| Tuesday, 21st April 2026, 12:12 pm

ചരിത്രത്തില്‍ മുംബൈയെ വെട്ടിയത് ഒരേയൊരു നായകന്‍ മാത്രം 'ശ്രേയസ് സന്തോഷ് അയ്യര്‍'

Sudev A

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ പരാജയപ്പെടുത്തി മുംബൈ ഇന്ത്യന്‍സ് സീസണിലെ രണ്ടാം ജയം സ്വന്തമാക്കിയിരുന്നു. ഗുജറാത്ത് ടൈറ്റന്‍സിനെ 99 റണ്‍സിനാണ് ഹര്‍ദിക് പാണ്ഡ്യയും സംഘവും വീഴ്ത്തിയത്. ഗുജറാത്തിന്റെ തട്ടകമായ അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്ത് 100 റണ്‍സില്‍ ഓള്‍ ഔട്ടായി.

മുംബൈക്കെതിരെ ഗുജറാത്തും 200+ റണ്‍സ് ചെയ്‌സ് ചെയ്യുന്നതില്‍ പരാജയപ്പെട്ടതോടെ
പഞ്ചാബ് കിങ്‌സിന്റെ പേരില്‍ മാത്രമുള്ള ഒരു റെക്കോര്‍ഡും ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്. ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ 200+ റണ്‍സ് ചെയ്‌സ് ചെയ്ത് വിജയിച്ച ഏക ടീം പഞ്ചാബ് മാത്രമാണ്. 20 മത്സരങ്ങളിലാണ് മുംബൈ 200+ സ്‌കോര്‍ ഡിഫന്‍ഡ് ചെയ്തിട്ടുള്ളത്. ഇതില്‍ 19 മത്സരങ്ങള്‍ വിജയിച്ചപ്പോള്‍ പഞ്ചാബിനോട് മാത്രമാണ് മുംബൈക്ക് അടിപതറിയത്.

കഴിഞ്ഞ സീസണില്‍ രണ്ടാം ക്വാളിഫയര്‍ മത്സരത്തിലായിരുന്നു പഞ്ചാബ് മുംബൈക്കെതിരെ ചരിത്രവിജയം സ്വന്തമാക്കിയത്. മുംബൈ ഉയര്‍ത്തിയ 203 റണ്‍സ് വിജയലക്ഷ്യം 19 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ശ്രേയസ് അയ്യരും സംഘവും മറികടക്കുകയായിരുന്നു. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ മികവിലായിരുന്നു പഞ്ചാബിന്റെ വിജയം. 41 പന്തില്‍ പുറത്താവാതെ 87 റണ്‍സ് നേടിയാണ് അയ്യര്‍ പഞ്ചാബിന് വിജയം സമ്മാനിച്ചത്.

2026 ഐ.പി.എല്ലിലും ശ്രേയസ് അയ്യരിന്റെ ചിറകിലേറി പഞ്ചാബ് കിങ്‌സ് അജയ്യരായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ക്യാപ്റ്റന്‍സി മികവ് കൊണ്ടും മിന്നുന്ന ബാറ്റിങ് പ്രകടനങ്ങള്‍ കൊണ്ടും ഈ സീസണിലും വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ് ശ്രേയസ് അയ്യര്‍.

പഞ്ചാബിനൊപ്പം മാത്രം ഒതുങ്ങുന്നതല്ല പഞ്ചാബിന്റെ പോരാട്ടവീര്യങ്ങള്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് 2024ല്‍ കിരീടം നേടിക്കൊടുത്ത അയ്യര്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെ ചരിത്രത്തിലെ ആദ്യ ഫൈനലിലേക്കും കൈപിടിച്ചുയര്‍ത്തി. കഴിഞ്ഞ സീസണില്‍ 11 വര്‍ഷങ്ങള്‍ക്ക് ശേഷം പഞ്ചാബിനെ കലാശ പോരാട്ടത്തിലേക്ക് നയിച്ചതോടെ ഐ.പി.എല്ലില്‍ മൂന്ന് വ്യത്യസ്ത ടീമുകളെ ഫൈനലിലെത്തിക്കുന്ന ആദ്യ ക്യാപ്റ്റനെന്ന നേട്ടവും അയ്യര്‍ കൈപ്പിടിയിലാക്കി.

പഞ്ചാബ് കിങ്‌സ്. Photo: IndianPremierLeague/x.com

ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഒരു സീസണില്‍ ആദ്യ ആറ് മത്സരങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ ഒറ്റ മത്സരവും പരാജയപ്പെടാതെ മുന്നേറുന്ന ആദ്യ ടീമാണ് പഞ്ചാബ്. മറ്റൊരു ടീമിനും എത്തിപ്പിടിക്കാനാവാത്ത നേട്ടവുമായാണ് പഞ്ചാബ് ആദ്യ കിരീടത്തിലേക്ക് കുതിക്കുന്നത്.

അതേസമയം ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ടി-20 ടീമിന്റെ അടുത്ത ക്യാപ്റ്റനായേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. സെലക്ടര്‍മാര്‍ സൂര്യകുമാര്‍ യാദവിനെ നായകസ്ഥാനത്ത് നിന്ന് മാറ്റാന്‍ തീരുമാനിച്ചാല്‍ അയ്യര്‍ ഇന്ത്യയുടെ അടുത്ത ടി-20 നായകനാവും. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

Content Highlight: Punjab Kings is the only team defend 200+ score against mumbai indians in ipl

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more