| Monday, 16th November 2026, 1:03 pm

ഐ.പി.എല്ലിൽ പഞ്ചാബിന് 'സെഞ്ച്വറി' ഇല്ല; ചരിത്രം ഇപ്പോഴും അകലെ...

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും വലിയ താരകൈമാറ്റം അടുത്തിടെ നടന്നിരുന്നു. മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യ പഞ്ചാബ് കിങ്സിലേക്കും പേസർ അർഷ്ദീപ് സിങ് മുംബൈ ഇന്ത്യൻസിലേക്കും കൂടുമാറി. അർഷ്ദീപ് മുംബൈ ബൗളിങ് നിരക്ക് കരുത്തുപകരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അർഷ്ദീപ് ടി-20യിലെ ഇന്ത്യയുടെ ഏറ്റവും മികച്ച ബൗളറാണ്. താരത്തിന്റെ വരവ് ജസ്പ്രീത് ബുംറക്കൊപ്പം പേസ് അറ്റാക്കിങ് കൂടുതൽ കരുത്തുറ്റതാക്കി മാറ്റാനായിരിക്കും മുംബൈ ലക്ഷ്യം വെക്കുക. ഐ.പി.എല്ലിൽ 96 മത്സരങ്ങളിൽ നിന്നും 111 വിക്കറ്റുകളാണ്‌ താരം നേടിയിട്ടുള്ളത്.

അർഷ്ദീപ് പഞ്ചാബ് വിട്ടതോടെ ഐ.പി.എല്ലിലെ പല ടീമുകൾക്കും അവകാശപ്പെടാൻ സാധിക്കുന്ന ഒരു റെക്കോഡും പഞ്ചാബിന് സ്വന്തമാക്കാൻ കഴിയാതെ പോയി. പഞ്ചാബിന് വേണ്ടി ഇതുവരെ ഒരു താരം പോലും 100 മത്സരങ്ങൾ പൂർത്തിയാക്കിയിട്ടില്ല.

96 മത്സരങ്ങൾ കളിച്ച അർഷ്ദീപാണ് പഞ്ചാബിന് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങളിൽ കളത്തിൽ ഇറങ്ങിയിരുന്നത്. നാല് മത്സരങ്ങൾ കൂടി പഞ്ചാബിനൊപ്പം കളിച്ചിരുന്നെങ്കിൽ ഈ ചരിത്രം നേട്ടം അർഷ്ദീപിന് സ്വന്തമാക്കാൻ സാധിക്കുമായിരുന്നു. എന്നാൽ അർഷ്ദീപ് മുംബൈയിലേക്ക് ചേക്കേറിയതോടെ പഞ്ചാബിനും ഈ ലിസ്റ്റിൽ ഇടം നേടാൻ സാധിക്കാതെ പോയി.

ഐ.പി.എല്ലിൽ വ്യത്യസ്ത ടീമുകൾക്ക് വേണ്ടി 100 മത്സരങ്ങൾ പൂർത്തിയാക്കിയ താരങ്ങൾ

മുംബൈ ഇന്ത്യൻസ് – രോഹിത് ശർമ, കീറോൺ പൊള്ളാർഡ്, ഹർഭജൻ സിങ്, അമ്പാട്ടി റായുഡു, ലസിത് മലിംഗ, ജസ്പ്രീത് ബുംറ, ഹർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ്

ചെന്നൈ സൂപ്പർ കിങ്‌സ് – എം.എസ്. ധോണി, സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ, ഡ്വെയ്ൻ ബ്രാവോ, ആർ. അശ്വിൻ

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് – ഗൗതം ഗംഭീർ, സുനിൽ നരെയ്ൻ, ആന്ദ്രേ റസൽ, യൂസഫ് പഠാൻ

റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു – വിരാട് കോഹ്‌ലി, എ.ബി. ഡിവില്ലേഴ്‌സ്, യുസ്‌വേന്ദ്ര ചഹൽ

ദൽഹി ക്യാപിറ്റൽസ് – റിഷബ് പന്ത്, അക്സർ പട്ടേൽ

രാജസ്ഥാൻ റോയൽസ് – സഞ്ജു സാംസൺ, അജിങ്ക്യ രഹാനെ

സൺറൈസേഴ്‌സ് ഹൈദരാബാദ് – ഭുവനേശ്വർ കുമാർ

അതേസമയം ഹർദിക്കിനെ സ്വന്തമാക്കിയത് പഞ്ചാബിന് വലിയ നേട്ടമുണ്ടാവുമെന്നുറപ്പാണ്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങാൻ സാധിക്കുന്ന ഒരു കരുത്തുറ്റ ഓൾ റൗണ്ടറെയാണ് ശ്രേയസ് അയ്യർക്കും സംഘത്തിനും ലഭിച്ചിരിക്കുന്നത്.

ഇന്ത്യൻ പ്രിമീയർ ലീഗിൽ 2015ൽ അരങ്ങേറിയ ഹർദിക് 162 മത്സരങ്ങളിൽ നിന്നും 2955 റൺസാണ് നേടിയിട്ടുള്ളത്. 10 അർധ സെഞ്ച്വറികളും ഇന്ത്യൻ ഓൾ റൗണ്ടറുടെ അക്കൗണ്ടിലുണ്ട്. ബൗളിങ്ങിൽ 82 വിക്കറ്റുകളാണ്‌ ഹർദിക് നേടിയിട്ടുള്ളത്. ഒരു ഫൈഫറും താരം സ്വന്തമാക്കി.

ഐപിഎല്ലിൽ ക്യാപ്റ്റൻസിയിലും കഴിവ് തെളിയിച്ച താരമാണ് ഹർദിക്. ക്യാപ്റ്റനായ ആദ്യ സീസണിൽ തന്നെ ഗുജറാത്ത് ടൈറ്റൻസിനെ ചാമ്പ്യൻമാരാക്കിയ ഹർദിക് ക്യാപ്റ്റൻസി മികവ് തെളിയിച്ചത്. ആദ്യ സീസണിൽ രാജസ്ഥാൻ റോയൽസിനെ ഫൈനലിൽ തോൽപിച്ചുകൊണ്ടാണ് പാണ്ഡ്യ കിരീടമുയർത്തിയത്.

Content Highlight: Punjab Kings rare record in IPL history

We use cookies to give you the best possible experience. Learn more