| Wednesday, 26th August 2026, 12:30 pm

അങ്ങ് പാരീസിൽ നിന്നും ഓണത്തിന്റെ ആരവമെത്തി; ബയേണിന് പിന്നാലെ സർപ്രൈസുമായി പി.എസ്.ജിയും

സുദേവ് എ

ഓണം ആഘോഷിക്കുന്ന ലോകമെമ്പാടുമുള്ള മലയാളികൾക്ക് ആശംസകളുമായി ഫ്രഞ്ച് വമ്പൻമാരായ പാരീസ് സെയ്ന്റ് ജെർമെയ്ൻ. ‘ഇപ്രാവശ്യം ഓണം ഞങ്ങളുടെ കൂടെ ആവാം’ ‘എല്ലാവർക്കും ഓണാശംസകൾ’ എന്ന ക്യാപ്ഷനോടെയാണ് പി.എസ്.ജി മലയാളികൾക്ക് ഓണാശംസകൾ സമ്മാനിച്ചത്.

പോസ്റ്റിൽ പി.എസ്.ജി നായകൻ മാർക്വിഞോസാണ് മുൻ നിരയിലുള്ളത്. പോസ്റ്റിൽ ബ്രസീലിയൻ താരത്തിന് പുറമേ ക്വിച്ച ക്വാരത്‌സ്‌ഖേലിയ, ഫാബിയൻ റൂയിസ്, ഓസ്മാനെ ഡെമ്പലെ എന്നീ താരങ്ങളെയും കാണാം. പോസ്റ്റ് പി.എസ്.സിജിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ടതോടെ നിമിഷങ്ങൾക്കുള്ളിലാണ് മലയാളി ഫുട്ബോൾ ആരാധകർക്കിടയിൽ ഈ പോസ്റ്റ് തരംഗം സൃഷ്ടിച്ചത്.

പി.എസ്.ജി മാത്രമല്ല ജർമൻ വമ്പൻമാരായ ബയേൺ മ്യൂണിക്കും മലയാളികൾക്ക് ഓണം ആശംസകൾ അറിയിച്ചുകൊണ്ട് പോസ്റ്റ്‌ പങ്കുവെച്ചിരുന്നു. ജർമനിയുടെ ഇതിഹാസ ഗോൾകീപ്പർ മാനുവൽ ന്യൂയർ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്ൻ എന്നിവർ അടക്കമുള്ള നാല് താരങ്ങളുടെ ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ടാണ് മലയാളികളുടെ ഓണാഘോഷത്തിൽ ബയേൺ മ്യൂണികും പങ്കുചേർന്നത്.

ജർമൻ വമ്പന്മാരുടെ ആശംസകൾ എത്തിയതിന് പിന്നാലെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ പിടിച്ചു പറ്റി. കമന്റ് ബോക്‌സുകളിലെല്ലാം മലയാളികളുടെ ഫുട്‌ബോൾ ആവേശം നിറഞ്ഞുനിന്നു. മലയാളികളുടെ മാത്രം ആഘോഷമായ ഓണം അങ്ങ് അലയൻസ് അരീനയിലും എത്തിയെന്നാണ് പല ആരാധകരും ആവേശത്തോടെ പങ്കുവെച്ചത്.

അതേസമയം മലയാളികളെ ആവേശത്തിലാഴ്ത്തുന്ന പോസ്റ്റുമായി ഫിഫ പോലും കേരളത്തിലെ ഫുട്ബോൾ ആരാധകർക്കിടയിൽ തരംഗം സൃഷ്‌ടിച്ചിട്ടുണ്ട്. 2022 ഖത്തർ ലോകകപ്പിന്റെ സമയത്ത് കേരളത്തിൽ സ്ഥാപിച്ച സൂപ്പർതാരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസി, നെയ്‌മർ എന്നിവരുടെ കട്ടൗട്ടുകളുടെ ചിത്രങ്ങൾ അടക്കം ഫിഫ പങ്കുവെച്ചിരുന്നു. കേരളത്തിലെ പുള്ളാവൂർ പുഴയുടെ തീരത്ത് സ്ഥാപിച്ചിരുന്ന കട്ടൗട്ടുകളുടെ ചിത്രങ്ങളായിരുന്നു ഫിഫ അന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നത്.

Content Highlight: PSG share onam wishes to kerala football fans

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more