പാലക്കാട്: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ പ്രധാനപ്രതി പള്‍സര്‍ സുനിയെയും കൂട്ടുപ്രതി വിജീഷിനെയും പോലീസ് തെളിവെടുപ്പിനായി കോയമ്പത്തൂരില്‍ എത്തിച്ചു.
പുലര്‍ച്ചെ 4.10ഓടെ ആലുവ ഡിവൈഎസ്പി ബാബു കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെയും കൊണ്ട് ആലുവ പോലീസ് ക്ലബ്ബില്‍ നിന്ന് പുറപ്പെട്ടത്.
കൃത്യം നടത്തിയ ശേഷം പള്‍സര്‍ സുനിയും വിജീഷും ഒളിവില്‍ കഴിഞ്ഞ കേന്ദ്രങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. പീളമേട് ശ്രീരാം കോളനിയിലെ വീട്ടിലാണ് പൊലീസ് തെളിവെടുപ്പ് നടത്തിക്കൊണ്ടിരിക്കുന്നത്.
ശനിയാഴ്ചയാണ് പോലീസിന് പള്‍സര്‍ സുനിയെ കസ്റ്റഡിയില്‍ ലഭിച്ചത്. തെളിവുകള്‍ നഷ്ടപ്പെടാനുള്ള സാധ്യത പരമാവധി കുറയ്ക്കുന്നതിന് വേണ്ടിയാണ് ഇന്നുതന്നെ പ്രതികളെ ഒളിവില്‍ കഴിഞ്ഞ കേന്ദ്രങ്ങളില്‍ എത്തിക്കുന്നത്.
നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് സുനി പറയുന്ന ഫോണുമായി ബന്ധപ്പെട്ട് തെളിവുകള്‍ എന്തെങ്കിലും കോയമ്പത്തൂരില്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
ഫോണിന്റെ സിഗ്‌നല്‍ അവസാനം ലഭിച്ചത് ഇവിടെനിന്നാണ്. നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത് ഫോണ്‍ കേസിലെ നിര്‍ണായക തെളിവാണ്. വെള്ള നിറത്തിലുള്ള സാംസങ് ഫോണ്‍ എന്നാണ് നടിയുടെ മൊഴിയിലുള്ളത്.
അതേസമയം സുനി കോയമ്പത്തൂരില്‍ നിന്നും എറണകുളത്ത് എത്തിയ ബൈക്കിന്റെ ഉടമയെ പൊലീസ് കണ്ടെത്തി. പീളമേട് സ്വദേശി സെല്‍വന്റെ പള്‍സര്‍ ബൈക്കിലാണ് സുനി എത്തിയതെന്ന് പൊലീസ് പറയുന്നു.
അതേസമയം നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ ഉപേക്ഷിച്ചെന്നാണ് പള്‍സര്‍ സുനി പറയുന്നതെങ്കിലും പോലീസ് ഇത് മുഖവിലയ്ക്കെടുത്തിട്ടില്ല. സുനി പറഞ്ഞതനുസരിച്ച് കൊച്ചിയില്‍ മൂന്നിടങ്ങളില്‍ പോലീസ് തിരച്ചില്‍ നടത്തിയെങ്കിലും ഫോണ്‍ കണ്ടെത്താനായിരുന്നില്ല.