വാഷിങ്ടണ്‍: ഉക്രൈന്‍ യുദ്ധത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനുമായി നടത്താനിരുന്ന കൂടിക്കാഴ്ച റദ്ദാക്കി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പാഴാകുന്ന കൂടിക്കാഴ്ച നടത്താന്‍ താത്പര്യമില്ലെന്ന് ട്രംപ് അറിയിച്ചു. വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുടിന്‍ ഉക്രൈനിലെ അടിയന്തിര വെടിനിര്‍ത്തലിന് വിസമ്മതിച്ചതാണ് കൂടിക്കാഴ്ച റദ്ദാക്കാന്‍ കാരണമായതെന്നാണ് വിവരം.
നേരത്തെ ബുഡാപെസ്റ്റില്‍ വെച്ച് പുടിനും ട്രംപും കൂടിക്കാഴ്ച നടത്തുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചിരുന്നു. വരും ദിവസങ്ങളില്‍ ഒന്നും തന്നെ പുടിന്‍-ട്രംപ് കൂടിക്കാഴ്ച ഉണ്ടാകില്ലെന്നാണ് വൈറ്റ് ഹൗസ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.
ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അലാസ്‌കയില്‍ നടന്ന ചര്‍ച്ചയിലാണ് ഇരുവരും അവസാനമായി കൂടിക്കാഴ്ച നടത്തിയത്. എന്നാല്‍ പ്രസ്തുത ചര്‍ച്ച പരാജയപ്പെടുകയാണ് ഉണ്ടായത്.
കഴിഞ്ഞ ദിവസം റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും തമ്മിലുള്ള കൂടിക്കാഴ്ചയും റദ്ദാക്കിയിരുന്നു. തിങ്കളാഴ്ച ഇരുവരും ഫോണ്‍ മുഖേന സംസാരിച്ചിരുന്നു.
ഇന്നലെ (ചൊവ്വ) ട്രംപുമായുള്ള കൂടിക്കാഴ്ചക്കായി ഹംഗറിയിലേക്കുള്ള യാത്രാമധ്യേ പുടിന്‍ രാജ്യത്തിന്റെ അതിര്‍ത്തിയിലൂടെ കടന്നാല്‍ അന്താരാഷ്ട്ര അറസ്റ്റ് വാറണ്ട് നടപ്പിലാക്കുമെന്ന് പോളിഷ് വിദേശകാര്യമന്ത്രി റഡോസ്ലാവ് സിക്കോര്‍സ്‌കി പറഞ്ഞിരുന്നു.
പുടിന്‍ സഞ്ചരിക്കുന്ന വിമാനം തങ്ങളുടെ വ്യോമാതിര്‍ത്തി കടന്നാല്‍ വിമാനം താഴെയിറക്കി പുടിനെ അറസ്റ്റ് ചെയ്ത് അന്താരാഷ്ട്ര കോടതിക്ക് കൈമാറാന്‍ പോളിഷ് കോടതി ഉത്തരവിടില്ലെന്ന് ഉറപ്പുനല്‍കാന്‍ കഴിയില്ലെന്നും സിക്കോര്‍സ്‌കി പ്രതികരിച്ചിരുന്നു.
വാറണ്ട് പ്രകാരം ഐ.സി.സിയിലെ അംഗരാജ്യങ്ങള്‍ പുടിനെ അറസ്റ്റ് ചെയ്യാന്‍ ബാധ്യസ്ഥരാണെന്നും സിക്കോര്‍സ്‌കി ചൂണ്ടിക്കാട്ടി. ഉക്രേനിയന്‍ കുട്ടികളെ റഷ്യയിലേക്ക് നിയമവിരുദ്ധമായി നാടുകടത്തിയതിന് 2023 മുതല്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ പുടിനെതിരെ കേസുണ്ട്.
2022ലെ ഉക്രൈനിലെ റഷ്യ അധിനിവേശത്തിന് ശേഷം പോളണ്ട് ഉള്‍പ്പടെയുള്ള എല്ലാ യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങളും റഷ്യന്‍ വിമാനങ്ങളെ അവരുടെ വ്യോമാതിര്‍ത്തികളില്‍ നിന്നും വിലക്കിയിരുന്നു.
Content Highlight: Putin-Trump meeting canceled; Trump says he has no interest in wasted talks