കണ്ണൂര്‍: സി.പി.ഐ.എം പ്രവര്‍ത്തകന്‍ ഇരിട്ടി പുന്നാട് യാക്കൂബ് (24) വധത്തില്‍ പ്രതികളുടെ ജീവപര്യന്തം ശരിവെച്ച് ഹൈക്കോടതി. അഞ്ച് ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകരുടെ ശിക്ഷയാണ് കോടതി ശരിവെച്ചത്.
തലശ്ശേരി സെഷന്‍സ് കോടതിയാണ് പ്രതികളെ ജീവപര്യന്തം തടവിന് വിധിച്ചിരുന്നത്. ആര്‍.എസ്.എസ് നേതാവ് ശങ്കരന്‍ പുന്നാട് ഉള്‍പ്പെടെയുള്ളവരാണ് കേസിലെ പ്രതികള്‍.
2003 ജൂണ്‍ 13ന് ബോംബെറിഞ്ഞാണ് യാക്കൂബിനെ കൊലപ്പെടുത്തിയത്. സുഹൃത്തുക്കള്‍ക്കൊപ്പം ഇരിക്കുന്നതിനിടെയാണ് യാക്കൂബ് ആക്രമിക്കപ്പെട്ടത്. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചതോടെ പ്രതികള്‍ ബോംബെറിയുകയായിരുന്നു.
ആക്രമണത്തില്‍ മറ്റ് രണ്ട് സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരുന്നു. കേസ് പരിഗണിച്ച ജഡ്ജി ആര്‍.എല്‍. ബൈജു പ്രതികളെ ജീവപര്യന്തം കഠിന തടവിന് ശിക്ഷിക്കുകയായിരുന്നു. പ്രതികള്‍ 50,000 രൂപ പിഴയും അടയ്ക്കണം.
വിലങ്ങേരി ശങ്കരന്‍ മാസ്റ്റര്‍ (48) മനോഹരന്‍ എന്ന മനോജ് (42) ടി.വി. വിജേഷ് (38) പ്രകാശന്‍ എന്ന ജോക്കര്‍ പ്രകാശന്‍ (48) പി. കാവ്യേഷ് എന്ന കാവ്യേഷ് പുന്നാട് (40) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.
കേസിലെ 16 പ്രതികളില്‍ ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി ഉള്‍പ്പെടെ 11 പേരെ സെഷൻ കോടതി വെറുതെ വിട്ടിരുന്നു. ഗൂഢാലോചന കുറ്റം ചുമത്തിയാണ് തില്ലങ്കേരിക്കെതിരെ കേസെടുത്തത്.
പന്നിയോടന്‍ ജയകൃഷ്ണന്‍ (39), കുറ്റിയാടന്‍ ദിവാകരന്‍ (59), എസ്.ഡി. സുരേഷ് (48), പി.കെ. പവിത്രന്‍ (38), മാവിള ഹരീന്ദ്രന്‍ (56), കെ.കെ. പത്മനാഭന്‍ (36), എസ്.ടി. സജീഷ് (36), വള്ളി കുഞ്ഞിരാമന്‍ (42), കിഴക്കേ വീട്ടില്‍ ബാബു (41) എന്നിവരെയാണ് കോടതി വെറുതെ വിട്ടത്.
Content Highlight: Punnadu Yakub murder case: Life sentence of five RSS-BJP activists confirmed