പാസാകില്ലെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.

വോട്ടെടുപ്പില്‍ പങ്കെടുക്കാതെ വിട്ടുനിന്നത് ചന്ദ്രികയുടെ ഗവേണിങ് ബോഡിയില്‍ പങ്കെടുക്കാനാണെന്നും വിവാഹത്തിന് പോയിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പിന്നീട് വിശദീകരണം നല്‍കിയിരുന്നു.

DoolNews Video

We use cookies to give you the best possible experience. Learn more