| Saturday, 19th April 2025, 8:28 pm

ഈസ്റ്റര്‍ ദിനത്തില്‍ ഉക്രൈനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് പുടിന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മോസ്‌കോ: ഈസ്റ്റര്‍ ദിനത്തില്‍ ഉക്രൈനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍. സൈനിക ഉദ്യോഗസ്ഥര്‍ക്ക് ഇതുസംബന്ധിച്ച് പുടിന്‍ നിര്‍ദേശം നല്‍കിയതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് (ശനിയാഴ്ച) വൈകുന്നേരം മുതല്‍ നാളെ (ഞായറാഴ്ച) രാത്രി വരെ ഉക്രൈനിൽ ആക്രമണങ്ങൾ നടത്തരുതെന്നാണ് പുടിന്റെ നിര്‍ദേശം.

Vladimir Putin

‘മാനുഷിക പരിഗണനകളുടെ അടിസ്ഥാനത്തില്‍ റഷ്യ ഈസ്റ്റര്‍ ദിനത്തില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നു. ഈ കാലയളവില്‍ എല്ലാ സൈനിക പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കാന്‍ ഞാന്‍ ഉത്തരവിടുന്നു,’ ക്രെംലിനില്‍ നടന്ന യോഗത്തില്‍ സൈനിക മേധാവി വലേരി ജെറാസിമോവിനോട് പുടിന്‍ പറഞ്ഞു.

എന്നാല്‍ ഇതുവരെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തില്‍ ഉക്രൈനിന്റെ ഭാഗത്ത് നിന്ന് പ്രതികരണങ്ങള്‍ ഉണ്ടായിട്ടില്ല.

സമാധാന ചര്‍ച്ചകളില്‍ ഉടന്‍ പുരോഗതിയുണ്ടായില്ലെങ്കില്‍ ചര്‍ച്ചകളില്‍ നിന്നും പിന്‍വാങ്ങുമെന്ന് യു.എസ് അന്ത്യശാസനം നല്‍കിയതിന് പിന്നാലെയാണ് പുടിന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനം. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും മുന്നറിയിപ്പ് നല്‍കിയിരുന്നു.

വീണ്ടും അമേരിക്കന്‍ പ്രസിഡന്റായി അധികാരമേറ്റതുമുതല്‍ റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനായി ട്രംപ് പരിശ്രമം ആരംഭിച്ചിരുന്നു. യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ഉക്രൈന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കിയും ട്രംപും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നുവെങ്കിലും പരാജയപ്പെട്ടിരുന്നു.

റഷ്യയുമായി നടത്തിയ നീക്കുപോക്കുകളും വിജയം കണ്ടിരുന്നില്ല. പിന്നാലെയാണ് ട്രംപ് സമാധാന ചര്‍ച്ചകളില്‍ നിന്ന് അമേരിക്ക പിന്മാറുന്നതടക്കമുള്ള തീരുമാനത്തിലേക്ക് കടക്കുന്നതെന്നാണ് വ്യക്തമാകുന്നത്.

അതേസമയം സംഘര്‍ഷത്തിനിടെ ഇതാദ്യമായല്ല ഈസ്റ്റര്‍ ദിനത്തില്‍ ഉക്രൈനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നത്. ഉക്രൈനിലേക്ക് റഷ്യ പൂര്‍ണമായും അധിനിവേശം ആരംഭിച്ച 2022ല്‍ ഏപ്രില്‍ 21നും 25നും ഇടയില്‍ യു.എന്‍ അന്റോണിയോ ഗുട്ടറസ് വെടിനിര്‍ത്തല്‍ നിര്‍ദേശിച്ചിരുന്നു.

എന്നാല്‍ റഷ്യ ഈ നിര്‍ദേശം നിരസിക്കുകയാണ് ചെയ്തത്. വെടിനിര്‍ത്തല്‍ ഉക്രൈന്‍ കൂടുതല്‍ ആയുധങ്ങള്‍ ശേഖരിക്കാനുള്ള സമയം നല്‍കുമെന്ന് ചൂണ്ടിക്കാട്ടി യു.എന്നിലെ റഷ്യന്‍ പ്രതിനിധി ദിമിത്രി പോളിയാന്‍സ്‌കിയാണ് നിര്‍ദേശം തള്ളിയത്.

Content Highlight: Putin announces ceasefire in Ukraine on Easter

We use cookies to give you the best possible experience. Learn more