വീടിനു പുറത്ത് പട്ടിയുണ്ട് സൂക്ഷിക്കുക എന്ന ബോര്‍ഡുകള്‍ ധാരാളം കണ്ടു പരിചയമുള്ളവരാണ് നമ്മള്‍. നമ്മള്‍ ജീവിക്കുന്നത് ഇപ്പോള്‍ ഡിജിറ്റല്‍ ലോകത്ത് കൂടിയായതിനാല്‍ ഇവിടെ പ്രദര്‍ശിപ്പിക്കേണ്ട ബോര്‍ഡില്‍ പൂച്ചയുണ്ട് സൂക്ഷിക്കുക എന്നാണിപ്പോള്‍ എഴുതേണ്ടത്.
ആനിമേഷനിലൂടെ തയ്യാറാക്കിയ ഒരു ഓറഞ്ച് പൂച്ചയുടെ ആരാധകരായി കുട്ടികള്‍ മാറുന്ന സാഹചര്യമാണ് ഇന്ന് ഡിജിറ്റല്‍ ലോകത്തുള്ളത്. വിജ്ഞാനപ്രദമായ നിരവധി കാര്‍ട്ടൂണുകള്‍ ഇപ്പോള്‍ കുട്ടികള്‍ക്കായുണ്ട്.
ഡിജിറ്റല്‍ ലോകത്തേക്ക് പിറന്നുവീണ കുട്ടികളെ കാര്‍ട്ടൂണുകളുടെയും, റീല്‍സുകളുടെയും ഇടയില്‍ നിന്ന് മാറ്റിനിര്‍ത്താനാവില്ലെന്ന് നമുക്കറിയാം. സ്‌ക്രീന്‍ ടൈം നിയന്ത്രണവിധേയമാക്കി ഡിജിറ്റല്‍ അഡിക്ഷന്‍ കുറയ്ക്കാനുള്ള ശ്രമമാണ് നാം നടത്തേണ്ടത്.
അതോടൊപ്പം തന്നെ ഈ സ്‌ക്രീന്‍ സമയത്തിനുള്ളില്‍ എന്തൊക്കെയാണ് കുട്ടികള്‍ കാണുന്നതെന്ന് ശ്രദ്ധിക്കാനും കഴിയേണ്ടതുണ്ടെന്നതിന്റെ പ്രാധാന്യത്തിലേക്കാണ് ഈ പൂച്ച വിരല്‍ ചൂണ്ടുന്നത്.
കാര്‍ട്ടൂണ്‍ കണ്ടതുകൊണ്ട് ഹിന്ദി പഠിക്കുന്ന കുട്ടികളെ നമുക്ക് പരിചയമുണ്ടാകും. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെ അനുകരിക്കുകയും, കാര്‍ട്ടൂണ്‍ ചിത്രങ്ങള്‍ ആലേഖനം ചെയ്ത കളിയുപകരണങ്ങളും, പഠനോപകരണങ്ങളും ആവശ്യപ്പെടുകയും ചെയ്യുന്ന കുട്ടികള്‍ നമ്മുടെയെല്ലാം വീടുകളിലും ഉണ്ടാവും.
കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ കുട്ടികളെ അത്രമേല്‍ സ്വാധീനിക്കുന്നു എന്നതിന്റെ തെളിവാണ് ഇതെല്ലാം. ഇതുപോലെ കുട്ടികളെ സ്വാധീനിക്കുന്ന ആനിമേഷന്‍ കഥാപാത്രങ്ങള്‍ ഇപ്പോള്‍ റീല്‍സുകള്‍ക്കിടയിലൂടെ കടന്നു വരുന്നുണ്ട്.
അക്കൂട്ടത്തില്‍ ഒരാളാണ് കാണുമ്പോള്‍ കൗതുകക്കാരനും, അറിയുമ്പോള്‍ അക്രമകാരിയുമായ ഈ ഓറഞ്ച് പൂച്ച. ഒരു പൂച്ചയുടെ വീഡിയോ കൊണ്ടിപ്പോള്‍ ഇവിടെ എന്തു സംഭവിക്കാനാണെന്ന് ചിലരെങ്കിലും കരുതുന്നുണ്ടാവും.
ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ നിര്‍മ്മിക്കപ്പെടുന്ന വീഡിയോകള്‍ക്ക് ഇപ്പോള്‍ വലിയ സ്വീകാര്യതയാണുള്ളത്. അനന്തമായ സാധ്യതകള്‍ ഉപയോഗപ്പെടുത്തി തയ്യാറാക്കുന്ന ഇത്തരം വീഡിയോകള്‍ കൗതുകത്തോടെ കൂടിയാണ് എല്ലാ പ്രായത്തിലുള്ളവരും കണ്ടിരിക്കാറുള്ളത്.
കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ കുട്ടികളെ അത്രമേല്‍ സ്വാധീനിക്കുന്നു എന്നതിന്റെ തെളിവാണ് ഇതെല്ലാം.
ജനിച്ചുവീഴുന്ന കുഞ്ഞ് വളര്‍ന്നു, വലുതായി, വയസ്സാവുന്നത് വരെയുള്ള ജീവിതകാലത്തെ കാണിക്കുന്ന വീഡിയോകളെല്ലാം ഇപ്പോള്‍ ധാരാളമായി റീല്‍സുകള്‍ക്കിടയില്‍ കാണാം.
എ.ഐ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി മമ്മൂട്ടിയുടെയും, മോഹന്‍ലാലിനെയും പഴയകാല കഥാപാത്രങ്ങളെ പുന സൃഷ്ടിക്കുന്ന സിനിമകള്‍ ആവേശത്തോടുകൂടിയാണ് നാം കണ്ടത്. വിദ്യാഭ്യാസ മേഖലയിലും, രാഷ്ട്രീയത്തിലുമെല്ലാം എ.ഐ സാങ്കേതിക വിദ്യയുടെ സഹായത്താല്‍ നിര്‍മ്മിക്കുന്ന വീഡിയോകള്‍ ഇന്ന് ഉപയോഗപ്പെടുത്തുന്നുണ്ട്.
ഇതിനിടയിലാണ് ക്രൂരതയും അക്രമസ്വഭാവവും മുഖമുദ്രയായ ഒരു എ.ഐ പൂച്ചയും കിടന്നു വിലസുന്നത്. സഹജീവികളെ ചതിച്ച് കെണിയിലാക്കി മാരകമായി ആക്രമിച്ചു കൊന്നു തിന്നുന്നതും, ഉറ്റസുഹൃത്തുക്കളെ ഭക്ഷണത്തിന് വീട്ടിലേക്ക് ക്ഷണിച്ച് മദ്യം നല്‍കി മയക്കി കൊല്ലുന്നതാണ് ഈ പൂച്ചയുടെ ഒട്ടുമിക്ക വീഡിയോകളുടെയും ഉള്ളടക്കം.
സമൂഹ മാധ്യമങ്ങളില്‍ ട്രെന്‍ഡിങ്ങായ ഈ ക്രിമിനല്‍ പൂച്ചയുടെ ആരാധകരേറെയും കുട്ടികളാണ്. ക്ലാസില്‍ ദിവസവും മറ്റുള്ളവരെ പേനയ്ക്ക് കുത്തുകയും, മറ്റുള്ളവര്‍ കരയും വരെ അത് തുടരുകയും ചെയ്യുന്ന ഒരു കുട്ടിയെ കുറിച്ച് കേരള പോലീസിന്റെ അന്വേഷണമാണ് ഓറഞ്ച് പൂച്ചയുടെ ക്രിമിനല്‍ സ്വഭാവം പുറത്തുകൊണ്ടുവന്നത്.
രക്ഷിതാക്കളെ വിളിച്ച് അന്വേഷിച്ചപ്പോഴാണ് കുട്ടി നിരന്തരം ഇത്തരം വീഡിയോകള്‍ കാണാറുണ്ടെന്ന് അറിഞ്ഞത്. കുട്ടികളെ ക്രൂരന്മാരാക്കി മാറ്റുന്ന ഈ പൂച്ചയെ കൈയോടെ പിടികൂടിയ കേരള പോലീസാണ് ‘പൂച്ചയുണ്ട് സൂക്ഷിക്കുക’ എന്ന ജാഗ്രത നിര്‍ദ്ദേശം നമുക്കു നല്‍കിയത്.
വയലന്‍സ് കണ്ടെന്റ് നിറഞ്ഞ വീഡിയോകള്‍ കുട്ടികളെ ആക്രമണോത്സുകതയും, ഹിംസാത്മകതയും ഉള്ളവരാക്കി മാറ്റുമെന്നതിനുള്ള ഉദാഹരണം കൂടിയായാണ് അക്രമകാരിയായി മാറിയ സ്‌കൂള്‍ കുട്ടിയുടെ ഈ സംഭവം.
ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തന്നെ കുട്ടികളിലെ ഇത്തരം വയലന്‍സ് അഡിക്ഷനില്‍ നിന്നുള്ള വിമുക്തി പ്രവര്‍ത്തനങ്ങള്‍ക്കും ഇക്കാലത്ത് പ്രാധാന്യം നല്‍കേണ്ടതുണ്ട്. സിനിമ കഥാപാത്രങ്ങളും, സൂപ്പര്‍ ഹീറോ കഥാപാത്രങ്ങളുമെല്ലാം അനുകരിക്കുന്നവരാണ് എക്കാലത്തും കുട്ടികള്‍.
