തിരുവനന്തപുരം: അടൂര്‍ ഗോപാലകൃഷ്ണന്റെ ദളിത് വിരുദ്ധ പരാമര്‍ശങ്ങളിലും തനിക്കെതിരായ അധിക്ഷേപങ്ങള്‍ക്കും മറുപടിയുമായി ഗായികയും സംഗീത-നാടക അക്കാദമി വൈസ് ചെയര്‍പേഴ്‌സണുമായ പുഷ്പവതി.
നൂറ്റാണ്ടുകളായി സാമൂഹികമായി അടിച്ചമര്‍ത്തപ്പെട്ട സമൂഹത്തിന് മുഖ്യധാരയിലേക്ക് ഉയര്‍ന്നുവരാനുള്ള സര്‍ക്കാരിന്റെ സഹായമാണ് ആ തുകയെന്നും എന്തിനാണ് അതിന് തുരങ്കം വെക്കാന്‍ ശ്രമിക്കുന്നതെന്നും പുഷ്പവതി ചോദിച്ചു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.
‘ഒന്നരക്കോടി രൂപ നല്‍കേണ്ട കാര്യമുണ്ടോ, 50 ലക്ഷം രൂപ നല്‍കിയാല്‍ മൂന്ന് സിനിമകളുണ്ടാകും എന്നൊക്കെ വിശാലമനസ്‌കതയോടെയെന്നോണമാണ് അദ്ദേഹം പറയുന്നത്. നമ്മുടെ സ്‌ക്രിപ്റ്റിന് അനുസരിച്ചായിരിക്കുമല്ലോ സിനിമകള്‍ നിര്‍മിക്കേണ്ടത്. പണത്തിന്റെ പേരില്‍ ഇങ്ങനെ പരിമിതപ്പെടുത്തുമ്പോള്‍ എങ്ങനെയാണ് ഒരു സിനിമ നിര്‍മിച്ച് പൂര്‍ത്തിയാക്കുക.
നൂറ്റാണ്ടുകളായി സാമൂഹികമായി അടിച്ചമര്‍ത്തപ്പെട്ട സമൂഹത്തിന് മുഖ്യധാരയിലേക്ക് ഉയര്‍ന്നുവരാന്‍ സര്‍ക്കാര്‍ നല്‍കിയിട്ടുള്ള പോളിസിയാണിത്. നിയമസഭയെന്ന അധികാരകേന്ദ്രത്തില്‍ നിന്നുകൊണ്ട് ഈ പോളിസിയെ തുരങ്കം വെക്കുന്ന രീതിയില്‍ സംസാരിക്കാനുള്ള പവര്‍ അദ്ദേഹത്തിന് എങ്ങനെയുണ്ടായി. അതേ ആത്മവിശ്വാസത്തോടെയാണ് ഞാനത് ചോദ്യം ചെയ്തത്.
അടിസ്ഥാന വര്‍ഗങ്ങള്‍ക്ക് ഇവിടെ ഉയര്‍ന്നുവരാനുള്ള സാഹചര്യം ഇവിടെയുണ്ടാകണം. ഇത്തരത്തിലൊരു സംവിധാനമുണ്ടെങ്കിലേ മുഖ്യധാരയിലേക്ക് ഉയര്‍ന്നുവരാന്‍ അവര്‍ക്ക് സാധിക്കുകയുള്ളൂ, അതൊരു നിസ്സഹായവസ്ഥയാണ്. ആ നിസ്സഹായവസ്ഥയെ സര്‍ക്കാര്‍ പിന്തുണക്കുമ്പോള്‍ എന്തിനാണ് അസഹിഷ്ണുത കാണിക്കുന്നത്,’ പുഷ്പവതി പ്രതികരിച്ചു.
താന്‍ ആരാണ്, എങ്ങനെ സിനിമാ കോണ്‍ക്ലേവുകളില്‍ പങ്കെടുക്കാന്‍ അവകാശം ലഭിച്ചു എന്നതടക്കമുള്ള അടൂരിന്റെ അധിക്ഷേപ പരാമര്‍ശങ്ങള്‍ക്കും പുഷ്പവതി മറുപടി നല്‍കി.
സര്‍ക്കാര്‍ ക്ഷണിച്ചതിന്‍പ്രകാരമാണ് താന്‍ കോണ്‍ക്ലേവില്‍ പങ്കെടുത്തത് എന്നാണ് പുഷ്പവതി പറഞ്ഞത്. സംഗീത-നാടക അക്കാദമിയുടെ വൈസ് ചെയര്‍പേഴ്‌സണ്‍ എന്ന നിലയില്‍ പ്രതിനിധിയായിട്ടാണ് താന്‍ പരിപാടിയില്‍ പങ്കെടുത്തതെന്നും പുഷ്പവതി വ്യക്തമാക്കി.
