| Thursday, 10th September 2026, 2:13 pm

ശുദ്ധീകരണം ജിഹാദി മുദ്രാവാക്യം മൂലം: ഖാര്‍ഗെക്കെതിരായ ജാതി അധിപേക്ഷത്തെ ന്യായീകരിച്ച് ധാമി

നിഷാന. വി.വി

ന്യൂദല്‍ഹി: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മല്ലികാര്‍ജുന്‍ ഖാര്‍ഗെ പങ്കെടുത്ത വേദി ശുദ്ധീകരിച്ച സംഭവത്തെ ന്യായീകരിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി. കോണ്‍ഗ്രസ് റാലിയില്‍ ജിഹാദി മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നതാണ് ശുദ്ധീകരണം നടത്താന്‍ കാരണമെന്നായിരുന്നു ദാമിയുടെ വിശദീകരണം.

‘ ജിഹാദി മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ ഒരു സാമൂഹിക സംഘടനയാണ് ശുദ്ധീകരണം നടത്തിയത്. അത് ഒരു വ്യക്തിയേയും ലക്ഷ്യം വെച്ചായിരുന്നില്ല. ആരെങ്കിലും അതിന് രാഷ്ട്രീയ നിറം നല്‍കാന്‍ ശ്രമിച്ചാല്‍ എന്ത് ചെയ്യാന്‍ പറ്റും. ദളിത് വിഭാഗത്തില്‍പ്പെട്ട വ്യക്തികളും ചടങ്ങില്‍ പങ്കെടുത്ത സാഹചര്യത്തില്‍ എങ്ങനെയാണ് അതൊരു വിഭാഗത്തിനെതിരാണെന്ന് പറയാന്‍ കഴിയുക,’ ധാമി പറഞ്ഞു.

എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി ധാമിയും ബി.ജെ.പിയും രാഷ്ട്രീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു. അത്തരത്തില്‍ ഒരു മുദ്രാവാക്യങ്ങളും പരിപാടിയില്‍ മുഴങ്ങിയിട്ടില്ലെന്നും അതിന് തെളിവ് നിരത്താന്‍ ബി.ജെ.പിക്കും കഴിഞ്ഞിട്ടില്ലെന്നും കോണ്‍ഗ്രസ് വക്താവ് ഗരിമ ദസൗനി പറഞ്ഞു.

കോണ്‍ഗ്രസ് റാലി നടന്ന ഹല്‍ദ്വാനിയിലെ രാംലീല മൈതാനത്താണ് ശുദ്ധീകരണം നടന്നത്. സംഭവം വലിയ വിവാദത്തിന് കാരണമായിരുന്നു. ഓഗസ്റ്റ് എട്ടിന് ഉത്തരാഖണ്ഡിലെ ഹല്‍ദ്വനി രാംലീല മൈതാനിയില്‍ ഖാര്‍ഗെ പങ്കെടുത്ത പൊതുസമ്മേളനത്തിന് പിന്നാലെയാണ് വേദിയില്‍ ശുദ്ധീകരണ ചടങ്ങുകള്‍ നടന്നത്.

ശ്രീരാം സേന ഉള്‍പ്പെടെയുള്ള സംഘടനകളുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍. ഖാര്‍ഗെ ദളിത് വിഭാഗത്തില്‍പ്പെട്ട നേതാവായതിനാലാണ് വേദി ശുദ്ധീകരിച്ചതെന്ന ആരോപണം ഉയര്‍ന്നതോടെ സംഭവം വലിയ രാഷ്ട്രീയ വിവാദമായി.

ഇതിനെതിരെ രാജ്യസഭയിലും പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. പിന്നീട് നടപടിയെടുക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ദിവസങ്ങള്‍ കഴിഞ്ഞിട്ടും കേസെടുക്കാത്തതില്‍ ഖാര്‍ഗെ പ്രതിഷേധിച്ചിരുന്നു. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട എം.പിമാര്‍ നടത്തിയ സമരത്തിനൊടുവിലാണ് കഴിഞ്ഞ ദിവസം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു എം.പിമാരുടെ പ്രതിഷേധം.

Content Highlight: Purification due to jihadi slogans: Dhami justifies casteist bias against Kharge

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more