| Sunday, 10th May 2026, 1:35 pm

പൊങ്കാലയും പള്ളിപ്പെരുന്നാളും ഉറൂസും കൂടി സ്‌കൂളില്‍ വെച്ച് നടത്താം; ഭക്തി പഠിപ്പിക്കുന്ന സ്‌കൂളുകളെ ട്രോളിക്കൊന്ന് വാഴ 2, ഒ.ടി.ടിയിലും കൈയടി

അമര്‍നാഥ് എം.

ഇന്‍ഡസ്ട്രി ഹിറ്റാകാന്‍ കണ്ണഞ്ചിപ്പിക്കുന്ന ബജറ്റോ വമ്പന്‍ സ്റ്റാര്‍ കാസ്‌റ്റോ ആവശ്യമില്ലെന്ന് മോളിവുഡില്‍ ഒരിക്കല്‍ കൂടി തെളിയിച്ച ചിത്രമാണ് വാഴ 2. ഇന്‍സ്റ്റഗ്രാമില്‍ റീലുകള്‍ ചെയ്തുനടന്ന ഒരുകൂട്ടം ചെറുപ്പക്കാരെ അണിനിരത്തി നവാഗതനായ സവിന്‍ സാ അണിയിച്ചൊരുക്കിയ ചിത്രം ബോക്‌സ് ഓഫീസിന് റീത്ത് വെക്കുകയായിരുന്നു.

വാഴ 2 Photo: Jio Hotstar

കഴിഞ്ഞദിവസം ചിത്രം ഒ.ടി.യിലെത്തുകയും ചെയ്തു. തിയേറ്ററിലെ അതേ സ്വീകാര്യത ഒ.ടി.ടിയിലും ആവര്‍ത്തിക്കുകയാണ് വാഴ 2. ആദ്യഭാഗത്തില്‍ കേട്ട വിമര്‍ശനങ്ങളെല്ലാം തിരുത്തിക്കൊണ്ടാണ് രണ്ടാം ഭാഗത്തിന്റെ തിരക്കഥ പൂര്‍ത്തിയായത്. എല്ലാതരം പ്രേക്ഷകര്‍ക്കും ഒരുപോലെ കണക്ടാകുന്ന തരത്തിലൊരുക്കിയ വാഴ 2ലെ പല രംഗങ്ങളും ഇതിനോടകം വൈറലായി.

ഇന്നത്തെ തലമുറയിലെ യുവതീ യുവാക്കള്‍ നേരിടുന്ന പല പ്രശ്‌നങ്ങളും ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്. അതൊന്നും ഒട്ടും ഫോഴ്‌സ്ഡ് ആകാതെയാണ് സംവിധായകന്‍ അവതരിപ്പിച്ചിട്ടുള്ളത്. സെക്കന്‍ഡ് ഹാഫില്‍ അല്‍ഫോണ്‍സ് പുത്രന്‍ അവതരിപ്പിച്ച ഡി.വൈ.എസ്.പി സേവ്യര്‍ നടത്തുന്ന പി.ടി.എ മീറ്റിങ്ങിലെ ഡയലോഗുകള്‍ അത്തരത്തിലൊന്നാണ്. സ്‌കൂളില്‍ കുട്ടികളുടെ സ്വഭാവ രൂപീകരണത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാറുണ്ടോ എന്ന് സ്‌കൂള്‍ അധികൃതരോട് സേവ്യര്‍ ചോദിക്കുന്നുണ്ട്.

വാഴ 2 Photo: Jio Hotstar

‘ആത്മീയവും ഭൗതികവുമായ വികാസത്തിലൂന്നിയാണ് ഈ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്’ എന്ന് പ്രിന്‍സിപ്പാള്‍ മറുപടി പറയുന്നു. ‘എങ്ങനെയാണ് അത്’ എന്ന് ചോദിക്കുമ്പോള്‍ ‘രാവിലെയും വൈകിട്ടും പ്രെയര്‍ ചൊല്ലിക്കാറുണ്ട്’, ‘ഒരു മതത്തിന്റെ മാത്രമല്ല, എല്ലാ മതത്തിന്റെ പ്രാര്‍ത്ഥനകളും ഉള്‍പ്പെടുത്താറുണ്ട്. ഓരോ മതത്തില്‍ പെട്ടവര്‍ക്കും അവരുടെ വിശ്വാസത്തിനനുസരിച്ച് പ്രാര്‍ത്ഥിക്കാനുള്ള സൗകര്യവുമുണ്ട്’ എന്നാണ് അധ്യാപകരുടെ ന്യായീകരണം.

ഇതിന് സേവ്യര്‍ പറയുന്ന മറുപടി ശ്രദ്ധേയമാണ്. ‘പ്രാര്‍ത്ഥിക്കാനാണെങ്കില്‍ ഒരുങ്ങിക്കെട്ടി ഇങ്ങോട്ട് വരണോ, വല്ല പള്ളിയിലോ അമ്പലത്തിലോ പോയാല്‍ പോരെ. എന്നാപ്പിന്നെ പൊങ്കാലയും പള്ളിപ്പെരുന്നാളും ഉറൂസും കൂടി അമ്പലത്തില്‍ വെച്ച് നടത്താം. കുട്ടികളെ സ്‌കൂളിലേക്ക് വിടുന്നത് അറിവ് നേടാനും വ്യക്തിത്വ വികസനത്തിനും സ്വഭാവ രൂപീകരണത്തിനും വേണ്ടിയാണ്. അല്ലാതെ ഭക്തി പഠിപ്പിക്കാനല്ല. അതിന് അതിന്റേതായ സ്ഥലങ്ങളും ആളുകളുമുണ്ട്’ എന്നാണ് സേവ്യര്‍ പറയുന്നത്.

വാഴ 2 Photo: Jio Hotstar

ഭക്തി കുത്തിവെച്ച് ഒരു തലമുറയുടെ സയന്റിഫിക് ടെമ്പറിനെയും യുക്തിബോധത്തോടെ ചിന്തിക്കാനുള്ള ശേഷിയെയും ഇല്ലാതാക്കുന്ന വിദ്യാഭ്യാസ സമ്പ്രദായത്തെ കണക്കിന് പരിഹസിക്കുകയാണ് ഈ സീനിലൂടെ. തൊട്ടാല്‍ പൊള്ളുന്ന ഈയൊരു വിഷയം വളരെ ക്ലാരിറ്റിയോടെ എല്ലാവരിലേക്കും എത്തുന്ന തരത്തില്‍ സംവിധായകന്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇത്തരം ഡയലോഗുകളും വാഴ 2ന്റെ വിജയത്തിന് കാരണമായിട്ടുണ്ടെന്ന് പറയാം.

Content Highlight: PTA meeting scene in Vaazha 2 getting appreciation after OTT release

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more