| Thursday, 6th April 2017, 9:58 pm

ഗിന്നസ് ബുക്കില്‍ കയറാനൊരുങ്ങി 'പുലിമുരുകന്‍' വീണ്ടുമെത്തുന്നു; 3ഡി പതിപ്പ് മെയ് ആദ്യവാരം തിയേറ്ററുകളിലെത്തും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മലയാളത്തില്‍ നിന്ന് ആദ്യമായി നൂറ് കോടി ക്ലബ്ബിലെത്തിയ ചിത്രം “പുലിമുരുകന്‍” വീണ്ടും തിയേറ്ററുകളിലെത്തുന്നു. ഇത്തവണ എത്തുന്നത് പുലിമുരുകന്റെ 3ഡി പതിപ്പാണ്. മെയ് ആദ്യവാരം 3ഡി പതിപ്പ് തിയേറ്ററുകളിലെത്തും. ആദ്യ വരവിലേതെന്ന പോലെ മറ്റൊരു റെക്കോര്‍ഡ് കൂടി വേട്ടയാടി പിടിക്കാനാണ് ഇത്തവണ മുരുകന്‍ എത്തുന്നത്.

3ഡി പതിപ്പ് തിയേറ്ററുകളിലെത്തുന്നതിന് മുന്‍പ് 20,000 കാണികളുടെ മുന്‍പില്‍ പ്രദര്‍ശിപ്പിക്കും. ഇതിലൂടെ ഗിന്നസ് റെക്കോര്‍ഡാണ് “പുലിമുരുകന്‍” ലക്ഷ്യമിടുന്നത്. അങ്കമാലി ആഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഈ മാസം 12-നാണ് റെക്കോര്‍ഡ് ലക്ഷ്യമിട്ടുള്ള പ്രദര്‍ശനം നടക്കുക. അന്നേ ദിവസം ഗിന്നസ് അധികൃതര്‍ അവിടെ നേരിട്ടെത്തി കാര്യങ്ങള്‍ വിലയിരുത്തും.


Also Read: ‘ജിഷ്ണുവിന്റെ അമ്മയെ കേട്ടാലറയ്ക്കുന്ന തെറി വിളിച്ചു; അരുതെന്ന് പറഞ്ഞപ്പോള്‍ എന്നെ മര്‍ദ്ദിച്ചു’; പുതിയ വെളിപ്പെടുത്തലുകളുമായി ജിഷ്ണുവിന്റെ അമ്മാവന്‍


മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അന്ന് പ്രദര്‍ശനം കാണാനായി എത്തും. ഈ പ്രദര്‍ശനം വിജയകരമായി നടക്കുകയാണെങ്കില്‍ ഏറ്റവും കൂടുതല്‍ കാണികള്‍ ഒരേ സമയം കണ്ട 3ഡി ചിത്രം എന്ന ഖ്യാതി ഇതോടെ പുലിമുരുകന് സ്വന്തമാകും. നിലവില്‍ ഈ റെക്കോര്‍ഡ് “മെന്‍ ഇന്‍ ബ്ലാക്ക്” പരമ്പരയിലെ മൂന്നാമത്തെ ചിത്രത്തിനാണ്. 6,000 പേരാണ് മെന്‍ ഇന്‍ ബ്ലാക്ക് ഒരേ സമയം കണ്ടത്.

പുലിമുരുകന്റെ 3ഡി പതിപ്പ് 50 മുതല്‍ 60 വരെ തിയേറ്ററുകളിലാണ് റിലീസ് ചെയ്യുക. രണ്ടാം റിലീസിലും ചിത്രം തിയേറ്ററുകളില്‍ ഹിറ്റാകുകയാണെങ്കില്‍ “മൈ ഡിയര്‍ കുട്ടിച്ചാത്തന്‍” എന്ന ചിത്രത്തിന് ശേഷം രണ്ടാം റിലീസിലും ഹിറ്റായ ചിത്രമെന്ന ഖ്യാതിയും പുലിമുരുകന് ലഭിക്കും. 3ഡി പതിപ്പ് എത്തുന്ന തിയേറ്ററുകളുടെ പട്ടിക ഉടന്‍ തന്നെ മുളകുപാടം ഫിലിംസ് പുറത്തുവിടും.

Latest Stories

We use cookies to give you the best possible experience. Learn more