| Wednesday, 17th September 2025, 1:27 pm

പുത്തന്‍വേലിക്കര പോക്‌സോ കേസ്: വൈദികന് എതിരായ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: എറണാകുളം പുത്തന്‍വേലിക്കര പോക്‌സോ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിരുന്ന വൈദികന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി. പുത്തന്‍വേലിക്കര കുരിശിങ്കല്‍ ലൂര്‍ദ്മാതാ പള്ളി വികാരിയായ എഡ്വിന്‍ ഫിഗറസിന്റെ ശിക്ഷയാണ് കോടതി മരവിപ്പിച്ചത്.

കേസില്‍ വൈദികന് ഹൈക്കോടതി വിധിച്ച 20 വര്‍ഷം തടവെന്ന ശിക്ഷയ്‌ക്കെതിരെ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് പരമോന്നത കോടതിയുടെ ഉത്തരവ്. ഈ കേസില്‍ അന്തിമ തീരുമാനമെടുക്കും വരെയാണ് ശിക്ഷ മരവിപ്പിച്ചിരിക്കുന്നത്.

കേസിലെ ഒന്നാം പ്രതിയാണ് വൈദികനായ എഡ്വിന്‍ ഫിഗറസ്. കേസില്‍ എഡ്വിന്‍ ഫിഗറസിന് എറണാകുളം പോക്‌സോ കോടതി ജീവിതാവസാനം വരെയുള്ള തടവുശിക്ഷയാണ് വിധിച്ചിരുന്നത്. പിന്നീട് ഹൈക്കോടതി ഈ ശിക്ഷ 20 വര്‍ഷമായി കുറച്ച് ഉത്തരവിടുകയായിരുന്നു.

കാലാവധി പൂര്‍ത്തിയാക്കാതെ ശിക്ഷയില്‍ ഇളവ് നല്‍കരുതെന്നായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിലുണ്ടായിരുന്നത്. എന്നാല്‍ ശിക്ഷയുടെ പകുതിയോളം ജയിലില്‍ പൂര്‍ത്തിയാക്കിയതോടെയാണ് വൈദികന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീംകോടതി ഉത്തരവിട്ടത്.

വിചാരണക്കോടതി വിധിക്കെതിരായ അപ്പീല്‍ ഇപ്പോഴും ഹൈക്കോടതിയില്‍ നിലനില്‍ക്കുന്നുണ്ടെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.

2015 ജനുവരി 12 മുതല്‍ മാര്‍ച്ച് 21 വരെ നിരവധി തവണ പതിനാലുകാരിയായ പെണ്‍കുട്ടിയെ പള്ളിമേടയിലേക്ക് വിളിച്ചുവരുത്തി പീഡനത്തിനിരയാക്കി എന്നായിരുന്നു കേസ്. പത്തുവര്‍ഷം മുമ്പ് നടന്ന സംഭവം അന്ന് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.

കേസിലെ രണ്ടാം പ്രതിയും എഡ്വിന്‍ ഫിഗറസിന്റെ സഹോദരനുമായ സില്‍വര്‍സ്റ്റര്‍ ഫിഗറസിന്റെ ശിക്ഷ നേരത്തെ ഹൈക്കോടതി റദ്ദാക്കിയിരുന്നു.

എഡ്വിന്‍ ഫിഗറസിനെ ഒളിവില്‍ പോകാന്‍ സഹായിച്ചതിനായിരുന്നു സില്‍വര്‍സ്റ്റര്‍ ഫിഗറസിന് ഒരു വര്‍ഷത്തെ തടവുശിക്ഷ എറണാകുളത്തെ പോക്‌സോ കോടതി വിധിച്ചിരുന്നത്. തൃശൂര്‍ സ്വദേശിയാണ് എഡ്വിന്‍ ഫിഗറസ്.

Content Highlight: Puthanvelikara POCSO case: Supreme Court stays sentence against priest

We use cookies to give you the best possible experience. Learn more