| Tuesday, 25th February 2020, 11:30 am

കെ.എ.എസ്.പരീക്ഷയില്‍ ക്രമക്കേട്; പാകിസ്താന്‍ സിവില്‍ സര്‍വീസ് പരീക്ഷയിലെ ചോദ്യങ്ങള്‍ പകര്‍ത്തിയെന്ന ആരോപണവുമായി പി ടി തോമസ് എം.എല്‍.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കെ.എ.എസ് പരീക്ഷയ്‌ക്കെതിരെ ആരോപണവുമായി പി. ടി തോമസ് എം.എല്‍.എ. പാകിസ്താന്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയിലെ ചോദ്യങ്ങള്‍ പകര്‍ത്തിയെന്നാണ് പി ടി തോമസിന്റെ ആരോപണം.

പാകിസ്താന്‍ സിവില്‍ സര്‍വീസ് പരീക്ഷാ ചോദ്യപേപ്പറില്‍ നിന്ന് ആറു ചോദ്യങ്ങള്‍ പകര്‍ത്തിയെന്നാണ് ആരോപണം. വിഷയത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും പി. ടി തോമസ് എം.എല്‍.എ ആവശ്യപ്പെട്ടു.

എന്നാല്‍ എം.എല്‍.എയുടെ ആരോപണം തെറ്റാണെന്ന് പി.എസ്.സി ചെയര്‍മാന്‍ എം. കെ സക്കീര്‍ പറഞ്ഞു. പി. ടി തോമസിന്റെ ആരോപണം പി.എസ്.സിയുടെ വിശ്വാസ്യത തകര്‍ക്കാനാണെന്നും അദ്ദേഹം പറഞ്ഞു. കെ.എ.എസ് പരീക്ഷയുടെ ചോദ്യങ്ങള്‍ തയ്യാറാക്കിയത് രാജ്യത്തെ പ്രമുഖരാണെന്നും എം. കെ സക്കീര്‍ പറഞ്ഞു.

പി. ടി തോമസ് എം.എല്‍.എ ഇതിന് മുമ്പും പി.എസ്.സിയ്‌ക്കെതിരെ ആരോപണവുമായി രംഗത്ത് വന്നിരുന്നു.
2015ലെ റിസര്‍വേഷന്‍ ചാര്‍ട്ടിലെ 47 എസ്ഐ തസ്തികകളിലെ നിയമനം പി.എസ്.സി അട്ടിമറിച്ചെന്നായിരുന്നു ആരോപണം. സംവരണ മാനദണ്ഡം മറികടന്ന് നിയമനം നടത്തിയതിന് തെളിവുണ്ടെന്നും പി. ടി തോമസ് എം.എല്‍.എ അന്ന് പറഞ്ഞിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നോണ്‍ ജോയിനിങ് ഡ്യൂട്ടിയായി ഒഴിവുവന്ന 47 സംവരണ സീറ്റുകളില്‍ ട്രിബ്യൂണല്‍ വിധി മറികടന്ന് നിയമനം നടത്തിയെന്നായിരുന്നു പിടി തോമസിന്റെ് ആരോപണം.

തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷത്തിലെ പ്രതികള്‍ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടത് വിവാദമായതിന് പിന്നാലെയണ് പി.എസ.സിക്കെതിരെ തോമസിന്റെ ആരോപണം.

മൂന്നു ലക്ഷത്തിലധികം പേരാണ് ഇത്തവണ കെ.എ.എസ് പരീക്ഷയെഴുതിയത്. സംസ്ഥാനത്ത് 1535 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടത്തിയത്. ഇതില്‍ ഏറ്റവും കൂടുതല്‍ കേന്ദ്രങ്ങളുള്ളത് തിരുവനന്തപുരത്തായിരുന്നു. 262 കേന്ദ്രങ്ങളാണ് ഇവിടെയുണ്ടായിരുന്നത്. ഏറ്റവും കുറവുള്ള വയനാടില്‍ 30 കേന്ദ്രങ്ങള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

രണ്ടു പേപ്പറുകളിലായി നടക്കുന്നതിനാല്‍ രാവിലെയും ഉച്ചക്കുമായാണ് കെ.എ.എസ് പ്രാഥമിക പരീക്ഷ നടന്നത്. ജൂണിലോ ജൂലൈയിലോ ആയിരിക്കും പ്രാഥമികഘട്ടത്തില്‍ ജയിക്കുന്നവര്‍ക്കുള്ള മുഖ്യപരീക്ഷ നടക്കുക. പിന്നീട് ഇന്റര്‍വ്യൂവിനും മറ്റു നടപടികള്‍ക്കും ശേഷം സര്‍വീസില്‍ പ്രവേശിക്കാനാകും.

We use cookies to give you the best possible experience. Learn more