| Monday, 11th May 2026, 9:15 pm

സഞ്ജു നേടിയത് ഒന്ന് മാത്രം; മൂന്നാം തവണയും അപൂര്‍വ നേട്ടത്തില്‍ പഞ്ചാബിന്റെ പ്രിയന്‍

Sudev A

ഐ.പി.എല്ലില്‍ അപൂര്‍വ നേട്ടം വീണ്ടും സ്വന്തമാക്കി പഞ്ചാബ് കിങ്സ് ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യ. ദല്‍ഹി ക്യാപിറ്റല്‍സിനെതിരെയുള്ള മത്സരത്തില്‍ ഇന്നിങ്‌സില്‍ നേരിട്ട ആദ്യ പന്ത് തന്നെ സിക്‌സര്‍ പറത്തിയാണ് ആര്യ അമ്പരപ്പിച്ചത്. പഞ്ചാബിന്റെ സെക്കന്റ് ഹോം ഗ്രൗണ്ടായ ധര്‍മശാലയില്‍ നടക്കുന്ന മത്സരത്തില്‍ മിച്ചല്‍ സ്റ്റാര്‍ക്ക് എറിഞ്ഞ ആദ്യ പന്ത് തന്നെ ഗാലറിയില്‍ എത്തിക്കുകയായിരുന്നു പഞ്ചാബ് താരം.

മൂന്നാം തവണയാണ് ഐ.പി.എല്ലില്‍ ഒരു ഇന്നിങ്‌സിലെ ആദ്യ പന്തില്‍ തന്നെ പ്രിയാന്‍ഷ് സിക്‌സര്‍ നേടുന്നത്. നാല് തവണ ഇത്തരത്തില്‍ സിക്‌സര്‍ നേടിയ രാജസ്ഥാന്‍ റോയല്‍സ് താരം യശ്വസി ജെയ്സ്വാള്‍ മാത്രമാണ് ആര്യയ്ക്ക് മുന്നിലുള്ളത്. മൂന്ന് തവണ ഇത്തരത്തിലൊരു നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ താരവും പ്രിയാന്‍ഷ് തന്നെയാണ്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് വേണ്ടി അര്‍ധ സെഞ്ച്വറി നേടിയാണ് പ്രിയാന്‍ഷ് തിളങ്ങിയത്. 33 പന്തില്‍ 56 റണ്‍സാണ് താരം അടിച്ചെടുത്തത്. രണ്ട് ഫോറുകളും ആറ് കൂറ്റന്‍ സിക്‌സുകളും അടങ്ങുന്നതാണ് ആര്യയുടെ ഇന്നിങ്സ്.

റോബിന്‍ ഉത്തപ്പ, ഫില്‍ സാള്‍ട്ട്, നമന്‍ ഓജ, സുനില്‍ നരെയ്ന്‍, വിരാട് കോഹ്ലി, മായങ്ക് അഗര്‍വാള്‍ എന്നിവര്‍ ഓരോ സിക്‌സ് വീതവും ആദ്യ പന്തില്‍ നേടിയിട്ടുണ്ട്. മലയാളി താരം സഞ്ജു സാംസണ്‍ ഈ സീസണിലാണ് ഈ നേട്ടം കൈപ്പിടിയിലാക്കിയിരുന്നത്. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെയുള്ള മത്സരത്തിലാണ് നേരിട്ട ആദ്യ പന്ത് തന്നെ സിക്‌സര്‍ നേടി സഞ്ജു ഞെട്ടിച്ചത്.

അതേസമയം ഈ മത്സരത്തില്‍ വിജയിക്കാനായാല്‍ പഞ്ചാബിന് 15 പോയിന്റുമായി ഒന്നാം സ്ഥാനത്തേക്ക് മുന്നേറാന്‍ സാധിക്കും. നിലവില്‍ 13 പോയിന്റോടെ നാലാം സ്ഥാനത്താണ് പഞ്ചാബ്. സീസണിന്റെ തുടക്കത്തില്‍ ഏഴ് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ ഒറ്റ മത്സരം പോലും പരാജയപ്പെടാതെയാണ് പഞ്ചാബ് കുതിച്ചത്. എന്നാല്‍ അവസാനത്തെ മൂന്ന് മത്സരങ്ങളിലും പഞ്ചാബ് തോല്‍വി ഏറ്റുവാങ്ങി. പ്ലേ ഓഫിലേക്ക് മുന്നേറണമെങ്കില്‍ ടീമിന് ഇനിയുള്ള നാല് മത്സരങ്ങളില്‍ നിന്നും രണ്ട് വിജയങ്ങള്‍ ആവശ്യമാണ്.

പഞ്ചാബ് കിങ്സ് പ്ലെയിങ് ഇലവന്‍

പ്രഭ്‌സിമ്രാന്‍ സിങ് (വിക്കറ്റ് കീപ്പര്‍), പ്രിയാന്‍ഷ് ആര്യ, കൂപ്പര്‍ കനോലി, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), സൂര്യാന്‍ഷ് ഷെഡ്ജെ, ബെന്‍ ഡ്വാര്‍ഷുയിസ്, അര്‍ഷ്ദീപ് സിങ്, യുസ്വേന്ദ്ര ചഹല്‍, മാര്‍ക്കസ് സ്റ്റോണിസ്, ശശാങ്ക് സിങ്, മാര്‍ക്കോ യാന്‍സന്‍.

ദല്‍ഹി ക്യാപിറ്റല്‍സ് പ്ലെയിങ് ഇലവന്‍

കെ.എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് പോരല്‍, സാഹില്‍ പരഖ്, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, ഡേവിഡ് മില്ലര്‍, അക്സര്‍ പട്ടേല്‍ (ക്യാപ്റ്റന്‍), മാധവ് തിവാരി, മുകേഷ് കുമാര്‍, ആഖിബ് നബി ദാര്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, ലുങ്കി എന്‍ഗിഡി.

Content Highlight: Punjab Kings Opener Priyansh Arya set a rare record in ipl

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more