കുഴല്‍പേശികള്‍ നീട്ടി കൊണ്ടുള്ള വാക്കുരിച്ചിലായ റാപ്പത്ഭുതം ത്രസിപ്പിച്ച യൗവനങ്ങളെ ലോകത്ത് പലയിടത്തും നമുക്കു കാണാന്‍ കഴിയും. നിലവിലുള്ള വ്യവസ്ഥയോടുള്ള കലഹത്തിന്റെ താളവും, ചൊല്‍ക്കെട്ടുകളും ഉള്‍ക്കൊള്ളുന്ന റാപ്പ് സംഗീതം പുതിയ തലമുറയുടെ മാനസികാവസ്ഥയ്ക്ക് അനുസരിച്ച് ചിട്ടപ്പെടുത്തുന്നതാണ്.
ദാരിദ്ര്യം, വീടില്ലായ്മ സാമൂഹിക ഉച്ചനീചത്വം, ഏകാന്തത തുടങ്ങിയ അടിസ്ഥാന വേവലാതികളെ വിഷയമാക്കിയുള്ള ഈ ചടുല സംഗീതം നിലവിലുള്ള സാമൂഹികവസ്ഥകളെ തകിടം മറിക്കാന്‍ പരമ്പരാഗത സാമൂഹ്യ സാഹചര്യങ്ങളുമായി ഏറ്റുമുട്ടുന്ന പുതുതലമുറക്കാരുടെ ജീവിതതാളവുമായി മാറുകയാണ് ചെയ്യുന്നത്.
റാപ്പിന്റെ ആന്തരികതയെ നിര്‍ണയിക്കുന്ന സുപ്രധാന ഘടകങ്ങളിലൊന്ന് ഭാഷ തന്നെയാണ്. റാപ്പുരിയാട്ടങ്ങള്‍ ഏതു ഭാഷയിലേക്ക് ചേക്കേറിയാലും അതത് ദേശത്തിന്റെ സംസ്‌കാരവും, ഭാഷയും അതിനെ വേറിട്ടതാക്കുകയാണ് ചെയ്യുന്നത്. ഭാഷ ഏതായാലും റാപ്പിന്റെ ഉള്ളടക്കം നിലവിലുള്ള സാമൂഹ്യ സാമ്പത്തിക വ്യവസ്ഥയോടുള്ള എതിര്‍പ്പും, ഏറ്റുമുട്ടലും തന്നെയാണ്.
1960കളില്‍ അമേരിക്കയില്‍ രൂപം കൊണ്ടതാണ് റാപ്പ് സംസ്‌കാരമെങ്കിലും ഇതിന്റെ പരിണാമത്തെക്കുറിച്ച് പരിശോധിക്കുമ്പോള്‍ വാമൊഴി പാരമ്പര്യത്തിന്റെ പുതുകാല പ്രത്യക്ഷങ്ങളായിട്ടാണ് ഈ സംഗീതത്തെ നമുക്ക് മനസ്സിലാക്കാനാവുക.
ചരിത്രത്തില്‍ നിന്ന് അപ്രത്യക്ഷരായിരുന്ന ജനതയുടെ ശബ്ദവും കവിതയുമായാണ് റാപ്പ് സമകാലിക യുവതയുടെ നാവിലൂടെ പാട്ടായും പറച്ചിലായും പ്രചരിക്കുന്നത്. റാപ്പ് സംഗീതത്തിന്റെ വരികള്‍ മാരകമാണെന്നും, ലിറിക്കല്‍ കൊലയാണെന്നും ജപ്പാന്‍ പൈപ്പ് പൊട്ടിയ പോലുള്ള വാക്കുകളുടെ ഒഴുക്കാണെന്നുമൊക്കെ പറയുമ്പോഴും സജീവമാകുന്ന റാപ്പ് സംഗീതത്തില്‍ പ്രതിഷേധത്തിന്റെയും, പ്രതികരണത്തിന്റെയും സമരസ്വരങ്ങള്‍ കൂടി അടങ്ങിയിട്ടുണ്ടെന്ന് പറയാതിരിക്കാനാവില്ല.
