ന്യൂദല്‍ഹി: റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ ദല്‍ഹിയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാനത്താവളത്തിലെത്തി പുടിനെ സ്വീകരിച്ചു. 27 മണിക്കൂറോളം പുടിന്‍ ഇന്ത്യയില്‍ ചെലവഴിക്കുമെന്നാണ് വിവരം.
ഇന്ത്യയിലെത്തിയ റഷ്യന്‍ പ്രസിഡന്റ് പുടിനെ സ്വീകരിക്കുന്ന പ്രധാനമന്ത്രി മോദി Narendra Modi/X.com
ഉക്രൈന്‍-റഷ്യ യുദ്ധത്തിനിടെയാണ് പുടിന്റെ ഇന്ത്യാ സന്ദര്‍ശനം. മാത്രമല്ല, ഇന്ത്യക്കെതിരെ അമേരിക്കയുടെ വിവിധ ഭീഷണികള്‍ നിലനില്‍ക്കേയുമാണ് പുടിന്‍-മോദി കൂടിക്കാഴ്ച നടക്കുന്നത്.
‘എന്റെ സുഹൃത്ത് പ്രസിഡന്റ് പുടിനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ സന്തോഷം. ഇന്ന് വൈകുന്നേരവും നാളെയുമായി നടക്കാനിരിക്കുന്ന ആശയവിനിമയങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. ഇന്ത്യ-റഷ്യ സൗഹൃദം കാലാതീതമായ ഒന്നാണ്. ഈ ബന്ധം ഇന്ത്യയിലെ ജനങ്ങള്‍ക്ക് വളരെയധികം പ്രയോജനം ചെയ്തിട്ടുണ്ട്,’ പുടിനെ സ്വീകരിച്ചതിന് പിന്നാലെ മോദി എക്സില്‍ കുറിച്ചു.
ഇരുരാജ്യങ്ങളും തമ്മില്‍ പതിനഞ്ചിലധികം കരാറുകള്‍ ഒപ്പുവെക്കാന്‍ സാധ്യതയുണ്ടെന്ന് ടാസ് റിപ്പോര്‍ട്ട് ചെയ്തു. പ്രധാനമന്ത്രി മോദി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, പുടിന്‍ എന്നിവര്‍ മാത്രമുള്ള സുപ്രധാന യോ?ഗമാണ് ആദ്യം നടക്കുക.
ശേഷം പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ലോക് കല്യാണ്‍ മാര്‍ഗില്‍ പുടിനുള്ള അത്താഴവിരുന്നും നടക്കും.
മോസ്‌കോയില്‍ 2024 ജൂലൈയില്‍ നടന്ന മോദി-പുടിന്‍ കൂടിക്കാഴ്ചയ്ക്ക് സമാനമായ യോഗമായിരിക്കും ദല്‍ഹിയില്‍ നടക്കുകയെന്നാണ് വിവരം. വ്യാപാരം, സമ്പദ് വ്യവസ്ഥ, ശാസ്ത്രം, സാങ്കേതികവിദ്യ, സംസ്‌കാരം തുടങ്ങിയ മേഖലകളിലായിരിക്കും ചര്‍ച്ചകള്‍ നടക്കുക.
2021 ഡിസംബര്‍ ആറിനാണ് പുടിന്‍ അവസാനമായി ഇന്ത്യ സന്ദര്‍ശിച്ചത്. നാളെ (വെള്ളി) രാഷ്ട്രപതി ദ്രൗപതി മുര്‍മുവുമായും പുടിന്‍ കൂടിക്കാഴ്ച നടത്തും.
നേരത്തെ ഇന്ത്യയുമായുള്ള ആണവോര്‍ജ സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിനുള്ള ധാരണപത്രത്തിന് റഷ്യന്‍ മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. മോദി-പുടിന്‍ കൂടിക്കാഴ്ചയില്‍ ഒപ്പുവെക്കാനുള്ള കരാറിന് അംഗീകാരം നല്‍കിയത്.
Content Highlight: Putin arrives in Delhi; Prime Minister modi receives him