ന്യൂദല്‍ഹി: 2027ലെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വീണ്ടും സഖ്യത്തിലേര്‍പ്പെട്ട് ബി.ജെ.പിയും ശിരോമണി അകാലിദളും. കാര്‍ഷിക ബില്ലിനെച്ചൊല്ലിയുണ്ടായ എതിര്‍പ്പുകളെത്തുടര്‍ന്ന് ആറ് വര്‍ഷം മുന്നെയാണ് അകാലിദള്‍ എന്‍.ഡി.എ വിട്ടത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍, അകാലിദള്‍ അധ്യക്ഷന്‍ സുഖ്ബീര്‍ സിങ് ബാദല്‍ എന്നിവര്‍ ന്യൂദല്‍ഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. അടുത്ത പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും ഒരുമിച്ച് മത്സരിക്കുമെന്ന് നേതാക്കള്‍ വ്യക്തമാക്കി.
വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷകപ്രക്ഷോഭം ശക്തമായ ഘട്ടത്തിലായിരുന്നു ദീര്‍ഘകാലമായി നിലനിന്നിരുന്ന ബി.ജെ.പി-അകാലിദള്‍ സഖ്യം 2020 സെപ്റ്റംബറിലാണ് അവസാനിച്ചത്.
കര്‍ഷകരുടെ നീണ്ടുനിന്ന പ്രക്ഷോഭത്തിനൊടുവില്‍ കേന്ദ്രസര്‍ക്കാര്‍ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിച്ചിരുന്നു.
രാജ്യത്ത് ഗുരുനാനാക്കിന്റെ ജന്മദിനമായ പ്രകാശ് പുര്‍ബ് ആഘോഷിക്കുന്ന വേളയില്‍ അകാലിദള്‍ വീണ്ടും എന്‍.ഡി.എയുടെ ഭാഗമാകുന്നത് സന്തോഷകരമായ കാര്യമാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.
‘എന്‍.ഡി.എയുടെ ഏറ്റവും പ്രധാനപ്പെട്ട സഖ്യകക്ഷികളിലൊന്നായ അകാലിദള്‍ സഖ്യത്തിലേക്ക് തിരിച്ചെത്തുന്നത് സന്തോഷകരമാണ്,’ അമിത് ഷാ പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരായിരിക്കുമെന്ന ചോദ്യത്തിന് ‘ബഡാ ഭായ് ഹി മുഖ്യമന്ത്രി ഹോതാ ഹൈ’ (മുതിര്‍ന്ന സഹോദരനാണ് മുഖ്യമന്ത്രി) എന്നും അത് അകാലിദള്‍ ആണെന്നുമാണ് അമിത് ഷാ മറുപടി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച അകാലിദള്‍ അധ്യക്ഷന്‍ സുഖ്ബീര്‍ സിങ് ബാദലിനെ ഫോണില്‍ വിളിച്ച് സഖ്യ പുനസ്ഥാപനത്തിനുള്ള സന്തോഷം അറിയിച്ചതായും അമിത് ഷാ പറഞ്ഞു.
Content Highlight: Punjab Assembly Elections: BJP and Akali Dal reunite after a six-year hiatus