| Saturday, 12th July 2025, 11:43 am

സവർക്കർക്കെതിരായ പരാമർശം; മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധി കുറ്റക്കാരനല്ലെന്ന് പൂനെ കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പൂനെ: സവര്‍ക്കറിനെതിരായ പരാമര്‍ശത്തില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് എം.പിയുമായ രാഹുല്‍ ഗാന്ധിക്കെതിരായ മാനനഷ്ടകേസില്‍ രാഹുല്‍ കുറ്റക്കാരനല്ലെന്ന് പൂനെ കോടതി.

2023 മാര്‍ച്ച് അഞ്ചില്‍ ലണ്ടനില്‍ നടന്ന ഒരു ഓവര്‍സീസ് കോണ്‍ഗ്രസ് സമ്മേളനത്തിനിടെ രാഹുല്‍ ഗാന്ധി സവര്‍ക്കര്‍ക്കെതിരെ അപകീര്‍ത്തികരവും അവഹേളനപരവുമായ പ്രസ്താവനകള്‍ നടത്തിയെന്ന് ആരോപിച്ച് വി.ഡി. സവര്‍ക്കറുടെ അനന്തരവന്റെ മകന്‍ സത്യകി സവര്‍ക്കര്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുകയായിരുന്നു. ഈ പരാമര്‍ശങ്ങള്‍ പിന്നീട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും സവര്‍ക്കറുടെ പാരമ്പര്യത്തെയും പൊതു പ്രതിച്ഛായയെയും തകര്‍ക്കുകയും ചെയ്തുവെന്നും ആരോപിച്ചായിരുന്നു പരാതി. കേസ് ഈ മാസം 29ലേക്ക് മാറ്റി.

സത്യകി സവര്‍ക്കര്‍ പരാതി നല്‍കിയതിന് പിറകെ സവര്‍ക്കര്‍ മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്സെയുടെ ബന്ധുവാണെന്ന് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ഗോഡ്സെയുമായുള്ള രക്തബന്ധം, മാനനഷ്ടക്കേസ് കൊടുത്ത സത്യകി സവര്‍ക്കര്‍ മനപൂര്‍വം മറച്ചുവെച്ചുവെന്നും രാഹുല്‍ ആരോപിച്ചിരുന്നു. മഹാത്മ ഗാന്ധി വധക്കേസില്‍ വിനായക് സവര്‍ക്കര്‍ കൂട്ടുപ്രതിയായിരുന്നുവെന്നും എന്നാല്‍ കുറ്റവിമുക്തനാക്കപ്പെട്ടുവെന്നും പരാതിക്കാരനായ സത്യകി സവര്‍ക്കറുടെ മുത്തച്ഛന്‍ ഗോപാല്‍ ഗോഡ്സെയും മഹാത്മാഗാന്ധിയുടെ കൊലപാതകത്തില്‍ കുറ്റാരോപിതനായിരുന്നെന്നും സത്യവാങ്മൂലത്തില്‍ രാഹുല്‍ ഗാന്ധി പറയുന്നുണ്ട്.

സവര്‍ക്കറുടെ സഹോദരന്‍ നാരായണ്‍ സവര്‍ക്കറുടെ ചെറുമകനാണ് താന്‍ എന്ന് സത്യകി സവര്‍ക്കര്‍ രാഹുല്‍ ഗാന്ധിക്കെതിരായ പരാതിയില്‍ പറയുന്നു.

Content Highlight: Pune court finds Rahul Gandhi not guilty in defamation case against Savarkar

We use cookies to give you the best possible experience. Learn more