| Friday, 31st October 2025, 2:53 pm

തിയേറ്റര്‍ ഫോണ്‍ ബൂത്താക്കുന്നവര്‍ മുതല്‍ കുട്ടികളെയും കൊണ്ട് വരുന്നവര്‍ വരെ, തിയേറ്ററില്‍ സിവിക് സെന്‍സ് പാലിക്കാത്ത മലയാളികള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലോകോത്തര നിലവാരമുള്ള സിനിമകള്‍ പുറത്തിറങ്ങുന്ന ഇന്‍ഡസ്ട്രിയാണ് മലയാളം. താരങ്ങളെക്കാള്‍ കണ്ടന്റിന് പ്രാധാന്യം കൊടുക്കുന്ന ഇന്‍ഡസ്ട്രിയെന്നാണ് പലരും മോളിവുഡിനെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ അത്തരം സിനിമകളും പ്രേക്ഷകരും ഉണ്ടായിരുന്നിട്ടു കൂടി തിയേറ്ററില്‍ പാലിക്കേണ്ട മര്യാദകള്‍ പല മലയാളികളും മറക്കാറുണ്ട്.

150 മുതല്‍ 250 വരെയുള്ള റേറ്റില്‍ ടിക്കറ്റെടുത്ത് കയറി സിനിമ കാണുന്ന പ്രേക്ഷകര്‍ക്ക് പലപ്പോഴും ചില പ്രത്യേക ടീമുകള്‍ ശല്യമാകാറുണ്ട്. അത്തരത്തിലുള്ള ചിലയാളുകള്‍ ആരൊക്കെയാണെന്ന് നോക്കാം. കൈക്കുഞ്ഞുമായി തിയേറ്ററുകളിലേക്കെത്തുന്ന ഫാമിലിയാണ് ഇതില്‍ ആദ്യത്തെ ടീം. കൊച്ചുകുട്ടികള്‍ക്ക് താങ്ങാവുന്നതിലുമപ്പുറമുള്ള ശബ്ദമാണ് തിയേറ്ററിലുള്ളതെന്ന സാമാന്യ ബോധ്യം പോലും ഇത്തരം രക്ഷിതാക്കള്‍ക്കില്ല.

തിയേറ്ററിലെ കാതടപ്പിക്കുന്ന ശബ്ദം കേട്ട് കരയുന്ന കുട്ടിയെയും സീറ്റിലിരുത്തി സിനിമ കാണുന്ന രക്ഷിതാക്കള്‍ പലപ്പോഴും മറ്റുള്ളവര്‍ക്ക് ശല്യമാകാറുണ്ട്. 18 വയസിന് താഴയുള്ള കുട്ടികള്‍ കാണാന്‍ പാടില്ലാത്ത ചിത്രത്തിന് പോലും ഫാമിലിയായി വരുന്നവരും ഇന്ന് പതിവ് കാഴ്ചയാണ്. മാര്‍ക്കോ പോലെ അങ്ങേയറ്റം വയലന്‍സുള്ള ‘A’ സര്‍ട്ടിഫിക്കറ്റ് സിനിമക്ക് കുട്ടികളെ കൊണ്ടുപോയ ചില കുടുംബങ്ങളുടെ ഫോട്ടോയും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

രണ്ടാമത്തെ ടീമുകളാണ് കമന്റടി വീരന്മാര്‍. സിനിമയിലെ കഥാപാത്രങ്ങള്‍ പറയുന്ന ഡയലോഗിന് സീറ്റിലിരുന്നുകൊണ്ട് ഉച്ചത്തില്‍ കൗണ്ടറടിക്കുന്ന ‘പൊതുശല്യങ്ങള്‍’ ഇപ്പോള്‍ സ്ഥിരം കാഴ്ചയാണ്. ഹൊറര്‍ സിനിമകള്‍ക്കാണ് ഇക്കൂട്ടരെ ഏറ്റവും കൂടുതലായി കാണാന്‍ സാധിക്കുന്നത്. തങ്ങള്‍ സ്വയം മാസാണെന്ന് മറ്റുള്ളവരെ കാണിക്കാനായി കമന്റടിക്കുന്നവരെല്ലാം സിനിമ ആസ്വദിക്കാന്‍ വരുന്നവര്‍ക്ക് കല്ലുകടിയാണ്.

പേടിയാണെങ്കില്‍ വീട്ടില്‍ പുതച്ചുമൂടി കിടക്കാതെ തിയേറ്ററില്‍ വന്ന് സിനിമ കാണുന്ന ഇത്തരം ആളുകള്‍ ജംപ്‌സ്‌കെയര്‍ സീനുകളില്‍ ഡയലോഗടിച്ചും സ്വന്തം പേടി മറക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍ നല്ല രീതിയില്‍ സിനിമ ആസ്വദിക്കുന്നവര്‍ക്ക് ഇതെല്ലാം അരോചകമാണെന്ന് പോലും ഇക്കൂട്ടര്‍ ആലോചിക്കാറില്ല.

തിയേറ്ററില്‍ സിനിമ കാണാന്‍ വന്നതാണെന്ന് മറന്നുകൊണ്ട് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരാണ് മൂന്നാമത്തെ കൂട്ടര്‍. മൊബൈല്‍ സൈലന്റാക്കാതെ ഉച്ചത്തില്‍ ഫോണില്‍ സംസാരിക്കുന്നവരും ഫുള്‍ ബ്രൈറ്റ്‌നസ്സില്‍ ഇന്‍സ്റ്റഗ്രാം റീലുകള്‍ കാണുന്നവരുമെല്ലാം ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. സിനിമ തുടങ്ങി അര മണിക്കൂറാകുമ്പോള്‍ ഫ്‌ളാഷ് ലൈറ്റ് കത്തിച്ചുകൊണ്ട് വരുന്ന ടീമുകളും ഈ ഗ്രൂപ്പില്‍ പെടും.

സ്വന്തം കംഫര്‍ട്ട് മാത്രം ഇക്കൂട്ടര്‍ നോക്കുമ്പോള്‍ തിയേറ്റര്‍ എന്നത് ഒരു പബ്ലിക് പ്ലെയ്‌സ് ആണെന്നും മറ്റുള്ളവര്‍ക്കും തുല്യ അവകാശമുണ്ടെന്നും ഇത്തരം ആളുകള്‍ ഓര്‍ക്കാറില്ല. സിവിക് സെന്‍സ് അഥവാ പൊതുബോധം എന്ന സംഗതി ഇക്കൂട്ടര്‍ എന്ന് പഠിക്കുമെന്നാണ് സാധാരണക്കാരുടെ ചോദ്യം.

Content Highlight: Public nuisance teams in Movie theatres that interrupt the cinema experience

We use cookies to give you the best possible experience. Learn more