റാപ്പിന്റെ ആന്തരികതയെ നിര്‍ണയിക്കുന്ന സുപ്രധാന ഘടകങ്ങളിലൊന്ന് ഭാഷ തന്നെയാണ്.
പാട്ടു പറച്ചിലിന്റെ പുതിയ സംസ്‌കാരം വേരു പടര്‍ത്തിയതോടെ രാഷ്ട്രീയവും, സൗന്ദര്യവും പറയുന്ന റാപ്പ് സംഗീതത്തിന് കേരളത്തിന്റെ പുതുതലമുറക്കിടയിലും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
റാപ്പ് ഗീതം കൊണ്ട് സൂപ്പര്‍സ്റ്റാര്‍ പദവി കിട്ടിയ ഒരുപാട് റാപ്പര്‍മാര്‍ ഇപ്പോള്‍ മലയാളത്തിലുണ്ട്. ഇംഗ്ലീഷ് പാടുന്ന മലയാളം റാപ്പര്‍മാരില്‍ പാട്ടിന്റെ മരണക്കിണര്‍ പണിഞ്ഞ ഹനുമാന്‍ കൈന്റ് ഇന്ന് ലോകം ശ്രദ്ധിക്കുന്ന ഗായകനാണ്.
ഹനുമാന്‍ കൈന്റ്
മലയാളമെന്ന ഭാഷാവൃത്തത്തിനുമപ്പുറം ഭൂലോകത്തിന്റെ നാക്കിലും, നോക്കിലും അയാളുടെ റാപ്പിന്‍ തരികള്‍ തരംഗം ഉണ്ടാക്കുകയും ചെയ്യുന്നു. ചലച്ചിത്ര ഗാനങ്ങളിലൂടെ യുവജനങ്ങളുടെ ഹരമായി മാറിയ ശ്രീനാഥ് ഭാസിയും നീരജ് മാധവുമൊക്കെ മലയാള ഹിപ്പ് ഹോപ്പ് സംസ്‌കാരത്തിന്റെ ഗതി നിര്‍ണയിച്ച പാട്ടുകാരായി ഇന്നു മാറിയിരിക്കുന്നു.
നീരജ് മാധവ് / ശ്രീനാഥ് ഭാസി
ഡബ്‌സിയുടെ മുറുക്കിയുള്ള ശബ്ദത്തിലൂടെ തെളിയുന്ന മലബാറിന്റെ ജീവിത ശബ്ദവും കൂര്‍ത്തതും, അയഞ്ഞതുമായ ഭാവലോകം പകര്‍ത്തിക്കൊണ്ടു പാട്ടുകെട്ടുന്ന നീരജ് മാധവിന്റെ ശൈലിയും മലയാളിക്ക് ഏറെ ഇഷ്ടമാണ്. ഇന്‍സ്റ്റ യൗവനത്തിലും, യൂട്യൂബിലും ഒരു പകര്‍ച്ചവ്യാധി പോലെ ഇവര്‍ പടര്‍ന്നു കയറിയത് തലമുറകളിലേക്കാണ്.
ഡബ്‌സി
ഇക്കൂട്ടത്തില്‍ ഏറ്റവും പ്രമുഖരും ആരാധകര്‍ ഏറെയുള്ളതുമായ ‘വേടന്‍’ വാര്‍ത്തകള്‍ പുറത്തുവന്നതോടുകൂടിയാണ് ഈ തലമുറയില്‍ പെടാത്തവര്‍ പോലും റാപ്പ് സംഗീതത്തിന്റെയും ശബ്ദം കേള്‍ക്കുന്നതും, ഈ പുതിയ സംഗീതസമരത്തെ കുറിച്ചറിയുകയും ചെയ്യുന്നത്.
