| Sunday, 19th April 2026, 11:34 pm

ചരിത്രം! 2026ൽ മുങ്ങാത്ത ഒരേയൊരു പടക്കപ്പൽ; ലഖ്‌നൗവിനെയും വെട്ടി അജയ്യരായി അയ്യർപ്പട

Sudev A

2026 ഐ.പി.എല്ലില്‍ അപരാജിത കുതിപ്പ് തുടര്‍ന്ന് പഞ്ചാബ് കിങ്സ്. ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനെ 54 റണ്‍സിന് വീഴ്ത്തിയാണ് ശ്രേയസ് അയ്യരും സംഘവും സീസണിലെ തങ്ങളുടെ അഞ്ചാം വിജയം സ്വന്തമാക്കിയത്. എല്‍.എസ്.ജിയുടെ സീസണിലെ നാലാം തോല്‍വിയാണിത്.

പഞ്ചാബിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 254 റണ്‍സാണ് ലഖ്നൗവിനെതിരെ അടിച്ചെടുത്തത്. വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്നൗ ഇന്നിങ്സ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഒരു സീസണില്‍ ആദ്യ ആറ് മത്സരങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ ഒറ്റ മത്സരവും പരാജയപ്പെടാതെ മുന്നേറുന്ന ആദ്യ ടീമാണ് പഞ്ചാബ്. മറ്റൊരു ടീമിനും എത്തിപ്പിടിക്കാനാവാത്ത നേട്ടവുമായാണ് അയ്യരും സംഘവും കുതിക്കുന്നത്.

എല്‍.എസ്.ജി നിരയില്‍ 43 റണ്‍സ് നേടിയ ക്യാപ്റ്റന്‍ റിഷബ് പന്താണ് ടോപ് സ്‌കോറര്‍. ഒരു ഫോറും നാല് സിക്‌സുകളുമാണ് പന്ത് നേടിയത്. എയ്ഡന്‍ മര്‍ക്രം 42 റണ്‍സും മിച്ചല്‍ മാര്‍ഷ് 40 റണ്‍സും ആയുഷ് ബദോനി 38 റണ്‍സും നേടി. കൃത്യമായ ഇടവേളകളില്‍ പഞ്ചാബ് ബൗളര്‍മാര്‍ വിക്കറ്റുകള്‍ നേടിയത് എല്‍.എസ്.ജിക്ക് തിരിച്ചടിയായി. പഞ്ചാബിനായി മാര്‍ക്കോ ജാന്‍സന്‍ രണ്ട് വിക്കറ്റും വൈശാഖ് വിജയകുമാര്‍, അര്‍ഷദീപ് സിങ്, യുസ്വേന്ദ്ര ചഹല്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് പ്രിയാന്‍ഷ് ആര്യയുടെയും കൂപ്പര്‍ കോണോലിയുടെയും വെടിക്കെട്ട് പ്രകടനത്തിന്റെ കരുത്തിലാണ് കൂറ്റന്‍ ടോട്ടല്‍ നേടിയത്. പ്രിയാന്‍ഷ് ആര്യ 37 പന്തില്‍ നിന്നും 93 റണ്‍സ് നേടിയാണ് തിളങ്ങിയത്. നാല് ഫോറുകളും ഒമ്പത് കൂറ്റന്‍ സിക്‌സുകളുമാണ് താരം അടിച്ചെടുത്തത്.

കൊണോലി 46 പന്തില്‍ ആറ് ഫോറുകളും ഏഴ് സിക്‌സുകളും അടക്കം 87 റണ്‍സും അടിച്ചെടുത്തു. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ശശാങ്ക് സിങ്ങും മാര്‍ക്കസ് സ്റ്റോണിസും ചേര്‍ന്ന് ടീം ടോട്ടല്‍ 250 കടത്തി. സ്റ്റോണിസ് 29 റണ്‍സും ശശാങ്ക് 17 റണ്‍സും നേടിയാണ് കൂറ്റന്‍ ടോട്ടലിലേക്ക് പഞ്ചാബിനെ നയിച്ചത്.

എല്‍.എല്‍.ജിയുടെ ബൗളിങ്ങില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയത് പ്രിന്‍സ് യാദവ് മാത്രമാണ്. നാല് ഓവറില്‍ 25 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകളാണ് താരം നേടിയത്. എം.സിദ്ധാര്‍ഥും രണ്ട് വിക്കറ്റ് നേടി. മുഹമ്മദ് ഷമി, മൊഹ്സിന്‍ ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

ഏപ്രില്‍ 22നാണ് ലഖ്നൗവിന്റെ അടുത്ത മത്സരം. രാജസ്ഥാന്‍ റോയല്‍സാണ് എതിരാളികള്‍. ഏപ്രില്‍ 25ന് ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെയാണ് ശ്രേയസ് അയ്യരുടെയും സംഘത്തിന്റെയും അടുത്ത മത്സരം.

Content Highlight: Punjab Kings Beat Lucknow Super Gaints in IPL 2026

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more