| Sunday, 7th September 2025, 9:43 pm

പുല്‍പ്പള്ളി കേസ്: കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിന്റെ ഇരയെന്ന് തങ്കച്ചന്‍; കോണ്‍ഗ്രസ് നേതാക്കള്‍ ചെയ്തത് നീചകൃത്യം: സി.പി.ഐ.എം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പുല്‍പ്പള്ളി: വീട്ടിലെ കാര്‍പോര്‍ച്ചില്‍ നിന്നും മദ്യവും സ്‌ഫോടകവസ്തുവും പിടികൂടിയ കേസില്‍ അന്യായമായി ജയിലില്‍ കഴിഞ്ഞ പ്രാദശേിക കോണ്‍ഗ്രസ് നേതാവ് തങ്കച്ചന് പിന്തുണയുമായി സി.പി.ഐ.എം. കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിന് ഇരയാണ് തങ്കച്ചനെന്ന് വ്യക്തമായതോടെയാണ് സി.പി.ഐ.എം കോണ്‍ഗ്രസിന് എതിരെ രംഗത്തെത്തിയത്.

കോണ്‍ഗ്രസ് നേതാക്കള്‍ ചെയ്തത് നീചകൃത്യമാണെന്നും തങ്കച്ചനെ കുടുക്കാന്‍ ചാരായവും സ്‌ഫോടകവസ്തുക്കളും വച്ചവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും സി.പി.ഐ.എം ആവശ്യപ്പെട്ടു.

ഡി.സി.സി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്റെ അനുനായികളാണ് തന്നെ കുടുക്കിയതെന്നും താന്‍ പാര്‍ട്ടിയിലെ ഗ്രൂപ്പ് പോരിന്റെ ഇരയാണെന്നും പുല്‍പ്പള്ളി സ്വദേശിയായ തങ്കച്ചന്‍ പ്രതികരിച്ചു.

കഴിഞ്ഞമാസം 22നാണ് രഹസ്യവിവരത്തെ തുടര്‍ന്ന് മരക്കടവിലെ തങ്കച്ചന്റെ വീട്ടിലെത്തി പൊലീസ് പരിശോധന നടത്തിയത്. തുടര്‍ന്ന് കാര്‍പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ അടിയില്‍ നിന്നും 20 പാക്കറ്റ് കര്‍ണാടക മദ്യവും 15 തോട്ടയും പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് പൊലീസ് തങ്കച്ചനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

എന്നാലിത് കള്ളക്കേസാണെന്നും തന്നെ കോണ്‍ഗ്രസ് ഗ്രൂപ്പ് പോരിന്റെ പേരില്‍ കുടുക്കിയതാണെന്നും തങ്കച്ചനും കുടുംബവും പൊലീസിനെ അറിയിച്ചിരുന്നു. എന്നാല്‍, അറസ്റ്റിലായി റിമാന്റിലായ തങ്കച്ചനെ വൈത്തിരി സബ്ജയിലിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് 17 ദിവസം ജയിലില്‍ കഴിഞ്ഞശേഷമാണ് തങ്കച്ചന്റെ നിരപരാധിത്വം വ്യക്തമായതും പുറത്തിറങ്ങിയതും.

പ്രസാദ്

മദ്യം വാങ്ങിയ പ്രസാദ് എന്നയാളെ പൊലീസ് പിടികൂടിയതോടെയാണ് തങ്കച്ചന്‍ ജയില്‍ മോചിതനായത്. ഡി.സി.സി പ്രസിഡന്‍ര് എന്‍.ഡി തങ്കച്ചന്‍, കോണ്‍ഗ്രസ് നേതാക്കളായ പി.ഡി സജി, ജോസ് നെല്ലേടം തുടങ്ങിയവരാണ് തന്നെ കുടുക്കിയതെന്ന് തങ്കച്ചന്‍ ആരോപിച്ചു. പൊലീസ് തന്റെ വാക്കുകേള്‍ക്കാതെ തട്ടിക്കയറിയെങ്കിലും തനിക്ക് ദേഹോപദ്രവമൊന്നും ഏല്‍ക്കേണ്ടി വന്നില്ലെന്ന് തങ്കച്ചന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ചെയ്യാത്ത കുറ്റത്തിന് 17 ദിവസം ജയിലില്‍ കിടക്കേണ്ടി വന്നു. യഥാര്‍ത്ഥ പ്രതിയെ പിടിച്ചില്ലായിരുന്നെങ്കില്‍ 60 ദിവസം ജയിലില്‍ കിടക്കേണ്ടി വന്നെനെ. ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ജയിലില്‍ എത്തി തന്നെ സന്ദര്‍ശിച്ചിരുന്നെന്നും തങ്കച്ചന്‍ പറഞ്ഞു.

മദ്യവും സ്‌ഫോടക വസ്തുക്കളും പൊതിഞ്ഞനിലയില്‍ കാറിനടിയില്‍ സൂക്ഷിച്ചനിലയിലായിരുന്നു. ആരോ മനപൂര്‍വം കൊണ്ടുവച്ചതാണെന്ന് ഒറ്റനോട്ടത്തില്‍ തന്നെ വ്യക്തമാവുമായിരുന്നെന്നും കവറിലെ വിരലടയാളം പരിശോധിക്കണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടിരുന്നെന്നും തങ്കച്ചന്‍ പറഞ്ഞു.

തന്നെ വീട്ടില്‍ കിടത്തി ഉറക്കില്ലെന്ന് ഗ്രൂപ്പ് പോരിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഭീഷണിപ്പെടുത്തിയിരുന്നു. അറസ്റ്റിലായ പ്രസാദ് ചൂണ്ടയിലിട്ട ഇര മാത്രമാണെന്നും തങ്കച്ചന്‍ പറഞ്ഞു.

അതേസമയം, ആരോപണങ്ങളെ തള്ളി ഡി.സി.സി പ്രസിഡന്റ് എന്‍.ഡി അപ്പച്ചന്‍ രംഗത്തെത്തി. അറസ്റ്റിലായ തങ്കച്ചനെ തനിക്ക് അറിയില്ലെന്നും സംഭവവുമായി ബന്ധമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

Content Highlight:  Pulpally case: Thankachan says he is a victim of group warfare in Congress; Congress leaders did a heinous act: CPI(M)

We use cookies to give you the best possible experience. Learn more