ചണ്ഡീഗഢ്: സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തിന് സാക്ഷിയായി പഞ്ചാബ്. സംസ്ഥാനത്ത് 12 ജില്ലകളിലായി ഇതുവരെ 29 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വെള്ളപ്പൊക്കമാണിത്.
എസ്.സി.ഒ ഉച്ചകോടി കഴിഞ്ഞ് ചൈനയില്‍ നിന്നും ഇന്ത്യയില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനെ വിളിച്ച് സ്ഥിതിഗതികള് വിലയിരുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്തിന് എല്ലാ സഹായവും പിന്തുണയും മോദി ഉറപ്പുനല്‍കിയിട്ടുണ്ട്.
പത്താന്‍കോട്ട് ജില്ലയില്‍ മാത്രം ആറ് പേര്‍ മരിച്ചു. ബര്‍ണാല, ഹോഷിയാര്‍പൂര്‍, മന്‍സ, അമൃത്സര്‍, ലുധിയാന, രൂപ്‌നഗര്‍ എന്നീ ജില്ലകളില്‍ മൂന്നുപേര്‍ വീതവും മരിച്ചു. പട്യാല, മൊഹാലി, സാംഗ്രൂര്‍, ഗുരുദാസ്പൂര്‍, ബതിന്ദ എന്നീ ജില്ലകളില്‍ നിന്നും ഓരോരുത്തര്‍ വീതവും മരണപ്പെട്ടു.
ആഗസ്റ്റ് ഒന്നു മുതല്‍ ഇന്നലെ (സെപ്റ്റംബര്‍ ഒന്ന്) വരെയുള്ള സംസ്ഥാന സര്‍ക്കാറിന്റെ കണക്കുകളാണിവ. ഹിമാചല്‍ പ്രദേശിലെയും ജമ്മു കശ്മീരിലെയും കുന്നുകളില്‍ കനത്ത മഴ പെയ്തതാണ് പഞ്ചാബില്‍ വെള്ളപ്പൊക്കത്തിന് കാരണമായത്.
കനത്ത മഴയെ തുടര്‍ന്ന് പുഴയും മറ്റും കരകവിഞ്ഞൊഴുകുകയായിരുന്നു. 1988ന് ശേഷമുള്ള ഏറ്റവും വലിയ വെള്ളപ്പൊക്കമാണിത്. പത്താന്‍കോട്ട് ജില്ലയിലെ വെള്ളപ്പൊക്കത്തില്‍ മൂന്ന് പേരെ കാണാതായതായും റിപ്പോര്‍ട്ടുകളുണ്ട്.
പഞ്ചാബിലുടനീളം 1300ല്‍ അധികം ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായിട്ടുണ്ട്. 7000ത്തോളം ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപാര്‍പ്പിച്ചതായിട്ടാണ് സംസ്ഥാന സര്‍ക്കാറിന്റെ കണക്കുകള്‍. കനത്ത മഴയെ തുടര്‍ന്ന് സത്‌ലജ്, ബിയാസ്, രവി നദികളും പോഷക നദികളും കരകവിഞ്ഞൊഴുകയാണ്.
മുഖ്യമന്ത്രി ഭഗവന്ത് മാന്‍ ഇന്നലെ ഈ വെള്ളപ്പൊക്കത്തെ സമീപകാല ചരിത്രത്തിലെ ഏറ്റവും മോശം വെള്ളപ്പൊക്കം എന്നാണ് വിശേഷിപ്പിച്ചത്. വരും ദിവസങ്ങളില്‍ സ്ഥിതി കൂടുതല്‍ വഷളാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
Content Highlight: Punjab floods: 29 dead, over 1300 villages submerged