| Tuesday, 11th March 2025, 10:52 am

പരസ്യപ്രതികരണം തെറ്റായി പോയി; പാര്‍ട്ടി എന്ത് നടപടിയെടുത്താലും സ്വീകരിക്കും: എ. പദ്മകുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: പരസ്യപ്രതികരണം തെറ്റായിപ്പോയെന്ന് സി.പി.ഐ.എം നേതാവ് എ.പദ്മകുമാര്‍. വൈകാരികമായി പ്രതികരിച്ചുപോയതാണെന്നും പറയാനുള്ളത് പാര്‍ട്ടിക്കുള്ളില്‍ പറയേണ്ടതായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

അപ്പോഴത്തെ വൈകാരികതയെ തുടര്‍ന്നാണ് ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചതെന്നും എന്നാല്‍ തെറ്റാണെന്ന് മനസിലായപ്പോള്‍ തന്നെ നീക്കം ചെയ്തുവെന്നും പക്ഷെ അതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ വച്ചുള്ള കളിയാണ് നിലവില്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി എന്ത് അച്ചടക്ക നടപടി എന്തായാലും സ്വീകരിക്കുമെന്നും നാളെത്തെ സി.പി.ഐ.എം ജില്ലാ കമ്മറ്റിയില്‍ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

ബി.ജെ.പി പ്രവര്‍കത്തകരെത്തിയത് മാധ്യമ ശ്രദ്ധ നേടിയെടുക്കാനാണെന്നും അതിന് പിന്നില്‍ എന്തെങ്കിലും ഗൂഢാലോചനയുണ്ടോയെന്നാണ് താന്‍ ചിന്തിക്കുന്നതെന്നും അതില്‍ മാധ്യമങ്ങളെ താന്‍ സംശയിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇനിയും കമ്മ്യൂണിസ്റ്റായി തുടരുമെന്നും അടിയന്തരാവസ്ഥ കാലത്ത് മുതല്‍ ഒരു കൊടി മാത്രം എടുത്തയാളാണെന്നും മറ്റെവിടെ നിന്നും വന്നയാളല്ല താനെന്നും അദ്ദേഹം പറഞ്ഞു.

എ. പത്മകുമാറിനെതിരായ നടപടി ചര്‍ച്ച ചെയ്യാന്‍ നാളെ സി.പി.ഐ.എം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സംസ്ഥാന നേതൃത്വത്തെ പോലും വെട്ടിലാക്കിയ അദ്ദേഹത്തിന്റെ പരസ്യ പ്രതിഷേധത്തില്‍ ശക്തമായ നടപടി വന്നേക്കുമെന്നും പത്മകുമാറിനെ കാണാന്‍ ആറന്മുളയിലെ വീട്ടില്‍ ഇന്നലെ രാത്രി ബി.ജെ.പി നേതാക്കള്‍ എത്തിയതില്‍ സി.പി.ഐ.എം നേതൃത്വത്തിന് കടുത്ത അതൃപ്തി ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

തന്നെ പരിഗണിക്കാതെ മന്ത്രി വീണ ജോര്‍ജിനെ സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തിയതില്‍ എ. പത്മകുമാര്‍ തന്റെ എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു. കൊല്ലം സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയ എ. പത്മകുമാര്‍ അച്ചടക്ക നടപടിയെ ഭയക്കുന്നില്ലെന്നും നേരത്തെ തുറന്നടിച്ചിരുന്നു.

ബി.ജെ.പി പ്രസിഡന്റും മറ്റൊരാളും താനില്ലാത്ത സമയത്താണ് വീട്ടിലേക്ക് വന്നതെന്നും ബി.ജെ.പിയില്‍ ചേരില്ലെന്നും എ. പത്മകുമാര്‍ പറഞ്ഞിരുന്നു. ചൊവ്വാഴ്ച വൈകുന്നേരമാണ് ബി.ജെ.പി പത്തനംതിട്ട ജില്ലാ പ്രസിഡന്റും ജോയന്റ് സെക്രട്ടറിയും അദ്ദേഹത്തിന്റെ ആറന്മുളയിലെ വീട്ടിലെത്തിയത്.

Content Highlight: Public reaction went wrong; party will accept whatever action it takes: A. Padmakumar

We use cookies to give you the best possible experience. Learn more