24 വര്‍ഷമായി താന്‍ സിനിമാ സംഗീത ലോകത്ത് സജീവമാണെന്ന് പറഞ്ഞ പുഷ്പതി താന്‍ ആലപിച്ച ഹിറ്റ് ഗാനങ്ങളെ കുറിച്ചും പരാമര്‍ശിച്ചു. സുലേഖ മന്‍സില്‍ എന്ന ചിത്രത്തിലെ ഹാലേ… സാള്‍ട്ട് ആന്‍ഡ് പെപ്പറിലെ ചമ്പാവ് പുന്നെല്ലിന്‍ ചോറോ… നമ്മളിലെ കാത്തുകാത്തൊരു മഴയത്ത്…. വിക്രമാദിത്യന്‍ എന്ന ചിത്രത്തിലെ മാനത്തെ ചന്ദനത്തേര്… തുടങ്ങിയ ഗാനങ്ങളെയാണ് പുഷ്പവതി പരാമര്‍ശിച്ചത്.
അടിസ്ഥാന വര്‍ഗങ്ങളെ വേദനിപ്പിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളുണ്ടായാല്‍ താന്‍ മറുപടി പറയുമെന്നും പുഷ്പവതി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ഫിലിം കോണ്‍ക്ലേവില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ദളിതര്‍ക്കും സ്ത്രീകള്‍ക്കും മറ്റു പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗത്തിലുള്ളവര്‍ക്കും സിനിമ ചെയ്യാന്‍ സര്‍ക്കാര്‍ നല്‍കുന്ന ഗ്രാന്റിനെ എതിര്‍ത്തുകൊണ്ട് സംസാരിച്ചത്.
പരിശീലനം ലഭിച്ചവര്‍ക്ക് മാത്രമേ പണം നല്‍കാവൂ അല്ലെങ്കില്‍ ആ പണം നഷ്ടമാകുമെന്നും, നല്‍കുന്ന തുക വെട്ടിക്കുറക്കണമെന്നുമാണ് അടൂര്‍ പരിപാടിയില്‍ പറഞ്ഞത്. ഈ സമയത്ത് തന്നെ സദസ്സിലുണ്ടായിരുന്ന പുഷ്പവതി ഇതിനെതിരെ പ്രതിഷേധിച്ചിരുന്നു.
ഇതിന് പിന്നാലെ അടൂര്‍ പുഷ്പവതിക്കെതിരെയുള്ള അധിക്ഷേപങ്ങള്‍ തുടരുകയും ചെയ്തിരുന്നു. മാധ്യമങ്ങളോടുള്ള പ്രതികരണത്തിനിടെയാണ് അടൂര്‍ പുഷ്പവതിയെ അധിക്ഷേപിച്ചത്.
പുഷ്പവതി ആരാണെന്നും അവര്‍ക്ക് സിനിമ കോണ്‍ക്ലേവില്‍ പങ്കെടുക്കാന്‍ എന്താണ് അവകാശമെന്നുമായിരുന്നു അടൂരിന്റെ ചോദ്യം. തന്റെ സംസാരം തടസ്സപ്പെടുത്താന്‍ അവര്‍ക്കെന്താണ് അവകാശമെന്നും പബ്ലിസിറ്റിയാണ് അവര്‍ ഉദ്ദേശിക്കുന്നതെന്നും അടൂര്‍ പറഞ്ഞു. ‘താന്‍ വരത്തനൊന്നുമല്ലെന്നും സിനിമ മേഖലയില്‍ പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്ന ആളാണെന്നും എന്നെ സംസാരിക്കാന്‍ അനുവദിക്കാതിരിക്കാന്‍ അവര്‍ ആരാണെന്നും അദ്ദേഹം ചോദിച്ചു. ആരോ ഒരു സ്ത്രീയാണ് അവരെന്നും അവര്‍ക്ക് പബ്ലിസിറ്റി കിട്ടി, അതാണ് ഉദ്ദേശമെന്നും അടൂര്‍ കൂട്ടിച്ചേര്‍ത്തു.
ഈ സമയത്ത് പുഷ്പവതി അറിയപ്പെടുന്ന ഗായികയാണെന്നും അവര്‍ ഒരു സ്ഥാനത്തിരിക്കുന്ന ആളാണെന്നും മാധ്യമ പ്രവര്‍ത്തകന്‍ അദ്ദേഹത്തെ ഓര്‍മിപ്പിച്ചെങ്കിലും അദ്ദേഹം അത് ചെവിക്കൊണ്ടില്ല. തനിക്ക് അവരെ അറിയില്ലെന്നും ഏത് സ്ഥാനത്താണ് അവര്‍ ഇരിക്കുന്നതെന്നും ചോദിച്ച് അധിക്ഷേപം തുടരുകയായിരുന്നു.
അവര്‍ ഒരു അറിയപ്പെടാത്ത ആളാണെന്നും ഫിലിം കോണ്‍ക്ലേവില്‍ വരാന്‍ അവര്‍ക്ക് യാതൊരു അവകാശവുമില്ലെന്നും ഈ സമയത്തും അടൂര്‍ പറഞ്ഞുകൊണ്ടേയിരുന്നു. തന്നെ പോലുള്ള ഒരാള്‍ സംസാരിക്കുമ്പോള്‍ വഴിയെ പോകുന്ന സ്ത്രീകള്‍ക്ക് കയറി സംസാരിക്കാനുള്ള വേദിയല്ല ഫിലിം കോണ്‍ക്ലേവെന്നും അത് ചന്തയൊന്നുമല്ലെന്നും അടൂര്‍ ക്ഷോഭിച്ചുകൊണ്ട് പറഞ്ഞു.
Content Highlight: Pushpavathy’s responce to Adoor Gopalakrishnan