വേടന്‍
ജര്‍മ്മനിയും, തുര്‍ക്കിയും തമ്മിലുള്ള കുടിയേറ്റ ബന്ധങ്ങളിലൂടെ ഇസ്താംബൂള്‍ യൗവനം കലയിലും സംഗീതത്തിലും തീര്‍ത്ത പുതിയ ലോകങ്ങളെ കുറച്ച് അന്വേഷിക്കുമ്പോഴാണ് Ezhel, Khontkar, Young Bego തുടങ്ങിയ റാപ്പ് പാടി ജയിലില്‍ പോയ പാട്ടുകാരെ വേറെയും നമുക്ക് കണ്ടെത്താനാവുക.
ഞങ്ങള്‍ക്കിനി നിശബ്ദരായി തുടരാന്‍ കഴിയില്ല എന്ന് ഒരു തലമുറയുടെ കാഹളം സുസമാം എന്ന റാപ്പ് ഇതിഹാസത്തിന്റെ ടര്‍ക്കിഷ് റാപ്പിലൂടെ മുഴങ്ങിയ വാര്‍ത്തയും ഇതോടൊപ്പം നാം ചേര്‍ത്തു വായിക്കേണ്ടതാണ്.
ഒന്നിനെയും മൈന്റാക്കാത്തവരൊന്നും, ഫോണ്‍ നോക്കിക്കളെന്നും സ്‌ക്രീന്‍ തൊട്ടുകൂട്ടുന്നവരെന്നും വിളിക്കുന്ന ജെന്‍സി തലമുറയെ വ്യവസ്ഥകളോട് കലഹിക്കാനും സാമൂഹിക സാമ്പത്തിക വ്യവസ്ഥയോട് യുദ്ധം ചെയ്യാനും കെല്‍പ്പുള്ളവരാക്കുന്ന റാപ്പ് സംഗീതത്തിന്റെ രാഷ്ട്രീയം ഭരണകൂട വര്‍ഗ്ഗത്തെ നന്നായി പൊള്ളിക്കുന്നുണ്ടെന്നതിന്റെ തെളിവാണ് ഇപ്പോള്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്.
കനകക്കുന്ന് കൊട്ടാരത്തിലെ നിശാഗന്ധിയില്‍ സഹകരണ എക്‌സ്‌പോയുടെ ഭാഗമായി നടന്ന വേടന്റെ പരിപാടി നേരിട്ടു കണ്ടപ്പോഴാണ് ജെന്‍ഡര്‍ വ്യത്യാസമില്ലാതെ പുതിയ തലമുറയുടെ സിരകളിലൂടെ റാപ്പ് സംഗീതം ഒഴുകുന്നതിന്റെ ഗതിവേഗത്തിന്റെ ആഴവും പരപ്പും മനസ്സിലാക്കാനായത്.
അപകടകരമായ ഏതൊരു സാഹചര്യത്തിലും അതിമനോഹരമായി കൈകാര്യം ചെയ്യാനുള്ള ശേഷി കൂടി റാപ്പര്‍ വേടന് ഉണ്ടെന്ന് മനസ്സിലായതും ഇവിടെ നിന്നു തന്നെയാണ്. ആരാധനയോടെ ഒത്തുചേര്‍ന്നവര്‍ നിയന്ത്രണ രഹിതമായി മാറുന്ന സന്ദര്‍ഭത്തെ അസാധാരണമായ മെയ് വഴക്കത്തോടെ നിയന്ത്രിക്കാനുള്ള കഴിവും ഈ ചെറുപ്പക്കാരനുണ്ടെന്ന പ്രത്യേകത വേടനെ വ്യത്യസ്തനാക്കുന്നുണ്ട്.
