| Thursday, 7th August 2025, 8:13 pm

പുനര്‍ഗേഹം പദ്ധതി; കടലാക്രമണ ഭീഷണി നേരിടുന്ന 332 കുടുംബങ്ങള്‍ക്ക് ഫ്‌ലാറ്റുകള്‍ക്ക് കൈമാറി സര്‍ക്കാര്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പുനര്‍ഗേഹം പദ്ധതിയിലൂടെ 332 ഫ്‌ലാറ്റുകള്‍ കൂടി കൈമാറിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കടലാക്രമണ ഭീഷണിയില്‍ കഴിയുന്ന മുഴുവന്‍ കുടുംബങ്ങളെയും സുരക്ഷിത മേഖലയിലേക്ക് പുനരധിവസിപ്പിക്കുന്നതിനായി മുട്ടത്തറയില്‍ നിര്‍മിച്ച ഭവനസമുച്ചയത്തിലാണ് ഗുണഭോക്താക്കള്‍ക്ക് 300ലധികം ഫ്‌ലാറ്റുകള്‍ കൈമാറിയിരിക്കുന്നത്.

ഇതിലൂടെ എല്‍.ഡി.എഫ് സര്‍ക്കാര്‍ മത്സ്യത്തൊഴിലാളി സമൂഹത്തിന് നല്‍കിയ ഒരു വാഗ്ദാനം കൂടി പാലിക്കപ്പെട്ടിരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ ഭാഗമായി ഉന്നയിക്കപ്പെട്ട ആവശ്യങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു ‘തീരദേശവാസികള്‍ക്ക് സുരക്ഷിത സ്ഥലത്ത് ഭവനം’ എന്നത്. ആ ആവശ്യമാണ് ഇന്ന് (വ്യാഴം) യാഥാര്‍ത്ഥ്യമായിരിക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള പാരിസ്ഥിതികാനുമതിയുമായി ബന്ധപ്പെട്ട കാലതാമസം മൂലം പദ്ധതി രണ്ട് ഘട്ടമായി പൂര്‍ത്തീകരിക്കേണ്ടി വന്നിരിക്കുന്നു. ഇതില്‍ ആദ്യഘട്ടമെന്ന നിലയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ഫ്‌ലാറ്റുകളാണ് ഇന്ന് ഗുണഭോക്താക്കള്‍ക്ക് കൈമാറിയത്.

ബാക്കിയുള്ള 68 ഫ്‌ലാറ്റുകളും സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇതോടൊപ്പം മലപ്പുറം ജില്ലയിലെ താനൂര്‍ ഉണ്ണ്യാലില്‍ പൂര്‍ത്തീകരിച്ച 16 ഫ്‌ലാറ്റുകളുടെയും താക്കോല്‍ കൈമാറിയതായും മുഖ്യമന്ത്രി പറഞ്ഞു.

രണ്ട് ബെഡ് റൂം, ഹാള്‍, അടുക്കള, ഭക്ഷണമുറി, ശുചിമുറി തുടങ്ങി ഒരു കുടുംബത്തിന് ആവശ്യമായ എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും ഇവിടെ ഉറപ്പാക്കിയിട്ടുണ്ട്. മാത്രമല്ല പുറത്ത് പാര്‍ക്കിങ് ഗ്രൗണ്ടും കളിസ്ഥലവും ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ടു നിലകളിലായി എട്ട് ഫ്‌ലാറ്റുകള്‍ ഉള്‍പ്പെടുന്ന 50 യൂണിറ്റുകളാണ് ഇവിടെ നിര്‍മിച്ചിട്ടുള്ളത്. മത്സ്യത്തൊഴിലാളികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്ന കാര്യത്തില്‍ പ്രതിജ്ഞാബദ്ധമായ സമീപനമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ഈ നിലപാടില്‍ വിട്ടുവീഴ്ചയില്ലാതെ ഉറച്ചുനിന്ന് പദ്ധതികള്‍ പ്രാവര്‍ത്തികമാക്കി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Content Highlight: Punargaeham project; Government hands over flats to 332 families facing the threat of sea erosion

Latest Stories

We use cookies to give you the best possible experience. Learn more