വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇറാനെതിരായ യുദ്ധത്തോടുളള അമേരിക്കന്‍ ജനതയുടെ വിയോജിപ്പ് വര്‍ധിച്ചതായി സര്‍വേ റിപ്പോര്‍ട്ട്.
നിയമവിരുദ്ധമായ യുദ്ധം ഗുണത്തേക്കാളേറെ ദോഷം ചെയ്തുവെന്നും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ വഷളാക്കിയെന്നും മിക്ക അമേരിക്കക്കാരും പറയുന്നു. ബുധനാഴ്ച പ്രസിദ്ധീകരിച്ച പി.ബി.എസ്, എന്‍.പി.ആര്‍ മാരിസ്റ്റ് പോളാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.
സര്‍വ്വേ പ്രകാരം 60 ശതമാനം അമേരിക്കക്കാരും ട്രംപ് ഇറാന്‍ വിഷയം കൈകാര്യം ചെയ്ത രീതിയെ എതിര്‍ക്കുന്നു. മാര്‍ച്ചില്‍ ഇത് 54 ശതമാനമായിരുന്നു.
യുദ്ധം കാരണം ഇന്ധനവിലയിലുണ്ടായ കുതിച്ചുചാട്ടം സാധാരണക്കാരുടെ കുടുംബ ബജറ്റിനെ സാരമായി ബാധിച്ചു. നിലവില്‍ ഗാലന് ശരാശരി 4.48 ഡോളറാണ് വില. ഒരു വര്‍ഷം മുമ്പ് ഇത് 3.17 ഡോളറായിരുന്നു. 63% ജനങ്ങളും ഈ വിലക്കയറ്റത്തിന് ഉത്തരവാദി ട്രംപാണെന്ന് വിശ്വസിക്കുന്നു.
അമേരിക്കയുടെ സൈനിക നടപടികള്‍ ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്തതെന്ന് 61% പേര്‍ അഭിപ്രായപ്പെടുന്നു. രാജ്യം സുരക്ഷിതമാകുന്നതിന് പകരം കൂടുതല്‍ അപകടത്തിലായെന്നും അമേരിക്കയുടെ അന്താരാഷ്ട്ര പദവിക്ക് മങ്ങലേറ്റതായും ഭൂരിഭാഗം പേരും കരുതുന്നു.
രാഷ്ട്രീയമായി നിഷ്പക്ഷത പാലിക്കുന്ന ‘ഇന്‍ഡിപെന്‍ഡന്റ്’ വോട്ടര്‍മാരില്‍ 64 ശതമാനവും ട്രംപിന്റെ യുദ്ധനയങ്ങളെ തള്ളിക്കളയുന്നു. സര്‍വ്വേയില്‍ പങ്കെടുത്ത 66% പേരും ലക്ഷ്യങ്ങള്‍ പൂര്‍ണമായി നേടിയില്ലെങ്കിലും യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്ന പക്ഷക്കാരാണ്.
ഇറാനുമായുള്ള യുദ്ധം നീണ്ടുപോകുന്നത് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് വന്‍ തിരിച്ചടിയാകുമെന്ന് രാഷ്ട്രീയ നിരീക്ഷകരും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. വോട്ടര്‍മാരുടെ സാമ്പത്തിക ബുദ്ധിമുട്ടുകളും യുദ്ധത്തോടുള്ള വിരക്തിയും തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
Content Highlight: Public anger against Trump over war with Iran is growing: New survey report