ന്യൂദൽഹി: കോടതികളിലുള്ള ജനങ്ങളുടെ വിശ്വാസം എന്നത് വെറുമൊരു കൈയടിയോ ജനപ്രീതിയോ അല്ലെന്നും ആളുകൾ ആഗ്രഹിക്കുന്ന വിധികൾ നൽകിയല്ല കോടതികൾ വിശ്വാസ്യത നേടേണ്ടതെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത്.
ഒരു വിധി തങ്ങൾക്ക് എതിരാണെങ്കിൽപ്പോലും, ആ വിധിയിലേക്ക് എത്തിയ വഴി സത്യസന്ധവും നീതിയുക്തവുമായിരുന്നു എന്ന് തോൽവിയേറ്റവർക്കുപോലും ബോധ്യപ്പെടുമ്പോഴാണ് കോടതികൾ യഥാർത്ഥ വിശ്വാസം നേടിയെടുക്കുന്നത്. കോടതികൾ സ്വയം പരിശോധിക്കപ്പെടാനും ചോദ്യം ചെയ്യപ്പെടാനും ആവശ്യമുള്ളിടത്ത് വിമർശിക്കപ്പെടാനും തയ്യാറാകണമെന്നും അദ്ദേഹം വ്യക്തമാക്കി.
ദൽഹിയിൽ നടന്ന ആറാമത് റാം ജത്മലാനി അനുസ്മരണ പ്രഭാഷണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ഥാപനങ്ങൾ വിമർശനങ്ങളിൽ നിന്ന് സംരക്ഷിക്കപ്പെടുന്നതിലൂടെയല്ല, മറിച്ച് നിരന്തരമായ പരിശോധനകളെ അതിജീവിക്കുന്നതിലൂടെയാണ് നിലനിൽക്കുന്നതെന്ന ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരുടെ വാക്കുകൾ അദ്ദേഹം അനുസ്മരിച്ചു.
തുറന്ന കോടതി മുറികൾ കൊണ്ടുമാത്രം സുതാര്യത ഉറപ്പാകില്ലെന്നും ഒരു തീരുമാനത്തിലേക്ക് എത്തിയതിന്റെ കൃത്യമായ കാരണങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാകുമ്പോൾ മാത്രമാണ് യഥാർത്ഥ സുതാര്യത ഉണ്ടാകുന്നതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട് കൊളീജിയം ശുപാർശ ചെയ്യുന്ന പേരുകളിൽ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് വലിയ തടസങ്ങളൊന്നും ഉണ്ടാകാറില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
വിശദമായ ചർച്ചകൾക്ക് ശേഷമാണ് കൊളീജിയം അന്തിമ ശുപാർശകൾ നൽകുന്നത്. അതേസമയം, ഒരു സ്ഥാപനത്തിനും മാറ്റമില്ലാതെ മുന്നോട്ടുപോകാനാകില്ലെന്നും ന്യായവ്യവസ്ഥയിലെ ഭരണപരമായ പരിഷ്കാരങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതോടൊപ്പം ഓരോ ഘട്ടത്തിലും ജഡ്ജിമാർക്കെതിരെ ഉയരുന്ന പരാതികൾ ദുരുപയോഗം ചെയ്യപ്പെടാതിരിക്കാൻ കൃത്യവും നിഷ്പക്ഷവുമായ ശക്തമായ ആഭ്യന്തര അന്വേഷണ സംവിധാനമാണ് ആവശ്യമെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.
Content Highlight:Public trust is not about popularity; fairness in procedures is the foundation of credibility: Chief Justice Surya Kant.