ന്യൂദല്‍ഹി: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡമിര്‍ പുടിന്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍. ഈ മാസം അവസാനത്തോടെ പുടിൻ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സിഇന്റര്‍ഫാക്‌സ് റിപ്പോര്‍ട്ട് ചെയ്തു.
റഷ്യയുമായി തങ്ങള്‍ക്ക് ദീര്‍ഘകാലമായുള്ള ബന്ധം ഉണ്ടെന്നും ഈ ബന്ധത്തെ വിലമതിക്കുന്നുവെന്നും അജിത്ത് ഡോവല്‍ പറഞ്ഞു. പ്രസിഡന്റ് പുടിന്റെ സന്ദര്‍ശനത്തെക്കുറിച്ച് അറിഞ്ഞതില്‍ തങ്ങള്‍ സന്തോഷിക്കുന്നു. തീയതി അടുത്തെത്തിയെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് നിര്‍ത്തണമെന്ന അന്ത്യശാസനത്തിന് വഴങ്ങാതെ വ്യാപാരബന്ധം തുടരുമെന്ന ഉറച്ച് തീരുമാനത്തിന് പിന്നാലെയാണ് പുടിന്റെ ഇന്ത്യാ സന്ദര്‍ശനം.
കഴിഞ്ഞ ദിവസം അമേരിക്കയിൽ ഇറക്കുമതി ചെയ്യുന്ന ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 25 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തികൊണ്ടുള്ള ഉത്തരവിൽ ഡൊണാള്‍ഡ് പ്രസിഡന്റ് ഒപ്പ് വെച്ചിരുന്നു. ഇതിന് പുറമെയാണ് 25 ശതമാനം കൂടി ചുമത്തിയുള്ള ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചത്. ഇതോടെ ഇന്ത്യക്ക് മേല്‍ ചുമത്തിയ താരിഫ് 50 ശതമാനമാകും.
നിലവില്‍ ഇന്ത്യക്ക് മേൽ 25 ശതമാനം തീരുവ യു.എസ് ചുമത്തിയിട്ടുണ്ട്.
യു.എസിൻ്റെ നടപടിയിൽ പ്രതികരിച്ച വിദേശകാര്യ മന്ത്രാലയം അധിക തീരുവ ചുമത്തിയ യു.എസിന്റെ നടപടി ദൗര്‍ഭാഗ്യകരമെന്ന് ഇന്ത്യ പറഞ്ഞിരുന്നു. തീരുമാനം പക്ഷപാതപരവും നീതീകരിക്കാനാകാത്തതെന്നുമാണ് ഇന്ത്യ പ്രതികരിച്ചത്. ദേശീയ താത്പര്യം സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള എല്ലാ നടപടികളും ഇന്ത്യ സ്വീകരിക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ഇന്ത്യ സന്ദർശിക്കുമെന്ന് വിവരം പുറത്ത് വരുന്നത്. വരും ദിവസങ്ങളിൽ പുടിന്‍ ട്രംപുമായും കൂടിക്കാഴ്ച നടത്തുമെന്ന് റഷ്യ അറിയിച്ചിട്ടുണ്ട്. കൂടിക്കാഴ്ച നടത്തുന്നതിന് വേണ്ടി ഇരുവരും പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇതുമായി കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പ്രഖ്യാപിക്കുമെന്നും റഷ്യന്‍ പ്രസിഡന്റിന്റെ വിദേശകാര്യ ഉപദേഷ്ടാവ് യൂറി ഉഷാക്കോവ് പറഞ്ഞു.
Content Highlight: Putin to visit India amid tariff hike