| Monday, 27th January 2025, 9:26 pm

തിയേറ്ററില്‍ കണ്ടതല്ല കഥ, നെറ്റ്ഫ്‌ളിക്‌സില്‍ റീലോഡഡ് വേര്‍ഷനുമായി പുഷ്പ 2

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കഴിഞ്ഞവര്‍ഷം ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും വലിയ വിജയമായി മാറിയ ചിത്രമായിരുന്നു പുഷ്പ 2. അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്ത് 2021ല്‍ പുറത്തിറങ്ങിയ പുഷ്പ ദി റൈസിന്റെ തുടര്‍ച്ചയായിരുന്നു പുഷ്പ 2 ദി റൂള്‍. പാന്‍ ഇന്ത്യന്‍ റിലീസായെത്തിയ ആദ്യഭാഗം ഇന്ത്യയൊട്ടുക്ക് ആഘോഷമാക്കിയിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് വന്‍ വരവേല്പായിരുന്നു ലഭിച്ചത്.

റിലീസിന് മുമ്പ് തന്നെ 1000 കോടി നേടിയ ആദ്യ ഇന്ത്യന്‍ ചിത്രമെന്ന നേട്ടത്തോടെയാണ് പുഷ്പ 2 പ്രദര്‍ശനത്തിനെത്തിയത്. ആദ്യദിനം തൊട്ട് ബോക്‌സ് ഓഫീസിലെ പല റെക്കോഡുകളും പുഷ്പ 2 തകര്‍ത്തെറിഞ്ഞിരുന്നു. ഏറ്റവും വേഗത്തില്‍ 500, 1000 കോടി കളക്ഷന്‍ നേടുന്ന ചിത്രമായി പുഷ്പ 2 മാറി. ഇതിന് പുറമെ 2024ല്‍ സ്ത്രീ 2വിനെ മറികടന്ന് ബോളിവുഡിലെ ഇന്‍ഡസ്ട്രിയല്‍ ഹിറ്റായി മാറാനും പുഷ്പ 2വിന് സാധിച്ചു.

ബോക്‌സ് ഓഫീസില്‍ വിജയമായി മാറിയെങ്കിലും ചിത്രത്തിന് പല നിരൂപകരും ശരാശരി അഭിപ്രായമാണ് നല്‍കിയത്. അനാവശ്യമായി മൂന്നാം ഭാഗത്തിലേക്ക് വലിച്ചുനീട്ടിയതും പരസ്പരബന്ധമില്ലാത്ത ചില രംഗങ്ങളും ചിത്രത്തെ പിന്നോട്ടുവലിച്ചെന്നാണ് നിരൂപകര്‍ അഭിപ്രായപ്പെട്ടത്. മൂന്ന് മണിക്കൂര്‍ 15 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ നിന്ന് പല ഭാഗങ്ങളും ഒഴിവാക്കേണ്ടി വന്നെന്ന് അണിയറപ്രവര്‍ത്തകര്‍ പിന്നീട് അറിയിച്ചു.

ഒടുവില്‍ റിലീസ് ചെയ്ത് ഒരു മാസത്തിന് ശേഷം 20 മിനിറ്റോളം അധികം ചേര്‍ത്ത റീലോഡഡ് വേര്‍ഷന്‍ അണിയറപ്രവര്‍ത്തകര്‍ തിയേറ്ററിലെത്തിച്ചിരുന്നു. തെലുങ്ക് സിനിമയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സിനിമയില്‍ അധികം രംഗങ്ങള്‍ ചേര്‍ത്ത് വീണ്ടും പ്രദര്‍ശനത്തിനെത്തിച്ചത്. റീലോഡഡ് വേര്‍ഷനും ആരാധകര്‍ വന്‍ വരവേല്പായിരുന്നു നല്‍കിയത്. എന്നാല്‍ തെലുങ്ക് വേര്‍ഷന്‍ മാത്രമായിരുന്നു ഇത്തരത്തില്‍ പുറത്തുവന്നത്.

ഇപ്പോഴിതാ ചിത്രത്തിന്റെ ഒ.ടി.ടി. റിലീസ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുകയാണ്. ജനുവരി 30ന് ചിത്രം നെറ്റ്ഫ്‌ളിക്‌സിലൂടെ സ്ട്രീം ചെയ്യും. 20 മിനിറ്റ് അധികം ചേര്‍ത്ത റീലോഡഡ് വേര്‍ഷനാണ് ഒ.ടി.ടിയിലെത്തുക. ഇതോടെ ചിത്രത്തിന്റെ ദൈര്‍ഘ്യം മൂന്ന് മണിക്കൂര്‍ 44 മിനിറ്റായി മാറുകയും ചെയ്യും. 270 കോടിക്കാണ് ചിത്രത്തിന്റെ ഒ.ടി.ടി റൈറ്റസ് നെറ്റ്ഫ്‌ളിക്‌സ് സ്വന്തമാക്കിയത്. ഒരു ഇന്ത്യന്‍ സിനിമയുടെ ഏറ്റവുമുയര്‍ന്ന ഒ.ടി.ടി റൈറ്റ്‌സാണിത്.

തിയേറ്ററില്‍ നിന്ന് വേള്‍ഡ്‌വൈഡായി 1738 കോടിയാണ് നേടിയത്. ഇതില്‍ 769 കോടി ഹിന്ദി വേര്‍ഷനിലൂടെയാണ് നേടിയത്. രാജമൗലി- പ്രഭാസ് കൂട്ടുകെട്ടില്‍ പിറന്ന ബാഹുബലി 2വിന്റെ ഹിന്ദി കളക്ഷനാണ് പുഷ്പ 2 മറികടന്നത്. ചിത്രത്തിന്റെ വ്യാജപതിപ്പ് രണ്ടാം ദിവസം തന്നെ ഇന്റര്‍നെറ്റില്‍ വന്നത് വലിയ വാര്‍ത്തയായിരുന്നു.

Content Highlight: Pushpa 2 reloaded version going to stream in Netflix

We use cookies to give you the best possible experience. Learn more