| Saturday, 4th April 2026, 1:19 pm

15 വൈഡും ഒരു നോ ബോളും; കഴിഞ്ഞ മത്സരം പോലെ ക്യാപ്റ്റന് മാത്രമല്ല, ഇത്തവണ ടീമിന് മൊത്തം എട്ടിന്റെ പണി

ആദര്‍ശ് എം.കെ.

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ പരാജയപ്പെടുത്തി പഞ്ചാബ് കിങ്‌സ് സീസണിലെ രണ്ടാം വിജയം സ്വന്തമാക്കിയിരിക്കുകയാണ്. ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിന്റെ വിജയമാണ് ശ്രേയസ് അയ്യരും സംഘവും സ്വന്തമാക്കിയത്.

ചെന്നൈ ഉയര്‍ത്തിയ 210 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പഞ്ചാബ് ക്യാപ്റ്റന്‍ അടക്കമുള്ള ടോപ്പ് ഓര്‍ഡര്‍ ബാറ്റര്‍മാരുടെ കരുത്തില്‍ എട്ട് പന്ത് ശേഷിക്കെ വിജയം സ്വന്തമാക്കുകയായിരുന്നു.

എന്നാല്‍ മത്സരത്തില്‍ വിജയിച്ചെങ്കിലും കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ബി.സി.സി.ഐ പഞ്ചാബ് കിങ്‌സിന് പിഴ ചുമത്തിയിരിക്കുകയാണ്. ആദ്യ മത്സരത്തിലും മോശം ഓവര്‍ നിരക്കിന്റെ പേരില്‍ അപെക്‌സ് ബോര്‍ഡ് ക്യാപ്റ്റന് പിഴയിട്ടിരുന്നു.

ചെന്നൈയ്‌ക്കെതിരായ മത്സരത്തില്‍ രണ്ട് മണിക്കൂറോളമെടുത്താണ് പഞ്ചാബ് കിങ്‌സ് പന്തെറിഞ്ഞുതീര്‍ത്തത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സമാന സംഭവം ആവര്‍ത്തിച്ചതോടെ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ പിഴയായി 24 ലക്ഷം രൂപ ഒടുക്കണം. ആദ്യ മത്സരത്തില്‍ താരത്തിന് 12 ലക്ഷം പിഴ വിധിച്ചിരുന്നു.

ശ്രേയസ് അയ്യര്‍

കൂടാതെ ഇംപാക്ട് പ്ലെയര്‍ അടക്കമുള്ള ടീമിലെ മറ്റ് താരങ്ങളും പിഴയൊടുക്കണം. ആറ് ലക്ഷമോ അതോ മാച്ച് ഫീസിന്റെ 25 ശതമാനമോ, ഏതാണ് കുറവെങ്കില്‍ അത്രയും തുകയാണ് ടീമിലെ മറ്റ് താരങ്ങള്‍ പിഴയായി അടയ്‌ക്കേണ്ടത്.

കഴിഞ്ഞ മത്സരത്തില്‍ എക്‌സ്ട്രാസ് നല്‍കാന്‍ ബൗളര്‍മാര്‍ മത്സരിച്ചതോടെയാണ് നിശ്ചയിച്ച സമയത്തിനകം ഓവര്‍ എറിഞ്ഞ് പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ പോയത്. പഞ്ചാബ് നിരയിലെ ബൗളര്‍മാര്‍ എല്ലാം ചേര്‍ന്ന് 15 വൈഡും ഒരു നോ ബോളുമാണ് എറിഞ്ഞത്. ഫലത്തില്‍ 2.4 ഓവര്‍ എറിയുന്നതിന് തുല്യമായിരുന്നു ഇത്.

പഞ്ചാബ് നിരയില്‍ മാര്‍ക്കോ യാന്‍സെന്‍ ആകെ ആറ് വൈഡെറിഞ്ഞപ്പോള്‍ യൂസി ചഹല്‍ മൂന്ന് വൈഡും ഒരു നോ ബോളും എറിഞ്ഞു. അര്‍ഷ്ദീപ് സിങ് മൂന്ന്, സേവ്യര്‍ ബാര്‍ട്‌ലെറ്റ് രണ്ട്, മാര്‍കസ് സ്റ്റോയ്‌നിസ് ഒന്ന് എന്നിങ്ങനെയാണ് പഞ്ചാബ് നിരയിലെ മറ്റ് ബൗളര്‍മാര്‍ അഡീഷണലായി എറിഞ്ഞത്.

വൈശാഖ് വിജയ്കുമാര്‍ മാത്രമാണ് വൈഡോ നോ ബോളോ എറിയാതെ തന്റെ ക്വാട്ട എറിഞ്ഞ് പൂര്‍ത്തിയാക്കിയ ഏക പഞ്ചാബ് ബൗളര്‍.

വൈശാഖ് വിജയ്കുമാര്‍

ഏപ്രില്‍ ആറിനാണ് പഞ്ചാബ് കിങ്‌സിന്റെ അടുത്ത മത്സരം. ഇതുവരെ കളിച്ച രണ്ട് മത്സരത്തിലും പരാജയപ്പെട്ട കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് എതിരാളികള്‍. കൊല്‍ക്കത്തയുടെ തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സാണ് പോരാട്ടത്തിന് വേദിയാകുന്നത്.

ഈ മത്സരത്തിലും കുറഞ്ഞ ഓവര്‍ നിരക്ക് ആവര്‍ത്തിച്ചാല്‍ വിലക്ക് അടക്കമുള്ള കടുത്ത ശിക്ഷ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരിന് നേരിടേണ്ടി വരും.

Content highlight: Punjab Kings and captain Shreyas Iyer fined for slow over rate

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more