ഭുവനേശ്വർ: പുരി ജഗന്നാഥ രഥയാത്രയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് മൂന്ന് പേർ മരിച്ചതിനെ തുടർന്ന് കളക്ടറെയും എസ്.പിയെയും സ്ഥലം മാറ്റിയതായി ഒഡിഷ മുഖ്യമന്ത്രി മോഹൻ ചരൺ മാഝി. അപകടത്തിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് ഭക്തർക്ക് ജീവൻ നഷ്ടപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
അപകടത്തിന് കാരണം സുരക്ഷാ ക്രമീകരണങ്ങളിൽ ഉണ്ടായ വീഴ്ചയാണെന്ന് വിമർശനങ്ങൾ ഉയരുന്നതിന് പിന്നാലെയാണ് കളക്ടറെയും എസ്.പിയെയും സ്ഥലം മാറ്റിയത്. ആരോപിക്കപ്പെടുന്ന വീഴ്ചകളെക്കുറിച്ച് അടിയന്തര അന്വേഷണം നടത്തുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇത് മാപ്പർഹിക്കാത്തതാണെന്ന് പറഞ്ഞ മുഖ്യമന്ത്രി ദാരുണമായ സംഭവത്തിന് ഉത്തരവാദികളായവർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കുമെന്ന് കൂട്ടിച്ചേർത്തു.
ഒഡീഷയിലെ പുരിയിലെ ശ്രീ ഗുണ്ടിച്ച ക്ഷേത്രത്തിന് സമീപം ഇന്ന് (ഞായറാഴ്ച) പുലർച്ചെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മൂന്ന് പേർ മരണപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ബോലാഗഡിലെ ബസന്തി സാഹു, പ്രേമകാന്ത് മൊഹന്തി, ബലിപട്ടണ സ്വദേശി പ്രവതി ദാസ് എന്നിവരാണ് മരിച്ചത്.
സംഭവത്തെക്കുറിച്ച് സംസ്ഥാന സർക്കാർ സമഗ്രമായ അന്വേഷണം നടത്തുമെന്നും തുടർന്ന് കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഒഡീഷ നിയമമന്ത്രി പൃഥ്വിരാജ് ഹരിചന്ദനും പറഞ്ഞു.
പുലർച്ചെ നാല് മണിയോടെയാണ് രഥങ്ങളിലെ മൂന്ന് ദേവതകളുടെ അനാച്ഛാദനത്തിനായി നിരവധി ഭക്തർ ഗുണ്ടിച്ച ക്ഷേത്രത്തിന് സമീപം കാത്തുനിൽക്കുന്നതിനിടെ അപകടമുണ്ടായത്. അപകടത്തിന് കാരണം സുരക്ഷാ വീഴ്ചയാണെന്ന് ഭക്തർ വിമർശിച്ചു. വി.ഐ.പികൾക്കായി പ്രവേശന കവാടം നിർമിച്ചിട്ടുണ്ടെന്നും, സാധാരണക്കാർക്ക് ഈ കവാടം ഉപയോഗിക്കാൻ കഴിയില്ലായിരുന്നെന്നും പ്രദേശവാസികളും ഭക്തരും പറഞ്ഞു.
ബിജു ജനതാദൾ നേതാവും ഒഡീഷ മുൻ മുഖ്യമന്ത്രിയുമായ നവീൻ പട്‌നായിക് തിക്കിലും തിരക്കിലും പെട്ട് മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തുകയും സർക്കാരിന്റെ അനാസ്ഥയെ വിമർശിക്കുകയും ചെയ്തു. രഥയാത്രയ്ക്കിടെ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ സാധിക്കാത്ത സർക്കാർ സംവിധാനങ്ങൾ പരാജയമാണെന്ന് പട്‌നായിക് വിമർശിച്ചു.
Content Highlight: Puri stampede: Three killed, several injured during Jagannath Rath Yatra; CM Majhi says Collector and SP transferred