| Tuesday, 26th August 2025, 5:27 pm

പുണ്യാഹം മനുഷ്യരെ അപരരാക്കുന്ന ബ്രാഹ്‌മണ്യാനുഷ്ഠാനം; ഗുരുവായൂര്‍ ക്ഷേത്രത്തിലെ ശുദ്ധികലശത്തില്‍ ശ്യാംകുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ശുദ്ധികലശത്തില്‍ സാമൂഹിക നിരീക്ഷകനും ദളിത് ചിന്തകനുമായ ടി.എസ്. ശ്യാംകുമാറിന്റെ പരോക്ഷ വിമര്‍ശനം. പുണ്യാഹം മനുഷ്യരെ അപരരാക്കുന്ന ബ്രാഹ്‌മണ്യാനുഷ്ഠാനമാണെന്നത് തര്‍ക്കമറ്റ വസ്തുതതയാണെന്ന് ശ്യാംകുമാര്‍ പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ശ്യാംകുമാറിന്റെ പ്രതികരണം.

പുണ്യാഹമെന്ന അനുഷ്ഠാനം അടിസ്ഥാനപരമായി തൊട്ടുകൂടായ്മയുമായും അയിത്തവുമായും ബന്ധപ്പെട്ട ഒന്നാണെന്നും ടി.എസ്. ശ്യാംകുമാര്‍ ചൂണ്ടിക്കാട്ടി. അയിത്തക്കാരായി ബ്രാഹ്‌മണ്യം സ്ഥാനപ്പെടുത്തുന്ന ജനസമുദായങ്ങള്‍ ക്ഷേത്രപ്രദേശത്ത് പ്രവേശിക്കുമ്പോള്‍ പുണ്യാഹം മുതലായ പ്രായശ്ചിത്ത ക്രിയകള്‍ അനുഷ്ഠിക്കാന്‍ തന്ത്രഗ്രന്ഥങ്ങള്‍ വിധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘വെളുത്തേടത്തെ ഒരു നായര്‍ സ്ത്രീ തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തില്‍ പ്രവേശിച്ച് അശുദ്ധമാക്കിയതിന് പ്രായശ്ചിത്തമായി ബ്രാഹ്‌മണര്‍ക്ക് പശുദാനവും പുണ്യാഹവും ആചരിച്ചതിനെ കുറിച്ച് തിരുവല്ല പറമ്പൂരില്ലം ഗ്രന്ഥവരിയില്‍ പരാമര്‍ശിക്കുന്നുണ്ട്. ഒരു ഈഴവ സ്ത്രീ തൃപ്പൂണിത്തുറ ക്ഷേത്രത്തില്‍ പ്രവേശിച്ച് അശുദ്ധമാക്കിയതിന് പരിഹാരമായി നിര്‍വഹിച്ച അനുഷ്ഠാനങ്ങളെ പറ്റി തൃപ്പൂണിത്തുറ ഗ്രന്ഥവരിയിലും പരാമര്‍ശങ്ങള്‍ കാണാം. ഇങ്ങനെ നൂറ് കണക്കിന് രേഖകള്‍ പുണ്യാഹത്തെയും അയിത്തത്തെയും കുറിച്ച് തന്ത്രഗ്രന്ഥങ്ങളിലും ക്ഷേത്രഗ്രന്ഥവരികളിലുമുണ്ട്. പുണ്യാഹം അയിത്തവുമായും തൊട്ടുകൂടായ്മയുമായി ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണെന്ന് ചരിത്രരേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു,’ ടി.എസ്. ശ്യാംകുമാര്‍ ചൂണ്ടിക്കാട്ടി.

‘അഹിന്ദു’ക്കള്‍ക്ക് പ്രവേശനമില്ലെന്ന് എഴുതി വച്ചിരിക്കുന്നവരുടെ ‘ലോകാ: സമസ്താ: സുഖിനോ ഭവന്തു’ എന്ന ശ്ലോകാലാപനം എത്രമാത്രം സങ്കുചിതവും അപരഹിംസ നിറഞ്ഞതുമാണെന്ന് പറയേണ്ടതില്ലെന്നും ശ്യാംകുമാര്‍ പറഞ്ഞു.

ഈ അര്‍ത്ഥത്തില്‍ ‘അഹിന്ദു’ എന്ന പ്രയോഗം അപരവത്ക്കരത്തിന്റെ മറ്റൊരു മാതൃകയാണെന്ന് തിരിച്ചറിയാന്‍ കഴിയും. അടിച്ചമര്‍ത്തലിന്റെ ബ്രാഹ്‌മണമതം ക്രൂരമായി പുതിയ കാലത്തും ജനഹിംസ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇവരുടെ തത്വമസി സിദ്ധാന്തങ്ങളുടെ കാപട്യം വീണ്ടും വീണ്ടും വെളിപ്പെടുകയാണെന്നും ശ്യാംകുമാര്‍ പറഞ്ഞു.

അതേസമയം സോഷ്യല്‍മീഡിയ ഇന്‍ഫ്ളുവന്‍സര്‍ ജാസ്മിന്‍ ജാഫര്‍ ക്ഷേത്രക്കുളത്തില്‍ കാല്‍ കഴുകിയ സംഭവത്തിന് പിന്നാലെയാണ് ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ ദേവസ്വം ബോര്‍ഡ് പുണ്യാഹം നടത്താന്‍ തീരുമാനിച്ചത്. റീല്‍സ് ചിത്രീകരിക്കാന്‍ അഹിന്ദുവായ യുവതി ക്ഷേത്രക്കുളത്തില്‍ കാല്‍ കഴുകിയെന്ന കാരണത്താലാണ് പുണ്യാഹത്തിന് തീരുമാനമുണ്ടായത്.

ക്ഷേത്രത്തില്‍ ആറ് ദിവസത്തെ പൂജകളും ശീവേലിയും 18 പൂജകളും 18 ശീവേലിയും നടത്താനായിരുന്നു തീരുമാനം. റീല്‍സ് ചിത്രീകരിച്ചതില്‍ ജാസ്മിന്‍ ജാഫറിനെതിരെ ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ ഒ.ബി. അരുണ്‍ കുമാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

Content Highlight: Punyaham is a Brahminical practice that alienates people: TS Syamkumar

We use cookies to give you the best possible experience. Learn more