നിശാഗന്ധിയിലെ വേടന്റെ പരിപാടിക്കെത്തിയവരുടെ തിരക്ക്
ഒരു തലമുറയെയാകെ ആവേശഭരിതരാക്കാനും സമരഭരിതരാക്കാനും കഴിയുന്നതോടൊപ്പം തന്നെ വേടനെ ഒരേസമയം കലാപകാരിയും കലാകാരനുമാക്കുകയാണ്. ഇതേ തലമുറയെ തന്നെ തന്റെ റാപ്പിലൂടെ നാം ജീവിക്കുന്ന സമൂഹത്തെ വിമര്‍ശനാത്മകമായി വിലയിരുത്താന്‍ ചിന്തിപ്പിക്കുന്ന വിദ്യാഭ്യാസ പ്രവര്‍ത്തകനും, നിയന്ത്രിക്കാന്‍ കഴിയുന്ന സുഹൃത്തുമായി വേടന്‍ സ്വീകാര്യനായി വളരുന്ന ഘട്ടത്തിലാണ് ജയിലില്‍ അടക്കപ്പെട്ടത്.
സാധാരണ കലാകാരനില്‍ നിന്നും വ്യത്യസ്തമായി നേരത്തെ പറഞ്ഞ വിദ്യാഭ്യാസവും സാംസ്‌കാരികപരവുമായ സ്വഭാവ ഗുണങ്ങളും സ്വയം തിരുത്താന്‍ ശേഷിയുള്ള മനുഷ്യനും തന്നെയാണ് ഞാനെന്ന് പ്രഖ്യാപിക്കാന്‍ സഹായിക്കുന്നതും നാം കണ്ടു.
സാമൂഹ്യവിരുദ്ധവും നീതിരഹിതവുമായ ഒരു സമൂഹത്തെ ചോദ്യം ചെയ്യാന്‍ ശേഷിയുള്ള ഈ കലാകാരന്‍ മനുഷ്യത്വവും നിയമവിരുദ്ധവുമായ ചെയ്തികള്‍ തിരുത്തി കൂടുതല്‍ നല്ല മനുഷ്യനായി മലയാളിയുടെ റാപ്പ് സംഗീതയുദ്ധത്തിന്റെ മുന്നണി പോരാളിയായി തിരികെ വരുമ്പോള്‍ സ്വീകരിക്കാന്‍ തയ്യാറാവുന്നു എന്നതാണ് ലോകത്തെമ്പാടും റാപ്പര്‍മാരെ ഭരണകൂട കൈകാര്യം ചെയ്ത രീതിയില്‍ നിന്നും കേരളത്തെ വ്യത്യസ്തമാക്കുന്നത്.
ഭരണകൂടത്തിന് അനുകൂലമായ ഒരു ജനതയെ രൂപപ്പെടുത്താനും നിലനിര്‍ത്താനുമുള്ള ഭരണകൂടത്തിന്റെ മര്‍ദ്ദനോപകരണങ്ങള്‍ ലോകത്തമ്പാടും ഒരേ സ്വഭാവം പ്രകടിപ്പിക്കുമെങ്കിലും ഇടതുപക്ഷത്തിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം വിമര്‍ശനാത്മകമായി കാര്യങ്ങളെ വിലയിരുത്തുന്നതും, സ്വയം വിമര്‍ശനത്തിലൂടെ തിരുത്തുന്ന പ്രക്രിയയെ പ്രോത്സാഹിപ്പിക്കുന്നതും തിരിച്ചറിയാനുള്ള സന്ദര്‍ഭം കൂടിയാണ് വേടന്റെ തിരിച്ചുവരവിനെ നാം കാണേണ്ടത്.
ഒരു തലമുറയെയാകെ ആവേശഭരിതരാക്കാനും സമരഭരിതരാക്കാനും കഴിയുന്നതോടൊപ്പം തന്നെ വേടനെ ഒരേസമയം കലാപകാരിയും കലാകാരനുമാക്കുകയാണ്.
ഈ തിരിച്ചുവരവും ജാതിവിരുദ്ധവും, വര്‍ണ്ണ വെറിക്കെതിരായതുമായ വേടന്റെ റാപ്പ് വരികളും വര്‍ഗീയതയുടെ വിഷപ്പാമ്പുകളെ വല്ലാതെ അസ്വസ്ഥമാക്കുന്നുണ്ട്.
