| Wednesday, 18th June 2025, 2:23 pm

പെട്രോള്‍ പമ്പിലെ ശുചിമുറികള്‍ ഇനി പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാനാകില്ല; ഇടക്കാല ഉത്തരവുമായി ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: പെട്രോള്‍ പമ്പിലെ ശുചിമുറികള്‍ പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി. പമ്പിലെ ഉപഭോക്താക്കള്‍ക്ക് മാത്രമേ ശുചിമുറി ഉപയോഗിക്കാനാകൂ എന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് സി.എസ്. ഡയസിന്റേതാണ് ഉത്തരവ്.

പെട്രോള്‍ പാമ്പുകള്‍ പൊതുശൗചാലയമാക്കാനുള്ള സര്‍ക്കാരിന്റെ നടപടി കോടതി തടയുകയും ചെയ്തു. പെട്രോളിയം വ്യാപാരികളുടെ സംഘടന നല്‍കിയ ഹരജി പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ നടപടി. വിഷയത്തിൽ ഇടക്കാല ഉത്തരവാണ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്.

പെട്രോള്‍ പമ്പിലെ ശൗചാലയങ്ങള്‍ പൊതുശൗചാലയങ്ങളാണെന്ന് നഗരസഭകള്‍ ബോര്‍ഡ് വെച്ചതിന് പിന്നാലെയാണ് ഹരജിക്കാര്‍ കോടതിയെ സമീപിച്ചത്. നഗരസഭയുടെ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പെട്രോളിയം ഫെഡേഴ്‌സ് വെല്‍ഫെയര്‍ ആന്‍ഡ് ലീഗല്‍ സര്‍വീസ് സൊസൈറ്റിയും തിരുവനന്തപുരം, തൊടുപുഴ എന്നിവിടങ്ങളിലെ ഏതാനും പമ്പ് ഉടമകളും കോടതിയെ സമീപിക്കുകയായിരുന്നു.

പെട്രോള്‍ പമ്പിലുള്ളത് സ്വകാര്യ ശുചിമുറികളാണെന്നായിരുന്നു ഹരജിക്കാരുടെ വാദം. ഇത് പൊതുശൗചാലയമാക്കാനുള്ള അധികൃതരുടെ നടപടി ഭരണഘടന ഉറപ്പുനല്‍കുന്ന സ്വത്തവകാശത്തിന്റെ ലംഘനമാണെന്നും നിരന്തരമായി പമ്പിലെ ശുചിമുറികളില്‍ പൊതുജനങ്ങള്‍ കയറി ഇറങ്ങുന്നത് സുരക്ഷാ പ്രോട്ടോക്കോളിന് എതിരാണെന്നും ഹരജിക്കാര്‍ വാദിച്ചു.

പമ്പിലെ ശുചിമുറികള്‍ പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കാന്‍ നിയമമില്ലെന്നും ഹരജിക്കാര്‍ പറഞ്ഞു. ഈ വാദങ്ങളുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.

2025 ഏപ്രിലില്‍ പെട്രോള്‍ പമ്പിലെ ശുചിമുറി തുറന്ന് നല്‍കാത്തതില്‍ അധ്യാപികയ്ക്ക് പെട്രോള്‍ പമ്പ് ഉടമ ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവുണ്ടായിരുന്നു. ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്റേതായിരുന്നു ഉത്തരവ്.

ഏഴകുളം സ്വദേശിയായ അധ്യാപികയ്ക്കാണ് നഷ്ടപരിഹാരം നല്‍കാന്‍ കമ്മീഷന്‍ ഉത്തരവിട്ടത്. കോഴിക്കോട് പയ്യോളിയിലുള്ള പെട്രോള്‍ പമ്പ് ഉടമ ഫാത്തിമ ഹന്നയ്‌ക്കെതിരെയാണ് അധ്യാപിക നിയമനടപടി സ്വീകരിച്ചത്.

പെട്രോള്‍ പമ്പ് അനുവദിക്കുമ്പോള്‍ ശുചിമുറി അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍ബന്ധമായും സ്ഥലത്ത് ഉണ്ടായിരിക്കണം. എന്നാല്‍ ഇതൊന്നും ഇല്ലാതെയാണ് പമ്പ് പ്രവര്‍ത്തിച്ചിരുന്നതെന്നും കമ്മീഷന്‍ കണ്ടെത്തിയിരുന്നു.

Content Highlight: Public can no longer use toilets at petrol pumps; High Court issues interim order

We use cookies to give you the best possible experience. Learn more