| Tuesday, 21st January 2025, 5:20 pm

പുഷ്പ 2, ഗെയിം ചേഞ്ചര്‍ നിര്‍മാതാക്കളുടെ വീട്ടില്‍ ഇന്‍കം ടാക്‌സ് റെയ്ഡ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തെലുങ്കിലെ മുന്‍നിര നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ്, എസ്.വി ക്രിയേന്‍ഷസ് എന്നിവയുടെ ഉടമസ്ഥരായ നവീന്‍ യെര്‍നേനി, ദില്‍ രാജു എന്നിവരുടെ വീട്ടിലും ഓഫീസിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്. മൈത്രി മൂവി മേക്കേഴ്‌സിന്റെ ഉടമയായ നവിന്‍ യെര്‍നേനിയുടെ വീട്ടിലടക്കം എട്ട് സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്. 55 ടീമുകളെ ഇതിനായി വിന്യസിച്ചിട്ടുണ്ട്.

എസ്.വി ക്രിയേഷന്‍സിന്റെ ഉടമയായ ദില്‍ രാജുവിന്റെ വീട്ടിലും ആദായനികുതി വകുപ്പ് പരിശാധിക്കുന്നുണ്ട്. ബഞ്ചാര ഹില്‍സ്, ജൂബിലി ഹില്‍സ് എന്നിവിടങ്ങളിലെ വസതികളിലാണ് റെയ്ഡ്. ദില്‍ രാജുവിന്റെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളും ആദായനികുതി വകുപ്പ് നിരീക്ഷിക്കുന്നുണ്ടെന്നാണ് വിവരം.

രണ്ട് നിര്‍മാതാക്കളുടെയും ആദായനികുതി റിട്ടേണിലെ പൊരുത്തക്കേടുകള്‍ സംബന്ധിച്ച പരാതിയിന്മേലാണ് റെയ്ഡ് നടത്തുന്നത്. മൈത്രി മൂവി മേക്കേഴ്‌സിന്റെ പുഷ്പ 2, ദില്‍ രാജുവിന്റെ ഗെയിം ചേഞ്ചര്‍, സംക്രാന്തിക്കി വസ്തുന്നാം, ഫാമിലി സ്റ്റാര്‍ എന്നീ ചിത്രങ്ങളുടെ കളക്ഷന്‍ സംബന്ധിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്.

മൈത്രി മൂവി മേക്കേഴ്‌സിന്റെ ഏറ്റവും പുതിയ ചിത്രമായ പുഷ്പ 2 ബോക്‌സ് ഓഫീസില്‍ നിന്ന് 1800 കോടിയോളമാണ് കളക്ട് ചെയ്തത്. ഇതേ പ്രൊഡക്ഷന്‍ ഹൗസിന്റെ പുഷ്പ ദ റൈസും ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായിരുന്നു. എന്നാല്‍ പുഷ്പ 2വിന്റെ കളക്ഷനില്‍ പൊരുത്തക്കേടുകളുണ്ടെന്ന് സോഷ്യല്‍ മീഡിയയില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അതേസമയം ദില്‍ രാജു നിര്‍മിച്ച ഗെയിം ചേഞ്ചര്‍ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ നഷ്ടമുണ്ടാക്കിയ ചിത്രമായി മാറിയിരിക്കുകയാണ്. 450 കോടി ബജറ്റിലൊരുങ്ങിയ ചിത്രം വെറും 200 കോടി മാത്രമാണ് നേടിയത്. ചിത്രം ആദ്യദിനം വെറും 80 കോടി മാത്രമായിരുന്നു നേടിയത്. എന്നാല്‍ നിര്‍മാതാക്കള്‍ പുറത്തുവിട്ട പോസ്റ്ററില്‍ 180 കോടി കളക്ഷന്‍ നേടിയെന്നായിരുന്നു കാണിച്ചത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ് ഈ പോസ്റ്റര്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് പ്രസ്താവന ഇറക്കുകയും ചെയ്തിരുന്നു.

ദില്‍ രാജുവിന്റെ മറ്റൊരു ചിത്രമായ സംക്രാന്തികി വസ്തുന്നം ബ്ലോക്ക്ബസ്റ്ററായി മാറിയിരിക്കുകയാണ്. വെങ്കടേഷ് നായകനായ ചിത്രം ഇതിനോടകം 200 കോടിക്ക് മുകളില്‍ കളക്ട് ചെയ്തുകഴിഞ്ഞു. ഐശ്വര്യ രാജേഷ്, മീനാക്ഷി ചൗധരി എന്നിവരാണ് നായികമാര്‍. വെങ്കടേഷിന്റെ കരിയറിലെ ആദ്യ 200 കോടി ചിത്രം കൂടിയാണ് ഇത്.

Content Highlight: Pushpa 2 and Game Changer movie producer’s facing Income Tax raid

We use cookies to give you the best possible experience. Learn more