ഛണ്ഡിഗര്‍: പഞ്ചാബിലുടനീളം 500 ഗ്രാമീണ ജിമ്മുകള്‍ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി ഭഗവന്ദ് മാന്‍. യുവാക്കളുടെ ഫിറ്റ്‌നസ് പ്രോത്സാഹിപ്പിക്കുന്നതിനും ലഹരി ഉപയോഗം തടയുക എന്നത് ലക്ഷ്യമിട്ടുമാണ് സര്‍ക്കാറിന്റെ പുതിയ സംരംഭം.
ഫരീദ് കോട്ട് ജില്ലയിലെ ചന്ദ്ബജ ഗ്രാമത്തിലായിരുന്നു പദ്ധതിയുടെ ഉദ്ഘാടനം നടന്നത്.
‘സര്‍ക്കാര്‍ യുവാക്കളോടൊപ്പം തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കുകയാണ്. നമുക്കെല്ലാവര്‍ക്കും ഒത്തൊരുമിച്ച് സംസ്ഥാനത്തെ പുരോഗതിയിലേക്ക് കൊണ്ടുപോവാം,’ ഉദ്ഘാടന പ്രസംഗത്തിനിടെ മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ലഹരി വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് ജിമ്മുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ലഹരി ഉപയോഗം തടയുന്നതിനായി ഇത്തരത്തില്‍ വിവിധ പദ്ധതികള്‍ പഞ്ചാബ് സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്.
യുവാക്കള്‍ കായിക വിനോദങ്ങളിലേക്ക് തിരിയുന്നതോടെ ലഹരി ഉപയോഗം കുറയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പഞ്ചാബിലെ മുഴുവന്‍ ഗ്രാമങ്ങളിലും സ്‌പോട്‌സ് ക്ലബ്ബുകള്‍ സ്ഥാപിക്കുമെന്ന് ആംആദ്മി പാര്‍ട്ടി മേധാവി അരവിന്ദ് കെജ്‌രിവാള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
തങ്ങളുടെ പാര്‍ട്ടി യുവാക്കളുടെ ശാക്തീകരണത്തിനും ലഹരി നിര്‍മാര്‍ജ്ജനത്തിനും പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Content Highlight: Punjab government inaugurates 500 gyms across the state; Aims to curb drug abuse