സ്‌പൈഡര്‍മാനെ പോലെയാകാന്‍ എട്ടുകാലിയെ കൊണ്ട് കടിപ്പിച്ച കുട്ടികളെ കുറിച്ച് നാം കേട്ടിട്ടുണ്ടാവും. വയലന്‍സ് കണ്ടെന്റുകണ്ടള്ള വീഡിയോകള്‍ വളര്‍ത്തുന്ന അനുകരണചിന്ത മറ്റുള്ളവരെ അക്രമിക്കുവാനും ക്രൂരമായ പ്രതികരണങ്ങളിലേക്കുമാണ് നയിക്കുക.
മറ്റുള്ളവരുടെ വേദനയില്‍ സന്തോഷിക്കുന്ന നാര്‍സിസിസ്റ്റിക്ക് സ്വഭാവമുള്ളവരായി മാറുന്ന ഒരു തലമുറ സഹജീവികളോട് സ്‌നേഹവും, പരസ്പര സഹകരണമില്ലാത്തവരുമായി വളര്‍ന്നുവരുന്നത് സ്വാഭാവികമാണ്. ഇവര്‍ തന്നെയാണ് ബന്ധുക്കളെയും സുഹൃത്തുക്കളെയും ആക്രമിക്കുന്നവരായി പലപ്പോഴും മാറാറുള്ളത്.
പരസ്പര സ്‌നേഹവും, അപരനോട് കരുതലുമുള്ള ഒരു തലമുറയെ രൂപപ്പെടുത്താനാണ് നമുക്ക് കഴിയേണ്ടത്. ഡിജിറ്റല്‍ ലോകത്തെ കുട്ടികളുടെ കൂട്ടുകാരെ കുറിച്ചു മനസ്സിലാക്കാന്‍ കഴിയാതെ പോയാല്‍ ഓരോ കുട്ടിയും ഒരു ഫാസിസ്റ്റ് ആയി ഭാവിയില്‍ മാറും.
കുട്ടികള്‍ എന്ത് കാണുന്നു എന്ന് മാതാപിതാക്കള്‍ ശ്രദ്ധിക്കുകയും, ആപ്പുകളില്‍ പാരന്റ്ല്‍ കണ്‍ട്രോണ്‍ ഫീച്ചറിടുകയും കുട്ടികളിലെ പെരുമാറ്റത്തിലെ ചെറിയ മാറ്റങ്ങള്‍ പോലും തിരിച്ചറിയുകയുമാണ് ഇതിനുള്ള പ്രാഥമിക പരിഹാരം.
ഓരോ വീട്ടിലും, കുട്ടികളും രക്ഷിതാക്കളും കൂടിയാലോചിച്ച സ്‌ക്രീന്‍ സമയം നിയന്ത്രിക്കുന്നതോടൊപ്പം തന്നെ സ്‌ക്രീനില്‍ തെളിയുന്ന കണ്ടെന്റുകള്‍ ശരിയായി വിലയിരുത്താനും സമയം കണ്ടെത്തണം.
സ്‌നേഹവും, സാഹോദര്യവും, സഹവര്‍ത്തിത്വവുമുള്ളവരായി വളരേണ്ട നമ്മുടെ കുട്ടികളെ വഴിതെറ്റിക്കുന്ന പൂച്ചകളെ സൂക്ഷിക്കുകയും അകറ്റി നിര്‍ത്തുകയും വേണം. ‘പൂച്ച നല്ല പൂച്ച, വൃത്തിയുള്ള പൂച്ച, പാലുവച്ച പാത്രം വൃത്തിയാക്കി വെച്ചു’ എന്ന കുഞ്ഞുണ്ണി മാഷിന്റെ കുഞ്ഞിക്കവിത ചൊല്ലി പഠിച്ച നമ്മള്‍ ഈ പൂച്ച അത്ര നല്ല പൂച്ചയല്ലെന്നും, പാലു വെച്ച പാത്രം മാത്രമല്ല, സഹ ജീവികളെയാകെ കൊന്നു തിന്നു വൃത്തിയാക്കുന്ന ഒരു തെമ്മാടി പൂച്ചയാണെന്നും ജെന്‍. ആല്‍ഫക്കാരായ കുട്ടികളോട് പറയണം. ഈ പൂച്ചയെ കയ്യോടെ പിടികൂടിയാലും, നിര്‍മ്മിത ബുദ്ധിയുടെ കാലത്ത് പല വേഷത്തില്‍ ഇവര്‍ ഇനിയുമെത്തുമെന്ന ജാഗ്രതയും നമുക്കുണ്ടാവണം.
CONTENT HIGHLIGHTS: PT Rahesh writes on the effects of Orange A.I. cat on children