എന്‍.ആര്‍.മധു / കെ.പി. ശശികല
വേടന്റെ പാട്ടുകളെ ജാതിഭീകരതയായി ചിത്രീകരിക്കാനാണ് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വക്താക്കള്‍ ശ്രമിക്കുന്നത്. പുതിയ സംഗീതത്തിന്റെ പടനായകനാണ് വേടനെന്ന പുതിയ മേല്‍വിലാസം നല്‍കിയാണ് ഈ ആക്രമണത്തെ ഇടതുപക്ഷം ചെറുക്കുന്നത്.
എം.വി. ഗോവിന്ദന്‍
വലിയ ആരാധനാലോകമുള്ള സെലിബ്രേറ്റുകളുടെ ജീവിതത്തില്‍ പോലും മാതൃകയാക്കാനുള്ളതൊന്നും പലപ്പോഴും കാണാനില്ലാത്ത കാലത്താണ് ഒരു ചെറുപ്പക്കാരന്‍ ജീവിതത്തിന്റെ തെറ്റുകള്‍ ഒരു തലമുറയെ ഇന്‍ഫ്‌ളുവന്‍സ് ചെയ്യുമെന്ന കാരണത്താല്‍ തിരുത്താന്‍ തയ്യാറാകുന്നത്.
ആധുനികവും പുരോഗമനപരവുമായ ഒരു സമൂഹത്തില്‍ ഇപ്പോഴും തുടരുന്ന ജാതിബോധത്തെ തുറന്നു എതിര്‍ക്കാനും, തെറ്റുകളില്‍ സ്വയം വിമര്‍ശനം നടത്താനും, സ്വയം നവീകരിക്കാനും തയ്യാറായ വേടനും, സാമൂഹ്യ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന റാപ്പ് സംഗീതവും ചേര്‍ന്നൊഴുകി മോനലോവ പോലെയുള്ള തലമുറകളേയും, മാനവികമായൊരു ലോകത്തിന്റെ മോഹലാവയും നിര്‍മ്മിച്ചെടുക്കുന്നതില്‍ അസ്വസ്ഥരായവരാണ് ഇപ്പോള്‍ മാളത്തില്‍ നിന്ന് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
പട്ടികജാതി വിഭാഗക്കാരുമായി പുലബന്ധം പോലുമില്ലാത്ത സംഗീതമാണ് റാപ്പ് എന്നാണ് ഇപ്പോള്‍ ഉയര്‍ന്നു വന്ന പ്രധാന ആരോപണം. ലോകത്തെമ്പാടും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ അന്തസ്സും ആത്മാഭിമാനവുമുയര്‍ത്തി പിടിക്കണമെന്നും, ഭരണകൂട വ്യവസ്ഥയുടെ മര്‍ദ്ദനവും വിവേചനവും ചെറുത്തുതോല്‍പ്പിക്കണമെന്നുള്ള മുഴക്കമാണ് റാപ്പ് സംഗീതത്തില്‍ ഉയര്‍ന്നു കേള്‍ക്കുന്നതെന്ന് ഇവര്‍ക്കറിയില്ല.
ദളിതനെ മനുഷ്യനായി പോലും കണക്കാക്കാത്ത ചാതുര്‍ വര്‍ണ്യ വ്യവസ്ഥയുടെ വക്താക്കളാണ് ഇപ്പോള്‍ വേടനെതിരെ വിഷപ്പല്ലുകളുമായി പുറത്തിറങ്ങിയിരിക്കുന്നത്. അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുള്ള അവകാശം നിഷേധിക്കപ്പെടുമ്പോള്‍ വേടന്‍ ഒപ്പം നില്‍ക്കാന്‍ കഴിയേണ്ടത് ജാതിരഹിതമായ ഒരു സമൂഹം സ്വപ്‌നം കാണുന്ന എല്ലാവരുടെയും ഉത്തരവാദിത്വമാണ്.
content highlights: PT. Rahesh writes Criticizing the abuses against rapper Vedan